
സെവൻസ് ഫുട്ബോൾ ചെറിയ കളിയല്ല, ഇമ്മിണി വല്യ കളിയാണെന്നു വീണ്ടും വീണ്ടും തെളിയുകയാണ്. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിൽ ഫിഫാ മഞ്ചേരിയും അൽ മദീന ചെർപ്പുളശ്ശേരിയും ഏറ്റുമുട്ടിയപ്പോൾ എടത്തനാട്ടുകരയിലെ ഗ്യാലറി മാത്രമല്ല ഓൺലൈനിലും മത്സരം കാണാൻ ഫുട്ബോൾ ആരാധകർ നിറഞ്ഞു. ഫേസ്ബുക്കിൽ മത്സരം ലൈവായി കണ്ടത് അമ്പത്തി എട്ടായിരം പേരാണ്. കേരളത്തിലെ സെവൻസ് ചരിത്രത്തിൽ ഇത്രയധികം ആളുകൾ ഒരു മത്സരം കാണുന്നത് ഇതാദ്യമാകും.
എടത്തനാട്ടുകരയിൽ ഗ്യാലറി നിറഞ്ഞ്, ടച്ച് ലൈനും കഴിഞ്ഞ് ത്രോ ലൈൻ പോലും കാണാൻ കഴിയാത്ത അത്ര ജനമായിരുന്നു സെവൻസ് ഫുട്ബോളിലെ ഏറ്റവും വലിയ രണ്ടു ശക്തികളായ ഫിഫാ മഞ്ചേരിയും അൽ മദീന ചെർപ്പുളശ്ശേരിയും നേർക്കുനേർ വന്ന ഫൈനൽ കാണാൻ എത്തിയത്. ആ തിരക്കിനിടയിലും കളി ലൈവ് ആയി ഫുട്ബോൾ ആരാധകരിൽ എത്തിച്ചത് കളി കാണാൻ എത്തിയ അമീൻ കെ പി എന്ന ഫുട്ബോൾ പ്രേമി ആയിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മത്സരം ലൈവ് വിട്ടു തുടങ്ങിയപ്പോൾ ഇതിത്രയും പേരിലെത്തുമെന്ന് കരുതികാണില്ല.
വിദേശ രാജ്യങ്ങളിൽ നിന്നടക്കമുള്ള മലയാളി ഫുട്ബോൾ സ്നേഹികൾ മത്സരം ലൈവ് ആയി വീക്ഷിച്ചു. കാണികളുടെ ബാഹുല്യം കൊണ്ട് നിരവധി തവണ നിർത്തിവെച്ച മത്സരത്തിൽ ഫ്രാൻസിസിന്റെ ഏക ഗോളിന്റെ ബലത്തിൽ ഫിഫാ മഞ്ചേരി കിരീടം ഉയർത്തി.
പല സെവൻസ് ക്ലബുകളും കമ്മിറ്റികളും മത്സരങ്ങൾ തത്സമയം ജനങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് അരലക്ഷത്തോളം പേർ ഒരു മത്സരം കാണുന്നത്. സെവൻസ് ഫുട്ബോളിന് ഇത്രയും ആരാധകരുണ്ടെന്ന് തിരിച്ചറിഞ്ഞ് അധികൃതർ വരും സീസണുകളിലെങ്കിലും എല്ലാ മത്സരവും ആരാധകരിൽ എത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു വരുമെന്നാണ് സെവൻസ് ആരാധകർ പ്രതീക്ഷിക്കുന്നത്.