മൂന്നിടത്ത് ഇറങ്ങി, രണ്ടിൽ ജയിച്ചു, ഒന്നിൽ പരാജയപ്പെട്ട് ജവഹർ മാവൂർ

ജവഹർ മാവൂരിന് ഇന്നലെ അഖിലേന്ത്യാ സെവൻസിൽ മൂന്നു മത്സരങ്ങൾ. മൂന്നു ഏകദേശം ഒരേ സമയം. മൂന്നും കരുത്തരുമായി. പക്ഷെ ജവഹർ മാവൂർ തളർന്നില്ല. രണ്ടെണ്ണത്തിൽ വിജയിച്ചു കയറിയും ഒന്നിൽ പൊരുതി തോറ്റും ജവഹർ ഇന്നലെ സെവൻസിലെ മികച്ച ടീമായി മാറി. പൊന്നാനിയിൽ ജവഹർ ഇറങ്ങിയത് ലക്കി സോക്കർ ആലുവക്കെതിരെ ആയിരുന്നു. ഏകപക്ഷീയമായ പോരാട്ടം നടന്ന പൊന്നാനിയിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജവഹർ മാവൂർ ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തിയത്. ജവഹറിനു വേണ്ടി അലക്സി ഇരട്ട ഗോളുകളുമായു തിളങ്ങി.

ജവഹറിന്റെ രണ്ടാം വിജയം ചാലിശ്ശേരിയിൽ ആയിരുന്നു. സ്കൈ ബ്ലൂ എടപ്പാളിനെതിരെ ഇറങ്ങിയ ജവഹർ മാവൂർ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ചാലിശ്ശേരിയിൽ ജവഹറിനെ മറികടന്നത്.നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ.

ജവഹറിന്റെ ഇന്നലത്തെ പരാജയം പിറന്നത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്കെതിരെ ആയിരുന്നു. പാലക്കാട് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അൽ മദീന ജവഹറിനെ പരാജയപ്പെടുത്തിയത്. ഇത് സീസണിൽ നാലാം തവണയാണ് ജവഹർ മദീനയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങുന്നത്.

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഇന്നലെ എഫ് സി പെരിന്തൽമണ്ണ ഉസോയുടെ മികവിൽ അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പെരിന്തൽമണ്ണയുടെ വിജയം. ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ആവേശ പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം മൂന്നിനെതിരെ നാലു ഗോളുകൾക്ക് എഫ് സി കൊണ്ടോട്ടിയെ വീഴ്ത്തി. കൊടുവള്ളിയിൽ നടന്ന മത്സരത്തിൽ ഹയർ സബാൻ കോട്ടക്കലിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഉഷാ എഫ് സി തകർത്തു.

Previous articleബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടിനെ വിറപ്പിച്ച് ജയ എഫ് സി തൃശൂർ ഫൈനലിൽ
Next articleകിരീട പോരിൽ പിന്നോട്ടില്ലാതെ ചെൽസിയും സ്പർസും