
സെവൻസ് 2016-17 സീസണിന്റെ ഓർമ്മ പുതുക്കാനായി കഴിഞ്ഞ സെവൻസ് സീസണിലെ മികച്ച നിമിഷങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഫാൻപോർട്ടും സോക്കർസിറ്റിയും കൂടെ. ആദ്യമായി സെവൻസ് 2016-17 സീസൺ കണ്ട മികച്ച പത്തു മത്സരങ്ങളാണ് ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ഒരു മത്സരം ഒരു ലേഖനത്തിൽ എന്ന രീതിയിലാണ് മികച്ച പത്തു മത്സരങ്ങൾ നിങ്ങളിലേക്കെത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്.
മികച്ച 10 മത്സരങ്ങൾ
10 – എഫ് സി തൃക്കരിപ്പൂർ 3-2 ശാസ്താ മെഡിക്കൽസ്
Date: Jan 10 2017
Ground: Wandoor
വണ്ടൂരിന്റെ മൈതാനം ഇത്തവണ കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു ശാസ്താ മെഡിക്കൽസും എഫ് സി തൃക്കരിപ്പൂരും തമ്മിൽ നടന്നത്. റാഫിയും റാസിയും എൻ പി പ്രദീപും ഒക്കെ അണിനിരത്തി ഇറങ്ങിയിട്ടും എഫ് സി തൃക്കരിപ്പൂരിന് ശാസ്തയെ മറികടക്കാൻ ചില്ലറയൊന്നുമല്ല വിയർപ്പ് ഒഴുക്കേണ്ടി വന്നത്.
കളി തീരാൻ ഒരു വിസിൽ മാത്രം ബാക്കിയുള്ളപ്പോൾ സ്കോർ 2-2. അപ്പോഴായിരുന്നു എഫ് സി തൃക്കരിപ്പൂരിനു വേണ്ടി മുഹമ്മദ് റാസിയുടെ മാജിക്. മധ്യനിരയിൽ നിന്ന് പന്തു സ്വീകരിച്ചു ശാസ്ത ഗോൾ മുഖത്തേക്ക് കുതിച്ച റാസിക്കു മുന്നിൽ ശാസ്ത ഗോൾകീപ്പർ താഹ മാത്രം. താഹയെ കബളിപ്പിച്ച് ബോൾ വലയിലെത്തിച്ച് തൃക്കരിപ്പൂരിന് 3-2ന്റെ നാടകീയ ജയം.
മുഹമ്മദ് റാസിയിലൂടെ എഫ് സി തൃക്കരിപ്പൂർ തന്നെയായിരുന്നു ആദ്യം മുന്നിലെത്തിയത്. പക്ഷെ ലയണൽ തോമസ് നയിച്ച ശാസ്താ മെഡിക്കൽസ് പതറിയില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില ഗോളും രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡും ശാസ്ത നേടി. പിറകിൽ പോയിട്ടും പ്രദീപ്-റാസി-റാഫി സംഖ്യം ബാബു കാപ്പിച്ചാലിന്റെ എഫ് സി തൃക്കരിപ്പൂരിനു വേണ്ടി തളരാതെ പൊരുതു. തുടർച്ചയായ ആക്രമണമങ്ങൾക്ക് ഒടുവിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് അബ്ദുള്ള എഫ് സി തൃക്കരിപ്പൂരിന് സമനില നേടിക്കൊടുത്തു.
പിന്നെയായിരുന്നു റാസിയുടെ വീരോചിതമായ അവസാന നിമിഷ വിജയ ഗോൾ. കളിയിലുടനീളം ശാസ്തയുടെ ഗോൾ കീപ്പർ ത്വാഹ നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു.