ആവേശമാവാൻ ഇറ്റലിയിൽ മിലാൻ ഡർബി, ഫ്രാൻസിൽ പോരാട്ടം കടുക്കുന്നു

- Advertisement -

സീരി എയിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ വമ്പൻ ടീമുകൾ വിജയം കണ്ടു. ദുർബലരായ പെസ്കാരക്കെതിരെ 3-0 ത്തിൻ്റെ ആധികാരിക വിജയമാണ് യുവൻ്റെസ് നേടിയത്. പൊരുതി കളിച്ച ഉഡിനേസെക്കെതിരെ 2-1 ൻ്റെ വിജയം സ്വന്തമാക്കാൻ നാപ്പോളിക്കുമായി. ഇതോടെ 13 കളികളിൽ നിന്ന് 33 പോയിന്റുമായി യുവെ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 24 പോയിന്റുമായി നാപ്പോളി 4 മതെത്തി. ഇന്നത്തെ മത്സരങ്ങളിൽ ലീഗിലെ രണ്ടാം സ്ഥാനക്കാരായ റോമക്ക് അറ്റ്ലാൻ്റയാണ് എതിരാളികൾ. നാളെ പുലർച്ചെ 1.15 നാണ് ലോകം കാത്തിരിക്കുന്ന മിലാൻ ഡർബി. ഇൻ്ററിനും എ.സി മിലാനും വളരെ നിർണ്ണായകമാവും ഈ മത്സരം.

ഫ്രാൻസിൽ പി.എസ്.ജിക്ക് ശക്തമായ വെല്ലുവിളി മൊണോക്കയിൽ നിന്നും നീസിൽ നിന്നും നേരിടേണ്ടി വരും എന്ന സൂചനയാണ് സീസൺ ആദ്യം നൽകുന്നത്. ലോറൻ്റെക്കെതിരെ ഫാൽക്കാവോയുടെ മികവിൽ 3-0 ത്തിൻ്റെ ആധികാരിക വിജയമാണ് മൊണോക്ക സ്വന്തമാക്കിയത്. അതേ സമയം നാൻ്റ്സിനെതിരെ 2-0 ത്തിൻ്റെ വിജയം കണ്ട പി.എസ്.ജി പോയിന്റ് നിലയിൽ മൊണോകോക്കും നീസിനും ഒപ്പമെത്തി. കഴിഞ്ഞ കളിയിൽ സീസണിലെ ആദ്യ പരാജയം അറിഞ്ഞ നീസിന് ഇന്നത്തെ മത്സരത്തിലെ സമനിലയോ വിജയമോ ലീഗിലെ ഒന്നാം സ്ഥാനം നൽകും. നീസിനൊപ്പം ഫോം കണ്ടത്താനാവാതെ വിഷമിക്കുന്ന മാഴ്സയും ഇന്ന് മത്സരത്തിനിറങ്ങും.

Advertisement