ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ യുവന്റസ് ഇന്ന് അറ്റ്ലാന്റ്റാക്കെതിരെ

ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ യുവന്റസ് ഇന്നിറങ്ങുന്നു. കരുത്തരായ അറ്റ്ലാന്റായാണ് യുവന്റസിന് എതിരാളികൾ. ഈ ആഴ്ചയിൽ സീരി എയിലും കോപ്പ ഇറ്റാലിയ സെമി ഫൈനലുമായി രണ്ടു തവണയാണ് യുവന്റസിന് അറ്റ്ലാന്റായെ അഭിമുഖീകരിക്കേണ്ടത്. സീരി എയിൽ കുതിക്കുന്ന നാപോളിയെ പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ആയിരിക്കും യുവന്റസിന്റെ ശ്രമം .

ഒരുപോയന്റ് വ്യത്യാസത്തിലാണ് സീരി എയിലെ കിരീടപ്പോരാട്ടം മുന്നോട്ട് പോകുന്നത്. യുവന്റസിന്റെ അര്ജന്റീനക്കാരൻ തരാം ഹിഗ്വെയിൻ പരിക്കിന്റെ പിടിയിലാണ്. യുവതാരം ഫെർണാഡോ ബെർനാഡ്സ്കിയും കളിക്കളത്തിനു പുറത്താണ്. മറ്റൊരു അർജന്റീനക്കാരനായ താരം ഡിബാല ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

തുടർച്ചയായ പത്താം വിജയത്തിനായാണ് അറ്റ്ലാന്റായ്ക്കെതിരെ യുവന്റസ് ഇറങ്ങുന്നത്. കഴിഞ്ഞ ഇരുപത്തിയാറു തവണയും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം യുവന്റസിന്റെ കൂടെയായിരുന്നു. 2018 ഇതുവരെ ഒരു ഗോൾ പോലും യുവന്റസ് സീരി എയിൽ വഴങ്ങിയിട്ടില്ല. ഡെർബിയിൽ വൈറൽ ഫീവർ കാരണം കളിക്കാതിരുന്ന മരിയോ മാൻസുകിച് ടീമിൽ തിരിച്ചെത്തി.

യൂറോപ്പ ലീഗിൽ നിന്നും ഡോർട്ട്മുണ്ടിനോട് പരാജയമേറ്റുവാങ്ങിയാണ് അറ്റ്ലാന്റ കളത്തിൽ ഇറങ്ങുന്നത്. ബ്രയാൻ ക്രിസ്റ്റന്റെ, ജോസിപ് ഇലിസിച്ച് എന്നിവരാണ് അറ്റലാന്റയുടെ ആക്രമണ നിര നിയന്ത്രിക്കുന്നത്. ഓരോ പോയന്റും കിരീടപ്പോരാട്ടത്തിൽ വിലപ്പെട്ടതായതിനാൽ ജയിക്കാൻ വേണ്ടി മാത്രമാകും യുവന്റസ് ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial