മികച്ച ജയവുമായി നാപ്പോളി സീരി എയിൽ ഒന്നാമത്

Screenshot 20211029 041734

ബൊളോഗ്നോയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു നാപ്പോളി ഇറ്റാലിയൻ സീരി എയിൽ 10 മത്സരങ്ങൾക്ക് ശേഷം ഒന്നാം സ്ഥാനത്ത്. ക്യാപ്റ്റൻ ലോറൻസോ ഇൻസിഗ്നെ ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ഫാബിയൻ റൂയിസ് ആണ് നാപ്പോളിയുടെ മറ്റെ ഗോൾ നേടിയത്. മത്സരത്തിൽ വലിയ ആധിപത്യം കാണിച്ച നാപ്പോളി 18 മത്തെ മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് മത്സരത്തിൽ മുന്നിലെത്തിയത്. എൽമാസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഇടതു കാലൻ അടിയിലൂടെയാണ് റൂയിസ് ഗോൾ നേടിയത്. തുടർന്ന് 41 മിനിറ്റിൽ ഇൻസിഗ്നെ പെനാൽട്ടിയിലൂടെ നാപ്പോളിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. വാറിലൂടെ ഗാരി മെഡലിന്റെ ഹാന്റ് ബോളിന് ആണ് നാപ്പോളിക്ക് പെനാൽട്ടി അനുവദിക്കപ്പെട്ടത്.

രണ്ടാം പകുതിയിൽ 62 മിനിറ്റിൽ വിക്ടർ ഒസിമ്ഹാനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഒരിക്കൽ കൂടി ലക്ഷ്യം കണ്ട ഇൻസിഗ്നെ നാപ്പോളി ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ നാപ്പോളിക്ക് ആയി ഏറ്റവും കൂടുതൽ ഗോൾ നേടിയ നാലാമത്തെ താരമായ ഇൻസിഗ്നെ ഇതിഹാസ താരം ഡീഗോ മറഡോണക്ക് വെറും രണ്ടു ഗോളുകൾ മാത്രം പിന്നിലാണ്. മികച്ച ജയത്തോടെ നിലവിൽ 10 കളികളിൽ നിന്നു 28 പോയിന്റുകളുള്ള നാപ്പോളി ലീഗിൽ ഒന്നാം സ്ഥാനത്ത് ആണ്. ലീഗിൽ ഇത്ര തന്നെ പോയിന്റുകൾ എ. സി മിലാനും ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ നാപ്പോളി ആണ് മുന്നിൽ. മിലാന്റെ ഗോൾ വ്യത്യാസം 14 ആണെങ്കിൽ നാപ്പോളിയുടെ ഗോൾ വ്യത്യാസം നിലവിൽ 19 ആണ്. തോൽവിയോടെ നിലവിൽ പന്ത്രണ്ടാം സ്ഥാനത്ത് ആണ് ബൊളോഗ്നോ.

Previous articleതിരിച്ചു വരവിൽ ആദ്യ ലാ ലീഗ ഗോളുമായി ഗ്രീസ്മാൻ, ചുവപ്പ് കണ്ടു സിമിയോണി, വീണ്ടും സമനിലയിൽ കുടുങ്ങി അത്ലറ്റികോ
Next articleവീണ്ടും ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നു എന്നറിയിച്ചു റൊണാൾഡോയും ഭാര്യയും