പിറകെ നിന്ന ശേഷം ജയിച്ച് കയറി ലാസിയോ, കിരീടപോരാട്ടത്തിൽ നിർണായക ജയം

- Advertisement -

ഇറ്റാലിയൻ സീരി എയിൽ ഫിയോരന്റീനക്ക് മേൽ നിർണായക ജയവുമായി ലാസിയോ. മത്സരത്തിൽ ഭൂരിഭാഗം സമയവും പിന്നിൽ നിന്ന ശേഷമാണ് ഇൻസാഗിയുടെ ടീം കിരീടപോരാട്ടത്തിലെ നിർണായക ജയം കണ്ടത്. ലാസിയോ ജയം കണ്ടതോടെ യുവന്റസുമായുള്ള അവരുടെ പോയിന്റ് വ്യത്യാസം വീണ്ടും 4 പോയിന്റുകൾ ആയി. മത്സരത്തിലെ അവസാന നിമിഷം ലാസിയോ പരിശീലകൻ ഇൻസാഗിക്ക് അടക്കം ചുവപ്പ് കാർഡ് കണ്ട മത്സരം വാശിയേറിയത് ആയിരുന്നു. മത്സരത്തിലെ അവസാന നിമിഷങ്ങളിൽ ഫിയോരന്റീന താരം തുസാൻ വ്ലാഹോവിച്ചിനു ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ 8 മഞ്ഞ കാർഡുകൾ ആണ് പിറന്നത്. 25 മിനിറ്റിൽ തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന ഗോൾ നേടിയ ഫ്രാങ്ക്‌ റിബേറിയാണ് ഫിയോരന്റീനക്ക് മത്സരത്തിൽ മുൻ തൂക്കം നൽകിയത്.

ഗോൾ നേടിയ ശേഷം പലപ്പോഴും ലാസിയോ പ്രതിരോധത്തിൽ വലിയ തലവേദന സൃഷ്ടിച്ചു ഫിയോരന്റീന. എന്നാൽ സഹതാരത്തെ ഫിയോരന്റീന ഗോൾ കീപ്പർ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി 67 മിനിറ്റിൽ ലക്ഷ്യം കണ്ട ചിരോ ഇമ്മൊബെയിൽ ലാസിയോയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. സീസണിൽ ലീഗിലെ 28 മത്തെ ഗോൾ ആയിരുന്നു ഇമ്മൊബെയിലിന് ഇത്. തുടർന്ന് വിജയഗോളിനായി ലാസിയോ മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്. ഇതിന്റെ ഫലമായാണ് 82 ലൂയിസ് ആൽബെർട്ടോയുടെ ഗോൾ പിറക്കുന്നത്. ബോക്സിനു പുറത്ത് നിന്ന് മികച്ച ഒരു ഷോട്ടിലൂടെ ആൽബെർട്ടോ ലാസിയോക്ക് വിജയഗോൾ സമ്മാനിച്ചു. കിരീടപോരാട്ടത്തിൽ യുവന്റസിനെ പിന്തുടരുന്ന ലാസിയോക്ക് വളരെ നിർണായകമാണ് ഈ ജയം. അതേസമയം തോൽവി വഴങ്ങിയ ഫിയോരന്റീന ലീഗിൽ 13 മത് ആണ്.

Advertisement