സീരി എയിൽ വീണ്ടും 7 ഗോളുകൾ അടിച്ചു അറ്റലാന്റ,ഇത് ആക്രമണഫുട്‌ബോളിന്റെ പുതിയ മുഖം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ സീരി എയിൽ ഈ സീസണിൽ മൂന്നാം തവണ ഒരു മത്സരത്തിൽ 7 ഗോളുകൾ അടിച്ച് കൂട്ടി അറ്റലാന്റ. ലെക്കെക്ക് എതിരെ അവരുടെ മൈതാനത്ത് 7-2 നു ആണ് ഗാസ്പെരിനിയുടെ യൂറോപ്യൻ ഫുട്‌ബോളിലെ ആക്രമണ ഫുട്‌ബോളിന്റെ പുതിയ മുഖം എന്നു സംശയമില്ലാതെ വിളിക്കാവുന്ന അറ്റലാന്റയുടെ ജയം. ഡൊനാറ്റിയുടെ സെൽഫ്‌ ഗോളിൽ 17 മിനിറ്റിൽ ആദ്യം മുന്നിലെത്തിയ അറ്റലാന്റ 22 മിനിറ്റിൽ സപാറ്റയിലൂടെ ലീഡ് ഉയർത്തി. എന്നാൽ 29 മിനിറ്റിൽ റിക്കാർഡോയിലൂടെയും 39 മിനിറ്റിൽ ഇത്തവണ സ്വന്തം ടീമിനായി ഗോൾ കണ്ടത്തിയ ഡൊനാറ്റിയിലൂടെയും ആതിഥേയർ മത്സരത്തിൽ തിരിച്ചു വന്നു.

എന്നാൽ രണ്ടാം പകുതിയിൽ എതിരാളിയെ അക്ഷരാർത്ഥത്തിൽ തകർക്കുന്ന അറ്റലാന്റയെ ആണ് പിന്നീട് കണ്ടത്. 47 മിനിറ്റിൽ ഇലിസിചിലൂടെ ലീഡ് ഒരിക്കൽ കൂടി ഉയർത്തി അറ്റലാന്റ. 54, 62 മിനിറ്റുകളിൽ തന്റെ രണ്ടും മൂന്നും ഗോളുകൾ കണ്ടത്തി ഹാട്രിക് പൂർത്തിയാക്കുന്ന സപാറ്റയെ ആണ് പിന്നീട് കണ്ടത്. തുടർന്ന് 87 മിനിറ്റിൽ ലൂയിസ് മൂരിയയിലൂടെ ആറാം ഗോൾ കണ്ടത്തിയ അറ്റലാന്റ മലിനോവിസ്കിയിലൂടെ 91 മിനിറ്റിൽ ഏഴാം ഗോളും അടിച്ച് ഗോൾ അടി പൂർണ്ണമാക്കി. ഇതിന് മുമ്പ് ഒക്ടോബറിൽ ഉഡിനേസക്ക് എതിരെയും ജനുവരിയിൽ ടോറിനോക്ക് എതിരെയും അവർ 7 ഗോളുകൾ അടിച്ചിരുന്നു. സീസണിൽ ഇതിനു പുറമെ രണ്ട് തവണ 5 ഗോളുകളും അറ്റലാന്റ അടിച്ചു എന്നു അറിയുമ്പോൾ ആണ് അവരുടെ മുന്നേറ്റത്തിന്റെ മൂർച്ച അറിയുക.

ചാമ്പ്യൻസ് ലീഗ് ആദ്യപാദത്തിൽ 4 ഗോളുകൾ ആണ് അവർ വലൻസിയക്ക് എതിരെയും അടിച്ച് കൂടിയത്. നിലവിൽ ഇതിനകം ലീഗിൽ 70 തിൽ അധികം ഗോളുകൾ ആണ് ഗാസ്പെരിനിയുടെ സ്വപ്നസംഘം 25 മത്സരങ്ങളിൽ നിന്ന് അടിച്ച് കൂട്ടിയത്. തോൽവിയോടെ ലേക്കെ 16 മത് ആയപ്പോൾ ജയം അറ്റലാന്റയെ നാലാം സ്ഥാനത്ത് നിലനിർത്തി. ചാമ്പ്യൻസ് ലീഗിലും തങ്ങളുടെ സ്വപ്നകുതിപ്പിന് തന്നെ ആവും അറ്റലാന്റയുടെ ശ്രമം. എന്നും പ്രതിരോധത്തിന് പേരു കേട്ട ഇറ്റലിയിൽ ആക്രമണ ഫുട്‌ബോളിന്റെ പുതിയ വീരഗാഥ രചിക്കുക ആണ് ഗാസ്പെരിനിയുടെ അറ്റലാന്റ.