യുവന്റെസിന് ആര് മണി കെട്ടും? സീരി എക്ക് ഇന്ന് തുടക്കം

- Advertisement -

മാക്‌സിം അല്ലഗ്ഗരിക്കും സംഘത്തിനേയും തുടർച്ചയായ റെക്കോർഡ് കിരീടനേട്ടത്തിൽ നിന്ന് ആര് തടയിടും എന്നത് തന്നെയാവും ഇറ്റലിയിലെ പ്രധാന ചോദ്യം. ചൈനയിൽ നിന്നുള്ള പുതിയ ഉടമകൾ പഴയ പ്രതാപത്തിലേക്ക് എ.സി മിലാനെ എത്തിക്കും എന്ന ഉറപ്പിൽ വരുത്തിയ വമ്പൻ ട്രാൻസ്ഫറുകൾ എങ്ങനെ സീരി എയിലെ ശക്തി സമവാക്യങ്ങൾ മാറ്റി എഴുതും എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ഒപ്പം കഴിഞ്ഞ തവണ രണ്ടാമതെത്തിയ റോമ പരിശീലകൻ സ്പലേറ്റിയുടേതും, ഇതിഹാസ താരം ടോട്ടിയുടേതും അഭാവത്തിൽ എങ്ങനെ കളിക്കും എന്നതും പ്രധാന ചോദ്യമാണ്. കഴിഞ്ഞ കുറെ സീസണുകളായി ശക്തമായ പ്രകടനം പുറത്തെടുക്കുന്ന നാപ്പോളിയും കൂടി എത്തുന്നതോടെ കിരീടപോരാട്ടം മുമ്പത്തേക്കാളും കടുക്കും എന്നതുറപ്പാണ്. ഒപ്പം വലിയ താരങ്ങളെ ടീമിലെത്തിക്കാനായില്ലെങ്കിലും മുൻ റോമ പരിശീലകൻ ലൂസിയാനോ സ്പെലേറ്റിയെ ടീമിലെത്തിച്ച ഇന്റർ മിലാനെയും അത്ര എളുപ്പം എഴുതി തള്ളാനാവില്ല.

വിൻസെൻസോ മൊണ്ടേലക്ക് കീഴിയിൽ ഇറങ്ങുന്ന എ.സി മിലാനിലാണ് യൂറോപ്പിൽ സകലരുടേതും കണ്ണ്. വമ്പൻ ട്രാൻസ്ഫറുകളുമായി വാർത്തകൾ സൃഷ്ടിച്ച അവർ കിരീടത്തേക്കാൾ ആദ്യ നാലിലേക്കുള്ള തിരിച്ച് വരവിനാവും ശ്രമിക്കുക. ബെനൂച്ചിയെ യുവെയിൽ നിന്ന് റാഞ്ചിയ അവർ റിക്കാർഡോ റോഡിഗ്രസ്, ഹക്കാം ചലബോ, ആന്ദ്ര സിൽവ തുടങ്ങി ഒരു കൂട്ടം പ്രതിഭകളേയും ടീമിലെത്തിച്ചു. യൂറോപ്പ ലീഗ് യോഗ്യതാ മത്സരം 6-O ത്തിന് ജയിച്ച അവർ എല്ലാരും കരുതിയിരിക്കുന്നത് നല്ലതാണെന്ന സൂചനയാണ് നൽകിയത്. മറുവശത്ത് വലിയ ട്രാൻസ്ഫറുകൾ ഇല്ലെങ്കിലും പെരിസിച്ച്, ഇക്ക്വാർഡി എന്നിവരെ നിലനിർത്താനായ ഇന്റർ പൂർണ്ണമായും സ്പെലേറ്റിയുടെ തന്ത്രങ്ങളിലാവും പ്രതീക്ഷ വക്കുക. കഴിഞ്ഞ പ്രാവശ്യം ചെറിയ വ്യത്യാസത്തിൽ നഷ്ടമായ ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെയാവും ഇന്ററിന്റേയും ലക്ഷ്യം. നാളെയാണ് ഇന്റർ, എ.സി മിലാൻ ടീമുകൾ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുക.

ടീമിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം പ്രതിരോധത്തിൽ ബെനൂച്ചി, ഡാനി ആൽവസ് എന്നീ പ്രമുഖരെ നഷ്ടമായെങ്കിലും യുവന്റെസിന്റെ കരുത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. പരിചയസമ്പന്നനായ ഫ്രഞ്ച് മധ്യനിരതാരം മറ്റ്യൂഡിയേയും കഴിഞ്ഞ സീസണിൽ റോമ വല കാത്ത ചെസ്നിയെ ആർസനലിൽ നിന്നും ടീമിലെത്തിച്ച അല്ലഗ്ഗിരി ടീം മുമ്പത്തെക്കാൾ ശക്തമാക്കിയിട്ടുണ്ട് എന്ന് തന്നെ പറയാം. ഇളകാത്ത പ്രതിരോധവും പ്രതിഭകൾ നിറഞ്ഞ മധ്യനിരയും മുന്നേറ്റവും കൂടിയാവുമ്പോൾ യുവന്റെസിന്റെ കിരീടത്തിന് വെല്ലുവിളി ഉയർത്തൽ പ്രയാസം തന്നെയാവും. ഇന്ന് രാത്രി 9.30 തിന് നടക്കുന്ന സീസണിലെ ആദ്യമത്സരത്തിൽ ഗാകിലാരിയാണ് യുവെയുടെ എതിരാളികൾ. കഴിഞ്ഞ സീസണിൽ അത്ര മികവ് പുലർത്താതിരുന്ന അവർ ഹിഗ്വയിനും ഡിബാലയും അടങ്ങുന്ന യുവെ മുന്നേറ്റത്തെ എങ്ങനെ പ്രതിരോധിക്കും എന്നത് തന്നെയാവും മത്സരത്തിന്റെ വിധി എഴുതുക. മികച്ച ജയത്തോടെ സീസൺ തുടങ്ങാനാവും അല്ലഗ്ഗരിയും സംഘവും ഇന്ന് ശ്രമിക്കുക.

നാളെ പുലർച്ചെ 12.15 നാണ് നാപ്പോളി തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുക. ലീഗിലെ പുതുമുഖങ്ങളായ വെറോണക്കെതിരെ വമ്പൻ ജയമാവും ഹാമിഷിക്കും സംഘവും ലക്ഷ്യമിടുക. മൗറീസിയോ സാരിക്ക് കീഴിയിൽ മികച്ച പുരോഗതി കൈവരിക്കുന്ന നാപ്പോളി കിരീടപ്രതീക്ഷയിൽ യുവന്റെസിന് തൊട്ട് താഴെയാണ്. ചാമ്പ്യൻസ് യോഗ്യതാ മത്സരം ജയിച്ച് തുടങ്ങിയ അവർ ലീഗും ജയത്തോടെ തുടങ്ങാനാവും ശ്രമിക്കുക. കഴിഞ്ഞ സീസൺ അവസാനം ടീം വിട്ട സ്പെലേറ്റിയുടെ അഭാവം റോമയെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയണം. പുതിയ പരിശീലകൻ ഡി ഫ്രാൻസെകോക്ക്‌ കീഴിയിൽ ഇറങ്ങുന്ന അവർ ശക്തം തന്നെയാണ്. 2 പതിറ്റാണ്ടിന് ശേഷം ടോട്ടിയില്ലാതെ ഇറങ്ങുന്ന റോമയെ ഡി റോസിയാവും നയിക്കുക. കഴിഞ്ഞ സീസണുകളിലെ മികച്ച താരം മുഹമ്മദ് സലാഹിനെ ലിവർപൂളിന് നഷ്ടപ്പെട്ടങ്കിലും നൈഗാൾഡൻ, ചെക്കോ എന്നിവരടങ്ങിയ ടീം ശക്തമാണ്. ഒപ്പം കോറലോവിനെ പോലെയുള്ള പരിചയസമ്പന്നർ ടീമിലെത്തിയിട്ടുമുണ്ട്. നാളെയാണ് ലീഗിലെ റോമയുടെ ആദ്യമത്സരം.

ഈ വമ്പന്മാർക്ക് പുറമെ ഫിയോറെന്റീന, ലാസിയോ, ടോറിനോ തുടങ്ങിയവരും ലീഗിൽ ആദ്യ നാലു ലക്ഷ്യമിടുന്നവരാണ്. എന്നാൽ ശക്തരായ യുവന്റെസ്, റോമ, നാപ്പോളി, മിലാൻ ടീമുകളെ മറികടക്കുക എന്നത് അവർക്ക്‌ അത്ര എളുപ്പമാവില്ല. സോണി നെറ്റ് വർക്ക് ആണ് ഇന്ത്യയിൽ സീരി എ പ്രക്ഷേപണം ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement