സാവിച്ച് ലാസിയോയിൽ തുടരും, വെളിപ്പെടുത്തലുമായി താരത്തിന്റെ ഏജന്റ്

20220830 203323

പ്രിമിയർ ലീഗ് വമ്പന്മാരുടെ ഓഫറുകൾ നിരസിച്ചതിന് പിറകെ ലാസിയോ താരം സെർഗെയ് മിലിങ്കോവിച്ച്-സാവിച്ചിന്റെ ഭാവിയെ കുറിച്ചു വെളിപ്പെടുത്തലുമായി താരത്തിന്റെ ഏജന്റ് കെസ്മാൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സാവിച്ചിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്. താരം തത്കാലം ലാസിയോയിൽ തന്നെ തുടരുമെന്ന് കെസ്മാൻ പറഞ്ഞു. മറിച്ച് സംഭവിക്കണമെങ്കിൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ലാസിയോ ആവശ്യപ്പെടുന്ന തുക നൽകാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഓഫറുമായി എത്തിയ ഒരു ടീമിനും സാധിച്ചില്ല. ചെൽസി കോച്ച് തോമസ് ടൂഷലിന് താരത്തെ ഇഷ്ടമായിരുന്നു എന്നും ചെൽസിയുടെ മുൻഗണന പ്രതിരോധത്തിലേക്ക് ആളെ എത്തിക്കുന്നതിൽ ആയിരുന്ന എന്നും കെസ്മാൻ കൂട്ടിച്ചേർത്തു. നേരത്തെ ആഴ്‌സനൽ, ന്യൂകാസിൽ തുടങ്ങിയവരുടെ ഓഫറുകൾ ലാസിയോ തള്ളിയിരുന്നു. “ഇറ്റാലിയൻ ടീമുകൾക്ക് സാവിച്ചിന്റെ സാലറി താങ്ങാൻ ആവില്ല” ഏജന്റ് പറഞ്ഞു.

2024ൽ സാവിച്ചിന്റെ കരാർ അവസാനിക്കും. കരാർ പുതുക്കാൻ താരം തയ്യാറല്ല എങ്കിൽ എത്രയും പെട്ടെന്ന് വിറ്റ് പണം നേടാൻ തന്നെയാവും ലാസിയോ ശ്രമിക്കുക.