റോമയ്ക്ക് എതിരെ റൊണാൾഡോ നിറം മങ്ങി, പക്ഷെ മാൻഡ്സുകിച് രക്ഷകനായി

- Advertisement -

എത്ര കരുത്തരായാലും യുവന്റസിന് മുന്നിൽ തകർന്ന് അടിയുന്ന പതിവ് റോമ ആവർത്തിച്ചു. സീരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റോമ പരാജയപ്പെട്ടത്. കടുത്ത പോരാട്ടമായിരുന്നു ഇന്നലെ നടന്നത്. കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും ആയില്ല. യുവന്റസിന് ലഭിച്ച സുവർണ്ണാവസരങ്ങൾ വന്നു പെട്ടത് ഡിഫൻഡറായ സാൻട്രോയ്ക്ക് മുന്നിൽ ആയിരുന്നു. പക്ഷെ സാൻട്രോയുടെ ഫിനിഷിംഗ് പിഴച്ചു. ഒരു മാൻഡ്സുകിച് ഹെഡറാണ് കളിയുടെ വിധി നിർണയിച്ച ഗോളായി മാറിയത്.

ഫാർപോസ്റ്റിൽ നിന്ന് ഒരു ക്ലാസിക് ഹെഡറിലൂടെ ആയിരുന്നു മാൻഡ്സുകിചിന്റെ ഗോൾ. ഈ സീസണിൽ മാൻഡ്സുകിച് ലീഗിൽ നേടുന്ന എട്ടാം ഗോളായിരുന്നു ഇത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിറം മങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. പലപ്പോഴും മിസ് പാസുകളും ദുർബല ടച്ചുകളുമായി റൊണാൾഡോ ആരാധകരെ നിരാശപ്പെടുത്തി.

ഈ ജയം യുവന്റസിനെ 17 മത്സരങ്ങളിൽ നിന്നായി 49 പോയന്റിൽ എത്തിച്ചു. ഇതുവരെ ലീഗിൽ യുവന്റസ് പരാജയം അറിഞ്ഞിട്ടില്ല.

Advertisement