റൊണാൾഡോയ്ക്ക് ഗോൾ, യുവന്റസ് വിജയം തുടരുന്നു

സീരി എയിൽ റൊണാൾഡോ ആദ്യ ഇലവനിൽ തിരികെ എത്തിയ മത്സരത്തിൽ യുവന്റസിന് വിജയം. ഇറ്റാലിയൻ ലീഗിൽ സ്പാലിനെ ആണ് ചാമ്പ്യന്മാർ ഇന്ന് പരാജയപ്പെടുത്തിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് യുവന്റസ് സ്വന്തമാക്കിയത്. ഡിബാല, റൊണാൾഡോ സഖ്യത്തിന്റെ ഗംഭീര പ്രകടനമാണ് ഇന്ന് കാണാൻ കഴിഞ്ഞത്.

റൊണാൾഡോ ഡിബാലയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് ഇന്ന് യുവന്റസ് ഇറങ്ങിയത്. ഇരുവരും തന്നെ ആണ് കളി നിയന്ത്രിച്ചതും. കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നെ പ്യാമിചിന്റെ ഒരു ഗംഭീര ഗോളാണ് യുവന്റസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ഡിബാലയുടെ ഗംഭീര ക്രോസ് ഹെഡറിലൂടെ റൊണാൾഡോ വലയിൽ എത്തിച്ച് വിജയവും ഉറപ്പിച്ചു. റൊണാൾഡോയുടെ സീസണിലെ മൂന്നാം ഗോളാണിത്. റൊണാൾഡോയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും സ്പാൽ ഗോൾകീപ്പറിന്റെ മികവ് വിനയാവുകയായിരുന്നു. വിജയത്തോടെ യുവന്റസ് ഇറ്റാലിയൻ ലീഗിൽ വീണ്ടും ഒന്നാമത് എത്തി.

Exit mobile version