റോമും കീഴടക്കി യുവന്റസ് ഒന്നാമത്

- Advertisement -

അങ്ങനെ സീരി എയിൽ യുവന്റസ് ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി. ഇന്നലെ അതിനിർണായക മത്സരത്തിൽ റോമയെ റോമിൽ ചെന്ന് വീഴ്ത്തിയതോടെയാണ് യുവന്റസ് ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തിയത്. ഗംഭീര ഫോമിൽ ഉള്ള ഡിബാല റൊണാൾഡോ കൂട്ടുകെട്ട് തന്നെയാണ് ഇന്നലെയും യുവന്റസിന് വിജയം നൽകിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസ് വിജയം. കളിയുടെ തുടക്കത്തിൽ തന്നെ നേടിയ രണ്ട് ഗോളുകൾ ആണ് കളി റോമയിൽ നിന്ന് തട്ടിയെടുത്തത്. കളിയുടെ മൂന്നാം മിനുട്ടിൽ ഡെമിറാലിന്റെ വക ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ. ഡിബാല എടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ആ ഗോൾ പിറന്നത്. പിന്നാലെ ഡിബാല നേടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റൊണാൾഡോ ലീഡ് ഇരട്ടിയാക്കി.

68ആം മിനുട്ടിൽ പെരോട്ടി നേടിയ പെനാൾട്ടിയിലൂടെ റോമ കളിയിലേക്ക് തിരികെ വന്നു എങ്കിലും അവർക്ക് യുവന്റസിനെ വിജയത്തിൽ നിന്ന് തടയാൻ ആയില്ല. 2014ന് ശേഷം ആദ്യമായാണ് യുവന്റസ് റോമയുടെ ഹോം ഗ്രൗണ്ടിൽ ഒരു മത്സരം വിജയിക്കുന്നത്. ജയത്തോടെ 48 പോയന്റുമായി യുവന്റസ് ലീഗിൽ ഒന്നാമത് എത്തി. കഴിഞ്ഞ ദിവസം സമനില വഴങ്ങിയിരുന്ന ഇന്റർ മിലാൻ 46 പോയന്റുമായി രണ്ടാമത് നിൽക്കുകയാണ്.

Advertisement