സ്മാളിംഗിന്റെ ഗോളിൽ ജോസെയുടെ റോമക്ക് രണ്ടാം വിജയം

സീരി എയിൽ എ എസ് റോമയ്ക്ക് രണ്ടാം വിജയം. ഇന്ന് റോമിൽ നടന്ന മത്സരത്തിൽ ക്രമോനിസയെ നേരിട്ട റോമ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് നേടിയത്‌. ഒരുപാട് ഗോളടിക്കാനുള്ള അവസരങ്ങൾ റോമ സൃഷ്ടിച്ചു എങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല എന്നത് റോമയെ വലിയ വിജയത്തിൽ നിന്ന് തടഞ്ഞു.

20220822 234534

ആദ്യ പകുതിയിൽ തന്നെ ടാമി അബ്രഹാമും ഡിബാലയും സനിയോളയും എല്ലാം ഗോളിന് അടുത്ത് എത്തി. പക്ഷെ അപ്പോഴെല്ലാം ക്രമോനിസെ ഗോൾ കീപ്പർ റാഡുവിന്റെ മികവ് കളി ഗോൾ രഹിതമായി നിർത്തി. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ക്രിസ് സ്മാളിംഗ് ആണ് റോമക്ക് ലീഡ് നൽകിയത്. പെലെഗ്രിനിയെടുത്ത കോർണർ സ്മാളിംഗ് ഒരു ഹെഡറിലൂടെ വലയിൽ എത്തിക്കുക ആയിരുന്നു.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ റോമക്ക് 6 പോയിന്റ് ഉണ്ട്. ആദ്യ മത്സരത്തിൽ അവർ സലർനിറ്റനയെയും പരാജയപ്പെടുത്തിയിരുന്നു.