റെക്കോർഡ് വിജയവുമായി നാപ്പോളി, യുവന്റസ് ഇന്ററിനെതിരെ.

സീരി എയിൽ എവേ മത്സരത്തിലെ തങ്ങളുടെ ഏറ്റവും വലിയ ജയമാണ് നാപ്പോളി ബൊളോഗാനക്കെതിരെ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ആഘോഷിച്ചത്. സൂപ്പർ താരങ്ങളായ മെർട്ടൻസും, ഹാമ്ഷിക്കും ഹാട്രിക്ക് നേടിയപ്പോൾ 7-1 നായിരുന്നു നാപ്പോളി ജയം. ഇരു ടീമുകളും 10 പേരായി ചുരുങ്ങിയ മത്സരത്തിൽ നാപ്പോളി സമ്പൂർണ്ണ ആധിപത്യം പുലർത്തി. ജയത്തോടെ ലീഗിൽ യുവന്റസിന് പിറകെ രണ്ടാമതെത്താനും അവർക്കായി. നാപ്പോളിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാവാൻ ക്യാപ്റ്റൻ ഹാമ്ഷിക്കിന് സാധിച്ച മത്സരം കൂടിയായിരുന്നു ഇത്. സാക്ഷാൽ ഡീഗോ മറഡോണ മാത്രമാണ് ഇനി ഹാമ്ഷിക്കിന് മുമ്പിലുള്ളത്.

ലീഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ വൈകിട്ട് 5 മണിക്ക് കരുത്തരായ എ.സി മിലാൻ സന്തോറിയയെ നേരിടും. രാത്രി 7.30 തിനു നടക്കുന്ന മത്സരങ്ങളിൽ ലാസിയോ പാസ്കാരയേയും ടോറിനോ എമ്പോളിയേയും നേരിടും. നാളെ പുലർച്ചെ 1.15 നാണ് ലീഗിലെ സൂപ്പർ പോരാട്ടം അരങ്ങേറുക. ലീഗിൽ 3 പോയിന്റ്  മാത്രം മുമ്പിൽ ഒന്നാമതുള്ള യുവന്റസ് സീസണിലാദ്യം ഇന്റർ മിലാനൊടേറ്റ തോൽവിക്ക് പകരം വീട്ടാനാവും ഇറങ്ങുക. ഇരു ടീമുകളും മികച്ച ഫോമിലായതിനാൽ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം. യുവെയുടെ ഹിഗ്വയിൻ, ഡൈബാല സഖ്യവും ഇന്ററിന്റെ  ഇക്ക്വാർഡി, പെരിസിച്ച് സഖ്യവും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാവും ഇത്. കിരീടം തന്നെ ലക്ഷ്യമിടുന്ന റോമ ബുധനാഴ്ച്ച പുലർച്ചെ 1.15 നു നടക്കുന്ന മത്സരത്തിൽ കരുത്തരായ ഫിയോറെന്റീനയും നേരിടും.

Previous articleയൂത്ത് ഐ ലീഗ്; റെഡ് സ്റ്റാറിനെ പരാജയപ്പെടുത്തി ബെംഗളൂരു സെമിയിൽ
Next articleനീസിനെ തകർത്ത് മൊണാക്കോ ലീഗിൽ ഒന്നാമത്.