താരമായി റാംസി, ഗോളുമായി റൊണാൾഡോയും, യുവന്റസ് വിജയ വഴിയിൽ

രണ്ട് സമനിലകൾക്ക് ശേഷം യുവന്റസ് വീണ്ടും വിജയ വഴിയിൽ. ഇന്ന് ഇറ്റാലിയൻ ലീഗിൽ ഹെല്ലാസ് വെരോണയെ ആണ് പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയമാണ് യുവന്റസ് സ്വന്തമാക്കിയത്. തന്റെ ആദ്യ സ്റ്റാർട്ടിൽ തന്നെ താരമായി മാറിയ റാംസിയാണ് ഇന്ന് വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

ഡിബാലയെ ആദ്യ ഇലവനിൽ ഇറക്കിയാണ് ഇന്ന് യുവന്റസ് ഇറങ്ങിയത്. കളിയുടെ തുടക്കത്തിൽ താളം കണ്ടെത്താൻ യുവന്റസ് കഷ്ടപ്പെട്ടു. കളിയുടെ 20ആം മിനുട്ടിൽ ഒരു പെനാൾട്ടിയും യുവന്റസ് വഴങ്ങി. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല എങ്കിലും അതിനു പിന്നാലെ ഒരു ഗംഭീര സ്ട്രൈക്കിലൂടെ വെലോസോ ഹല്ലാസിനെ മുന്നിൽ എത്തിച്ചു. എന്നാൽ പത്ത് മിനുട്ടുകൾക്കകം തിരിച്ചടിക്കാൻ യുവന്റസിനായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസ് സ്വീകരിച്ച് ഒരു ഗംഭീര സ്ട്രൈക്കിലൂടെ റാംസിയാണ് യുവന്റസിനെ ഒപ്പം എത്തിച്ചത്. പിന്നെ കളി യുവന്റസിന്റെ നിയന്ത്രണത്തിൽ ആയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ റൊണാൾഡോ യുവന്റസിനെ മുന്നിൽ എത്തിക്കുകയും ചെയ്തു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും പിന്നീട് ഗോളുകൾ നേടാൻ യുവന്റസിനായില്ല. വിജയത്തോടെ യുവന്റസ് ഇറ്റാലിയൻ ലീഗിൽ വീണ്ടും ഒന്നാമത് എത്തി.

Previous articleഓരോ ഫോര്‍മാറ്റിലും ഓരോ കോച്ചെന്നതിനോട് പ്രിയമില്ല
Next articleഒരു ഡസൻ ഗോളെങ്കിലും വഴങ്ങുമെന്ന് ഭയന്നു- വാറ്റ്ഫോഡ് ഗോളി ഫോസ്റ്റർ