താൻ രാജിവെക്കില്ല എന്ന് പിർലോ

യുവന്റസ് പരിശീലകനായ പിർലോ താൻ രാജിവെക്കില്ല എന്ന് അറിയിച്ചു. ഇന്നലെ എ സി മിലാനോട് പരാജയപ്പെട്ടതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും സംശയത്തിൽ ആയി നിൽക്കുക ആണ് യുവന്റസ്. ഇപ്പോൾ അവർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇനി ബാക്കിയുള്ളത് മൂന്ന് മത്സരങ്ങൾ മാത്രമാണ്‌. അവസാന ഒമ്പതു സീസണുകളിൽ ലീഗ് കിരീടം നേടിയ യുവന്റസ് ഈ അവസ്ഥയിൽ എത്തിയതിനു കാരണം പിർലോ ആണെന്നാണ് വിമർശകർ പറയുന്നത്‌.

എന്നാൽ താൻ രാജിപോലുള്ള കാര്യങ്ങൾ ചിന്തിക്കുന്നില്ല എന്നും ടീമിനെ മുന്നോട്ട് നയിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്നും പിർലോ പറയുന്നു‌. എന്ത് പ്രയാസങ്ങൾ ഉണ്ടായാലും മുന്നോട്ട് പോകും എന്നും തന്നെ അനുവദിക്കുന്ന കാലത്തോളം ക്ലബിനെ പരിശീലിപ്പിക്കും എന്നും പിർലോ പറഞ്ഞു. താരങ്ങളിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം താൻ പ്രതീക്ഷിക്കുന്നുണ്ട് എന്നും യുവന്റസ് പോലൊരു ക്ലബിൽ കളിക്കുമ്പോൾ ഈ നിലവാരത്തിൽ അല്ല കളിക്കേണ്ടത് എന്നും പിർലോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചില്ല എങ്കിൽ പിർലോയെ യുവന്റസ് പരിശീലക സ്ഥാനത്തു നിന്ന് നീക്കിയേക്കും.