20221101 175624

പുതിയ കരാർ, പിയോളി മിലാന് തന്ത്രങ്ങൾ ഓതും

സ്റ്റെഫാനോ പിയോളിക്ക് എസി മിലാനിൽ പുതിയ കരാർ. വലിയ ഒരിടവേളയ്ക്ക് ശേഷം മിലാനെ വീണ്ടും ഇറ്റലിയിൽ അപ്രമാദിത്വത്തിലേക്ക് നയിക്കുന്ന ഇറ്റലിക്കാരന്റെ സേവനം നീട്ടുന്നതിൽ ടീം മാനേജ്‌മെന്റിന് യാതൊരു സന്ദേഹവും ഉണ്ടായിരുന്നില്ല. പിയോളിക്ക് കീഴിൽ തന്നെ ടീം കെട്ടിപ്പടുക്കുന്നത് തുടരാൻ ആണ് മിലാൻ ആഗ്രഹിക്കുന്നത്. മൂന്ന് വർഷത്തേക്ക് കൂടിയാണ് പുതിയ കരാർ. 2025 വരെ മിലാനിൽ തുടരാൻ അദ്ദേഹത്തിനാവും. വരുമാനത്തിൽ കാര്യമായ വർധനവ് തന്നെ പിയോളിക്ക് മിലാൻ നൽകിയിട്ടുണ്ട്.

അഞ്ച് ലക്ഷം യൂറോയുടെ വർധനവ് ആണ് പുതിയ കരാറിൽ ഉള്ളത്. ഇതോടെ വാർഷിക വരുമാനം 4.1 മില്യൺ യൂറോ ആവും. ഇറ്റാലിയൻ ലീഗും ചാംപ്യൻസ് ലീഗും വിജയിക്കുന്ന മുറക്ക് വമ്പൻ ബോണസുകളും പിയോളിയെ കാത്തിരിക്കുന്നുണ്ട്. 2019ലാണ് പിയോളി മിലാനിൽ എത്തുന്നത്. 153 മത്സരങ്ങളിൽ ഇതുവരെ ടീമിന് തന്ത്രങ്ങൾ ഓതി. ഒരു ദശകത്തിന് ശേഷം ഇറ്റാലിയൻ ചാമ്പ്യന്മാർ ആവാനും ചാംപ്യൻസ് ലീഗിൽ തുടർച്ചായി മുഖം കാണിക്കാനും ടീമിന് സാധിച്ചു.

Exit mobile version