സീരി എയിൽ മികച്ച ഗോൾ കീപ്പർ ആയി ജിറൂദ്!!

സീരി എയിലെ കഴിഞ്ഞ മാച്ച് വീക്കിലെ മികച്ച ടീം സീരി എ പ്രഖ്യാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ട് എ സി മിലാൻ സ്ട്രൈക്കർ ജിറൂദ് ഗോൾ കീപ്പർ ആയി ടീം ഓഫ് ദി വീക്കിൽ ഉൾപ്പെട്ടു. എ സി മിലാന്റെ അവസാന മത്സരത്തിൽ ജിറൂദ് ഗോൾ കീപ്പർ വേഷം അണിയേണ്ടി വന്നിരുന്നു. ഫിയൊറെന്റിനക്ക് എതിരായ എവേ മത്സരത്തിൽ അവസാനം എ സി മിലാൻ ഗോൾ കീപ്പർ മൈഗ്നൻ ചുവപ്പ് കണ്ട് പുറത്ത് പോയിരുന്നു.

അതുകൊണ്ട് വേറെ വഴി ഇല്ലാതെ ജിറൂദ് ഗോൾ കീപ്പർ ആകേണ്ടി വന്നിരുന്നു. അവസാനം ഒരു നിർണായക സേവ് നടത്തി ജിറൂദ് എ സി മിലാന്റെ ഹീറോയും ആയി. ജിറൂദിന്റെ ആ സേവ് വീഡിയോ വൈറലായിരുന്നു. മത്സരം 1-0 എന്ന സ്കോറിന് മിലാൻ വിജയിക്കുകയും ചെയ്തു. അവർ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌.

Team of the Week:

യുവന്റസ് വീണ്ടും വിജയവഴിയിൽ; ടോറിനോയെ ഡർബിയിൽ കീഴടക്കി

ടുറിൻ ഡർബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം കണ്ടെത്തി യുവന്റസ്. മിലിക്, ഗാട്ടി എന്നിവരുടെ ഗോളാണ് ഇന്ന് നടന്ന മത്സരത്തിൽ ടോറിനോയെ കീഴടക്കാൻ യുവന്റസിനെ സഹായിച്ചത്. രണ്ടാം പകുതിയിൽ ആണ് ഇരു ഗോളുകളും പിറന്നത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താൻ യുവന്റസിനായി. കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയോട് സമനില വഴങ്ങേണ്ടി വന്നിരുന്നു അല്ലേഗ്രിക്കും സംഘത്തിനും. ടോറിനോ പന്ത്രണ്ടാമതാണ്.

അഞ്ചാം മിനിറ്റിൽ തന്നെ തിമോതി വേയ് എതിർ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധിക്കപ്പെട്ടതോടെ യുവന്റസിന്റെ ആഹ്ലാദം അവസാനിച്ചു. ലസാരോയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഫ്രീകിക്കിൽ നിന്നും ബ്രെമറിന്റെ ഹെഡറും ലക്ഷ്യം കണ്ടില്ല. ബെല്ലനോവായിലൂടെ ടോറിനൊക്ക് ലഭിച്ച അവസരവും മുതലെടുക്കാൻ ആയില്ല.

രണ്ടാം പകുതിയുടെ തുടക്കം മുതൽ യുവന്റസ് ആദ്യ പകുതിയിലെ പിഴവുകൾ പരിഹരിച്ചു. 47ആം മിനിറ്റിൽ അവർ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ പന്ത് ബോക്സിനുള്ളിൽ കൂട്ടപ്പേരിച്ചിൽ സൃഷ്ടിച്ചപ്പോൾ ഒടുവിൽ ഫെഡറിക്കോ ഗാട്ടി ഗോൾ വല കുലുക്കി. ഇത്തവണയും ഓഫ്സൈഡ് കൊടി ഉയർന്നെങ്കിലും നീണ്ട വാർ പരിശോധനക്ക് ശേഷം ഒടുവിൽ ഗോൾ അനുവദിക്കുക തന്നെ ചെയ്തു. 62ആം മിനിറ്റിൽ യുവന്റസ് ലീഡ് ഇരട്ടിയാക്കി. കോർണറിൽ നിന്നാണ് ഗോൾ വന്നത് കോസ്റ്റിച്ചിന്റെ തകർപ്പൻ ക്രോസിൽ മിലിക്ക് ഹെഡർ ഉതിർത്തപ്പോൾ കീപ്പർ തട്ടിയകറ്റുകയായിരുന്നു. എന്നാൽ കോസ്റ്റിച്ച് തന്നെ എടുത്ത കോർണറിൽ മിലിക്കിന് പിഴച്ചില്ല. താരത്തിന്റെ ഹെഡർ വലയിൽ പതിച്ചു. സപാറ്റയുടെ ശ്രമം ഷെസ്നി കൈപ്പിടിയിൽ ഒതുക്കി. സെനാബ്രിയയുടെ ആക്രോബാറ്റിക്ക് ശ്രമം പോസ്റ്റിലിരുമി കടന്ന് പോയി.

രണ്ടാം സാംപിളും പോസിറ്റീവ്; പോഗ്ബക്ക് നാല് വർഷം വരെ വിലക്കിന് സാധ്യത

ഉത്തേജക പരിശോധനക്ക് വിധേയമാക്കിയ രണ്ടാം സാംപിളും ടെസ്റ്റോസ്റ്റിറോൺ സാന്നിധ്യം സ്ഥീരീകരിച്ചതോടെ പോൾ പോഗ്ബക്ക് വലിയ തിരിച്ചടി. ഇതോടെ നാല് വർഷത്തേക്ക് ഫുട്‌ബോളിൽ നിന്നും വിലക്ക് വരെ താരത്തിന് നേരിടേണ്ടി വന്നേക്കും എന്നാണ് റീപോർട്ടുകൾ. ഇതോടെ പോഗ്ബയുടെ കരിയറിന് മുകളിൽ തന്നെ കരിനിഴൽ മൂടിയിരിക്കുകയാണ്.

അതേ സമയം ചില മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം താൻ കഴിക്കുന്നതായി പോഗ്ബ നേരത്തെ സമ്മതിച്ചിരുന്നു. ആദ്യ സാംപിളിന് പിറകെ രണ്ടാം സാംപിളും പോസിറ്റീവ് ആയതോടെ വലിയ നടപടികൾ ആവും താരത്തിന് ഇനി നേരിടേണ്ടി വരിക. രണ്ടു വർഷം വരെയുള്ള ജയിൽ ശിക്ഷ വരെ ഇതിന് ലഭിച്ചേക്കാം എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം താരം ബാൻ നേരിടുകയാണെങ്കിൽ യുവന്റസും തങ്ങളുടെ കരാർ റദ്ദാക്കുന്നത് അടക്കമുള്ള നീക്കങ്ങൾ നടത്തിയേക്കും എന്നാണ് സൂചന. ആറു മാസത്തിന് മുകളിൽ താരത്തിന് സസ്‌പെൻഷൻ ഉറപ്പാണെങ്കിൽ ക്ലബ്ബിന് ഏകപക്ഷീയമായി കരാർ രാധക്കാനുള്ള അവകാശവും ഉണ്ട്. ഏതായാലും പരിക്ക് വലച്ച കരിയറിൽ വലിയൊരു പുതിയ പ്രതിസന്ധിയാണ് പോഗ്ബക്ക് മുന്നിൽ ഉയർന്നിരിക്കുന്നത്.

ഗോൾരഹിതം; യുവന്റസിനെ പിടിച്ചു കെട്ടി അറ്റലാന്റ

ഇറ്റാലിയൻ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിനെതിരെ സമനില നേടി അറ്റലാന്റ. ഗോൾ രഹിതമായി മാറിയ മത്സരത്തിൽ അവസാന അറ്റലാന്റയുടെ സമ്മർദ്ദങ്ങളെയും മറികടന്ന് ഒരു പോയിന്റുമായി യുവന്റസ് കടന്ന് കൂടുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് യുവന്റസ്. ജയം അവരെ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ സഹായിക്കുമായിരുന്നു. അറ്റലാന്റ അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമേ ടീമുകൾക് സൃഷ്ടിച്ചുള്ളൂ. അറ്റലാന്റയുടെ പതിനഞ്ചോളം ശ്രമങ്ങളിൽ രണ്ടെണ്ണം മാത്രം ലക്ഷ്യത്തിന് നേരെ ആയിരുന്നു. പോസെഷനലും ടീമുകൾക് തുല്യത പാലിച്ചു. സപ്പാകോസ്റ്റയുടെ ഷോട്ടിൽ നിന്നും അറ്റലാന്റ ആണ് ആദ്യപകുതിയിലെ മികച്ച ശ്രമം നടത്തിയത്. എന്നാൽ താരത്തിന് ഗോൾ കണ്ടെത്താൻ ആയില്ല. രണ്ടാം പകുതിയിലും കാര്യങ്ങൾ മാറിയില്ല. കീപ്പർമാരെ പരീക്ഷിക്കാൻ ടീമുകൾ മടിച്ചു. 75ആം മിനിറ്റിൽ മുരിയെലിന്റെ തകർപ്പൻ ഒരു ഫ്രീകിക്ക് ഷെസ്നി വമ്പൻ സേവിലൂടെ തട്ടിയകറ്റിയത് യുവന്റസിന് ആശ്വാസമായി. മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നായിരുന്നു ഇത്. പിന്നീട് മുഴുവൻ സമയത്തിനു തെറ്റു മുൻപ് മുരിയെലിന്റെ മറ്റൊരു ഷോട്ട് ഷെസ്നി തടുത്തിട്ടത്തിൽ കൂപ്പ്മെയ്നെഴ്‌സ് വീണ്ടും നിറയൊഴിച്ചെങ്കിലും പന്ത് പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. ഇഞ്ചുറി സമയത്ത് താരത്തിന്റെ മറ്റൊരു ഷോട്ടും പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത് യുവന്റസിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചു. വ്ലാഹോവിച്ച് ടീമിൽ ഇല്ലാതിരുന്നതും അവർക്ക് മുന്നെറ്റത്തിൽ തിരിച്ചടി ആയി.

പെനാൽട്ടി പാഴാക്കി ഒസിമെൻ, ജയം കാണാൻ ആവാതെ നാപോളി

ഇറ്റാലിയൻ സീരി എയിൽ പുതിയ പരിശീലകൻ റൂയി ഗാർഷിയക്ക് കീഴിയിൽ നാപോളിയുടെ മോശം ഫോം തുടരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ജയിക്കാൻ ആവാത്ത അവർ ഇന്ന് ബൊളോഗ്നക്ക് എതിരെ ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു. മത്സരത്തിൽ നിരവധി അവസരങ്ങൾ ആണ് നാപോളി തുറന്നത്. ഒസിമെന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ കവ തനിക്ക് ലഭിച്ച ഓപ്പൺ നെറ്റ് ചാൻസ് പാഴാക്കി.

രണ്ടാം പകുതിയിൽ 72 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റാൻ സൂപ്പർ താരം വിക്ടർ ഒസിമെനു ആയില്ല. ഒസിമെൻ പെനാൽട്ടി പുറത്തേക്ക് അടിച്ചു കളയുക ആയിരുന്നു. 86 മത്തെ മിനിറ്റിൽ തന്നെ പിൻവലിച്ച പരിശീലകന്റെ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തു തന്റെ അസംതൃപ്തി പ്രകടിപ്പിക്കുന്ന ഒസിമെനെയും മത്സരത്തിൽ കണ്ടു. 5 കളികളിൽ നിന്നു 8 പോയിന്റുകളും ആയി ഏഴാം സ്ഥാനത്ത് ആണ് ചാമ്പ്യന്മാർ ആയ നാപോളി ഇപ്പോൾ.

അഞ്ചാം മത്സരത്തിലും ജയം, സീരി എയിൽ ഇന്റർ മിലാൻ കുതിക്കുന്നു

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയം കണ്ടു ഇന്റർ മിലാൻ. എംമ്പോളിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ മറികടന്നത്. മത്സരത്തിൽ പന്ത് നന്നായി കൈവശം വെച്ച ഇന്റർ മിലാൻ ഫെഡറിക്കോ ഡിമാർകോയുടെ ഗോളിൽ ആണ് ജയം കണ്ടത്.

രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ ബോക്സിനു പുറത്ത് നിന്ന് മനോഹരമായ ഒരു വോളിയിലൂടെയാണ് ഡിമാർകോ ഇന്ററിന് ജയം സമ്മാനിച്ചത്. കളിച്ച 5 കളിയും ജയിച്ചു ഇന്റർ ഒന്നാമത് നിൽക്കുമ്പോൾ കളിച്ച അഞ്ചു കളിയിലും ഒരു ഗോൾ പോലും നേടാതെ തോറ്റ എംമ്പോളി അവസാന സ്ഥാനത്ത് ആണ്.

അവിശ്വസനീയ സെൽഫ് ഗോൾ! സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി യുവന്റസ്. സസുവോളക്ക് എതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് യുവന്റസ് പരാജയം ഏറ്റുവാങ്ങിയത്. അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഇരു ടീമുകളും ഒന്നിച്ചു നിന്ന മത്സരത്തിൽ പന്ത്രണ്ടാം മിനിറ്റിൽ ലോറിയെന്റെയുടെ ഗോളിൽ സസുവോള ആണ് ആദ്യം മുന്നിൽ എത്തിയത്. 21 മത്തെ മിനിറ്റിൽ വിനയുടെ സെൽഫ് ഗോളിൽ യുവന്റസ് ഒപ്പമെത്തി. 41 മത്തെ മിനിറ്റിൽ ഡൊമെനിക്കോ ബെറാർഡിയുടെ മികച്ച ഗോളിലൂടെ സസുവോള വീണ്ടും മുന്നിലെത്തി.

78 മത്തെ മിനിറ്റിൽ സമനിലക്ക് ആയുള്ള യുവന്റസിന്റെ ശ്രമം ഫലം കണ്ടു. ചിയേസ അവർക്ക് ആയി സമനില നേടി. എന്നാൽ നാലു മിനിറ്റിനുള്ളിൽ ആന്ദ്രയെ പിനമോണ്ടിയിലൂടെ സസുവോള തങ്ങളുടെ മുൻതൂക്കം തിരിച്ചു പിടിച്ചു. മത്സരത്തിൽ സമനില നേടാനുള്ള യുവന്റസ് ശ്രമങ്ങൾക്ക് ഇടയിൽ 95 മത്തെ മിനിറ്റിൽ പിറന്ന വിചിത്ര ഗോളിൽ സസുവോള ജയം ഉറപ്പിക്കുക ആയിരുന്നു. പോസ്റ്റിൽ ഇല്ലാതിരുന്ന ഗോൾ കീപ്പർ ചെസ്നിക്ക് ആയി ഫെഡറിക്കോ ഗട്ടി നൽകിയ പന്ത് ഗോളായി മാറുക ആയിരുന്നു. നിലവിൽ ലീഗിൽ യുവന്റസ് നാലാമതും സസുവോള പതിനൊന്നാം സ്ഥാനത്തും ആണ്.

ഗോൾ കണ്ടെത്തി ലിയാവോ; വിജയ വഴിയിൽ തിരിച്ചെത്തി എസി മിലാൻ

തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിലും വല കുലുക്കിയ റഫയേൽ ലിയാവോയുടെ മികവിൽ സീരി എയിൽ വേറൊണയെ കീഴടക്കി വിജയ വഴിയിൽ തിരിച്ചെത്തി എസി മിലാൻ. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ററുമായി പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം എത്താനും അവർക്കായി. ഇന്ററിന്റെ ഈ വാരത്തിലെ മത്സരം എംപൊളിയുമായിട്ടാണ്. മൂന്ന് പോയിന്റ് കരസ്ഥമാക്കാൻ സാധിച്ചെങ്കിലും മുന്നേറ്റം തുടർച്ചായി ഗോൾ കണ്ടെത്താൻ വിഷമിച്ചത് മിലാന് ആശങ്ക ഉണർത്തുന്നത് തന്നെയാണ്. എങ്കിലും അവസാന ലീഗ് മത്സരത്തിൽ ഇന്ററിനോട് കനത്ത തോൽവി നേരിട്ട ടീമിന് വിജയം കണ്ടെത്താൻ ആയി.

റഫയേൽ ലിയാവോക്കും ജിറൂഡിനും ഒപ്പം പുലിസിച്ചിനേയും അണിനിരത്തിയാണ് മിലാൻ കളത്തിൽ ഇറങ്ങിയത്. ന്യൂകാസിലിനെതിരായ മത്സത്തിലെ പ്രകടനത്തിൽ നിന്നും ലിയാവോക്ക് ഗോളുമായി തന്നെ തിരിച്ചു വരാൻ സാധിച്ചത് നിർണായകമായി. കൗണ്ടർ അറ്റാക്ക് നീക്കങ്ങൾക്ക് മിലാന് അവസരം ലഭിച്ചെങ്കിലും പലപ്പോഴും എതിർ ബോക്സിൽ വെച്ചു എല്ലാം അവസാനിച്ചു. ഇരു ടീമുകളും ഒരേയൊരു ഷോട്ട് മാത്രമാണ് ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് തൊടുത്തത്. എട്ടാം മിനിറ്റിൽ തന്നെ ലിയാവോ ലക്ഷ്യം കണ്ടു. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ജിറൂഡ് റാഞ്ചിയെടുത്ത ബോൾ ലിയാവോക്ക് കൈമാറുകയായിരുന്നു. വേറൊണ പ്രതിരോധ താരങ്ങളെ അനായാസം വേഗം കൊണ്ട് കീഴടക്കി ബോസ്‌കിലേക്ക് കുതിച്ച താരം കീപ്പറേയും കീഴടക്കി ലക്ഷ്യം കണ്ടു. എട്ടാം മിനിറ്റിലാണ് ഗോൾ പിറന്നത്. പിന്നീട് ഫോളോരുൻഷോയുടെ തകർപ്പൻ ഹെഡറിലൂടെ ആയിരുന്നു വേറൊണയുടെ ഗോൾ നീക്കം. എന്നാൽ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ശ്രമം തട്ടിയകറ്റി കീപ്പർ സ്‌പോർട്ടില്ലോ മിലാന്റെ രക്ഷകനായി.

രണ്ടാം പകുതിയിൽ വേറൊണ കൂടുതൽ മികച്ച നീക്കങ്ങൾ നടത്തി എങ്കിലും സമനില ഗോൾ കണ്ടെത്താൻ ആയില്ല. ബോന്നസോലിയുടെ ശ്രമം കീപ്പർ തടഞ്ഞു. പുലിസിച്ചിന്റെ ശ്രമം വെറോണ കീപ്പറും സേവ് ചെയ്തു. കൗണ്ടർ നീക്കങ്ങളിൽ മിലാൻ അപകടകാരി ആയെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു. സ്പോർടില്ലോയുടെ പാസ് സ്വീകരിച്ച് എതിർ ബോക്സിലേക്ക് കുതിച്ച് യൂനുസ് മൂസ തൊടുത്ത ഷോട്ട് പക്ഷെ കീപ്പർ തട്ടിയകറ്റി. റീബൗണ്ടിൽ ഓകഫോറിനും ലക്ഷ്യം കാണാൻ ആയില്ല. യോവിക്കിലൂടെയും മിലാന് അവസരം ലഭിച്ചെങ്കിലും ലീഡ് ഉയർത്താൻ മാത്രം ആയില്ല.

മിലാൻ ഡർബിയിൽ ഇന്റർ മിലാന്റെ വിളയാട്ട്, നക്ഷത്രമെണ്ണി എ സി മിലാൻ

ഇന്ന് നടന്ന മിലാൻ ഡർബി ഇന്റർ മിലാൻ സ്വന്തമാക്കി. തീർത്തും ഇന്ററിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അഞ്ചാം മിനുട്ടിൽ മിഖിതാര്യൻ ആണ് ഇന്ററിന്റെ ഗോൾ വേട്ട തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് തുറാം കൂടെ ഇന്ററിനായി ഗോൾ നേടി. ആദ്യ പകുതി 2-0ന്റെ ലീഡിൽ ആണ് ഇന്റർ മിലാൻ അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ റാഫേൽ ലിയോയിലൂടെ ഒരു ഗോൾ മടക്കി എ സി മിലാൻ സ്കോർ 2-1 എന്നാക്കി. ഇതൊരു തിരിച്ചുവരവ് ആകും എന്ന് എ സി മിലാൻ ആരാധകർ പ്രതീക്ഷിച്ചു എങ്കിലും പിന്നെ കണ്ടത് ഇന്ററിന്റെ വിളയാട്ട് ആയിരുന്നു. 69ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ പാസിൽ നിന്ന് മിഖിതാര്യൻ വീണ്ടും ഇന്ററിനായി ഗോൾ നേടി. സ്കോർ 3-1.

പിന്നെ ചഹനൊഗ്ലുവും ഫ്രറ്റെസിയും കൂടെ ഗോൾ നേടിയതോടെ ഇന്ററിന്റെ വിജയം പൂർത്തിയായി. ജയത്തോടെ നാലിൽ നാലു വിജയവുമായി 12 പോയിന്റുമായി ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 9 പോയിന്റുള്ള എ സി മിലാൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

ലാസിയോയെ തകർത്തു നയം വ്യക്തമാക്കി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു തങ്ങളുടെ നയം വ്യക്തമാക്കി യുവന്റസ്. ജയത്തോടെ യുവന്റസ് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ലാസിയോ 15 മത് ആണ്. സ്വന്തം മൈതാനത്ത് ലാസിയോക്ക് കൂടുതൽ നേരം പന്ത് നൽകിയെങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് യുവന്റസ് ആയിരുന്നു. മനോഹര നീക്കത്തിന് ഒടുവിൽ ലോകറ്റെല്ലിയുടെ പാസിൽ നിന്നു പത്താം മിനിറ്റിൽ തുസാൻ വ്ലാഹോവിചിലൂടെ യുവന്റസ് മുന്നിൽ എത്തി.

തുടർന്ന് 26 മത്തെ മിനിറ്റിൽ റാബിയോറ്റിന്റെ പാസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ നിന്നു ചിയേസ യുവന്റസിന് രണ്ടാം ഗോൾ നൽകി. ലാസിയോ ഗോൾ കീപ്പറുടെ മികവ് ആണ് അവർ കൂടുതൽ ഗോൾ വഴങ്ങുന്നത് തടഞ്ഞത്. രണ്ടാം പകുതിയിൽ കമാദയുടെ പാസിൽ നിന്നു 64 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോ ഒരു ഗോൾ മടക്കി. എന്നാൽ 3 മിനിറ്റിനുള്ളിൽ മകെൻസിയുടെ പാസിൽ നിന്നു തന്റെ മത്സരത്തിലെ രണ്ടാം ഗോൾ നേടിയ വ്ലാഹോവിച് യുവന്റസ് ജയം ഉറപ്പിക്കുക ആയിരുന്നു.

പരിശീലന സൗകര്യം നൽകിയില്ല; യുവന്റസിനെതിരെ കോടതി കയറാൻ ബോനൂച്ചി

രണ്ടു ഘട്ടങ്ങളിലായി പന്ത്രണ്ട് വർഷമാണ് ലിയാനാർഡോ ബോനൂച്ചി യുവന്റസ് ജേഴ്‌സി അണിഞ്ഞത്. ക്ലബ്ബിന്റെ ഏറ്റവും വിജയകരമായ കാലഘട്ടത്തിൽ പ്രതിരോധത്തിന്റെ നേടും തൂണായി നിന്നു. പലപ്പോഴും ക്യാപ്റ്റന്റെ ആം ബാൻഡ് വരെ അണിഞ്ഞിട്ടുള്ള താരത്തിന്റെ പുതിയ നീക്കം പക്ഷെ ആരാധകരെ പോലും ഞെട്ടിക്കുന്നതാണ്. ട്രാൻസ്ഫർ വിൻഡോയിൽ യൂണിയൻ ബെർലിനിൽ എത്തിയ താരം ഇപ്പോൾ യുവന്റസിനെതിരെ കോടതി കയറാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ. തനിക്ക് മതിയായ പരിശീലന സൗകര്യം ഒരുക്കിയില്ല എന്നും, ഇത് തന്റെ പേരിനും പ്രൊഫഷണലിസത്തിനും തിരിച്ചടി ഏൽക്കാൻ കാരണമായെന്നുമാണ് താരത്തിന്റെ വാദമെന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ടീമിനോടുള്ള വ്യക്തിപരമായ വിരോധം അല്ല ഈ നീക്കത്തിന് പിറകിൽ എന്ന് ബോനൂച്ചി അടിവരയിടുന്നു. മറ്റൊരു താരങ്ങൾക്കും ഇനി ഈ സ്ഥിതി നേരിടാൻ ഇടവരരുത് എന്നും അദ്ദേഹം കരുതുന്നു. നേരത്തെ പ്രീ സീസണിന് മുന്നോടിയായി ടീമിന്റെ പദ്ധതികളിൽ ബോനൂച്ചിക്ക് സ്ഥാനമില്ലെന്ന് മാനേജ്‌മെന്റ് താരത്തെ അറിയിച്ചിരുന്നു. യുഎസിലെ മത്സരങ്ങളിലും താരത്തെ ഉൾപ്പെടുത്തിയില്ല. ഇതിന് ക്ലബ്ബ് നൽകിയ കാരണങ്ങൾ വളരെ ദുർബലമായതാണെന്ന് താരം കരുതുന്നു. ഇതിനെല്ലാം പുറമെ ക്ലബ്ബിന്റെ ജിം, റെസ്റ്റോറന്റ്, സ്വിമ്മിങ് പൂൾ മുതലായ സൗകര്യങ്ങളിൽ നിന്നും താരത്തെ വിലക്കി. ഇതാണ് ബനൂച്ചിയെ ചൊടിപ്പിച്ചത്.

കേസ് വിജയിച്ചു നഷ്ടപരിഹാരം ലഭിച്ചാൽ ഈ തുക ടുറിനിലെ റെജിന മാർഗരിറ്റ ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോ സർജറി വിഭാഗത്തിന് സഹായം നൽകുന്ന “ന്യൂറോലാന്റ്” എന്ന അസോസിയേഷന് നൽകാനും താരം തീരുമാനിച്ചു കഴിഞ്ഞതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ കായിക ഉപകരണങ്ങൾ ലേലത്തിൽ സ്പോർട്സ് ക്ലബ്ബ്കൾക്കും സ്‌കൂളുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകുന്ന ലിവ് ഓൺലസ് എന്ന സംഘടനക്കും ഒരു തുക നൽകും.

തന്ത്രങ്ങൾ ഓതാൻ ഇൻസാഗി തന്നെ; ഇന്ററിൽ പുതിയ കരാർ ഒപ്പിട്ടു

സിമോണെ ഇൻസാഗിയുമായി പുതിയ കരാറിൽ ഒപ്പിട്ട് ഇന്റർ മിലാൻ. നിലവിലെ കരാർ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കെ, പുതിയ കരാർ പ്രകാരം 2025 വരെ ടീമിൽ തുടരാൻ കോച്ചിനാവും. നേരത്തെ ആന്റണിയോ കൊന്റെക്ക് പകരക്കാരനായാണ് ഇൻസാഗി ഇന്റർ മിലാനിൽ എത്തുന്നത്. ഇനിസാഗിയുടെ സേവനം നീട്ടി നൽകുന്നതിൽ ആഹ്ലാദം ഇന്റേത് മിലാൻ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു.

ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ററിൽ നേട്ടങ്ങൾ കൊയ്യാൻ ഇൻസാഗിക്ക് സാധിച്ചിരുന്നു. രണ്ടു കോപ്പ ഇറ്റാലിയയും രണ്ടു സൂപ്പർ കപ്പും കരസ്ഥമാക്കി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താനും സാധിച്ചു. ഇത്തവണ ലീഗിൽ മികച്ച തുടക്കം കുറിച്ച ഇന്റർ, മൂന്നിൽ മൂന്നു വിജയവും ആയി ഗോൾ വ്യത്യാസത്തിൽ നഗരവൈരികൾ ആയ എസി മിലാനെ മറികടന്ന് ഒന്നാം സ്ഥാനത്താണ് നിലവിൽ ഉള്ളത്. ഇതുവരെ ഗോളുകൾ ഒന്നും വഴങ്ങിയിട്ടും ഇല്ല. കഴിഞ്ഞ സീസണിന്റെ തുടർച്ച എന്നവണ്ണം ഗംഭീര പ്രകടനം തന്നെയാണ് ഇന്റർ ഉന്നമിടുന്നത്. കൂടുമാറിയ പ്രമുഖ താരങ്ങൾക്ക് മികച്ച പകരക്കാരെ എത്തിച്ച് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താൻ അവർക്കായി. കൂടാതെ ഇൻസാഗിയുടെ തന്ത്രങ്ങൾ കൂടി ആവുമ്പോൾ യൂറോപ്പിലും ആഭ്യന്തര ലീഗിലും മികച്ച പ്രകടനം തന്നെ അവർ പ്രതീക്ഷിക്കുന്നു.

Exit mobile version