ഇന്റർ മിലാന് 18 പോയിന്റിന്റെ ലീഡ്, 5 മത്സരങ്ങൾ കൂടെ ജയിച്ചാൽ കിരീടം

സീരി എയിൽ ഇന്റർ മിലാൻ കിരീടത്തോടെ അടുക്കുന്നു. ഇന്ന് ഇന്റർ ബൊളോണയെ കൂടെ പരാജയപ്പെടുത്തിയതോടെ അവരുടെ ഒന്നാം സ്ഥാനത്തെ ലീഡ് 18 പോയിന്റ് ആയി ഉയർന്നു. ബൊളോനയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്റർ മിലാൻ പരാജയപ്പെടുത്തിയത്‌.

പതിവ് മാറി ഗോൾ കണ്ടെത്താൻ കഴിയാത്ത ഇന്റർ മിലാൻ കഷ്ടപ്പെട്ട മത്സരത്തിൽ യാൻ ബിസെകിന്റെ ഗോളാണ് ഇന്ററിനെ രക്ഷിച്ചത്. 37ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ പിറന്നത്. ഈ വിജയത്തോടെ ഇന്റർ മിലാന് 28 മത്സരങ്ങളിൽ നിന്ന് 75 പോയിന്റ് ആയി. രണ്ടാമതുള്ള യുവന്റസിന് 27 മത്സരങ്ങളിൽ നിന്ന് 57 പോയിന്റ് മാത്രമെ ഉള്ളൂ. ഇനി ശേഷിക്കുന്ന 10 മത്സരങ്ങളിൽ 5 എണ്ണം വിജയിച്ചാൽ തന്നെ ഇന്റർ മിലാന് കിരീടം ഉറപ്പാകും.

ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിൽ, കിരീടം ഉറപ്പിക്കാൻ ഇനി 6 വിജയങ്ങൾ മതി

സീരി എയിൽ ഇന്റർ മിലാൻ കിരീടത്തോടെ അടുക്കുന്നു. ഇന്നകെ ജെനോവയെ കൂടെ പരാജയപ്പെടുത്തിയതോടെ അവരുടെ ഒന്നാം സ്ഥാനത്തെ ലീഡ് 15 പോയിന്റ് ആയി ഉയർന്നു. ജെനോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആണ് ഇന്റർ മിലാൻ പരാജയപ്പെടുത്തിയത്‌.

30ആം മിനുട്ടിൽ അസ്ലനിയും 38ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ സാഞ്ചസും ഇന്റർ മിലാനായി ഗോൾ നേടി. 54ആം മിനുട്ടിൽ വാസ്കസ് ആണ് ജെനോവയുടെ ഗോൾ നേടിയത്.

ഈ വിജയത്തോടെ ഇന്റർ മിലാന് 27 മത്സരങ്ങളിൽ നിന്ന് 72 പോയിന്റ് ആയി. രണ്ടാമതുള്ള യുവന്റസിന് 27 മത്സരങ്ങളിൽ നിന്ന് 57 പോയിന്റ് മാത്രമെ ഉള്ളൂ. ഇനി ശേഷിക്കുന്ന 11 മത്സരങ്ങളിൽ 6 എണ്ണം വിജയിച്ചാൽ തന്നെ ഇന്റർ മിലാന് കിരീടം ഉറപ്പാകും.

ഒന്നാം സ്ഥാനത്തെ ലീഡ് 10 പോയിന്റാക്കി ഉയർത്തി ഇന്റർ മിലാൻ

സീരി എയിൽ ഇന്റർ മിലാൻ വിജയം തുടരുന്നു. അവർ ഇന്നലെ സാലർനിറ്റനയെ നേരിട്ട ഇന്റർ മിലാൻ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ ഇന്റർ മിലാൻ മൂന്ന് ഗോളുകൾ നേടിയിരുന്നു. 17ആം മിനുട്ടിൽ തുറാം ആണ് ഇന്ററിന് ലീഡ് നൽകിയത്. 19ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഫിനിഷ് അവരുടെ ലീഡ് ഇരട്ടിയാക്കി.

നാൽപ്പതാം മിനുട്ടിൽ ഡംഫ്രൈസിലൂടെ ഇന്റർ മിലാൻ മൂന്നാം ഗോളും നേടി. സ്കോർ 3-0. കളിയുടെ അവസാനം അർനാറ്റോവിച് കൂടെ ഗോൾ നേടിയതോടെ ഇന്റർ മിലാന്റെ വിജയം പൂർത്തിയായി. 24 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുമായി ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള യുവന്റസിനേക്കാൾ 10 പോയിന്റ് മുകളിലാണ് ഇന്റർ മിലാൻ ഉള്ളത്.

ബരേല ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും

ഇന്റർ മിലാൻ മിഡ്ഫീൽഡർ നികോളോ ബരെല ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. നാലു വർഷത്തെ കരാർ ആണ് ഇറ്റാലിയൻ താരം ഒപ്പുവെക്കുക. ബരേലയുടെ വേതനം വലിയ തോതിൽ വർധിപ്പിക്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. 5-6 മില്യണോളം താരത്തിന് ഒരു വർഷം വേതനം ലഭിക്കും. 2025വരെ ബരേലക്ക് ഇന്ററിൽ കരാർ ഉണ്ട്. അത് അവസാനിക്കുന്നതിനും മുമ്പ് തന്നെ താരത്തിന്റെ കരാർ പുതുക്കി താരത്തിൽ ഇന്റർ മിലാനിൽ ഉള്ള വിശ്വാസം ക്ലബ് ആരാധകരെ അറിയിക്കുകയാണ്.

2019ൽ കലിയരിയിൽ നിന്നായിരുന്നു ബരേല ഇന്റർ മിലാനിൽ എത്തിയത്. താരം ഇതിനകം 150ൽ അധികം മത്സരങ്ങൾ ഇന്ററിനായി കളിച്ചിട്ടുണ്ട്. ഇന്ററിന്റെ സീരി എ വിജയത്തിലും താരം പ്രധാന പങ്കുവഹിച്ചു. ഇറ്റലിയുടെ യൂറോ കപ്പ് ടീമിലെയും സജീവ സാന്നിദ്ധ്യമായിരുന്നു ബരേല.

ജോസെക്ക് പകരം ഡാനിയൽ ഡി റോസി റോമയുടെ പരിശീലകനാകും

എ എസ് റോമയുടെ പുതിയ പരിശീലകനായി അവരുടെ ഇതിഹാസ താരം ഡാനിയൽ ഡി റോസി വരും. ഈ സീസൺ അവസാനം വരെ നീണ്ടു നിൽക്കുന്ന താൽക്കാലിക കരാറിൽ ആകും ഡി റോസി റോമയിലേക്ക് എത്തുക. ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കുന്നത്. റോമ ഇന്നാണ് ജോസെയെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്‌.

ഡി റോസി റോമയ്ക്ക് ആയി ദീർഘകാലം കളിച്ച താരമാണ്. 19 വർഷങ്ങളോളം അദ്ദേഹം റോമയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. നൂറിൽ അധികം മത്സരങ്ങൾ ഇറ്റാലിയൻ ദേശീയ ടീമിനായി അദ്ദേഹം കളിച്ചിട്ടുണ്ട്. ഇറ്റലിക്ക് ഒപ്പം ലോകകപ്പും നേടിയിട്ടുണ്ട്. ഇറ്റാലിയൻ ടീമായ SPALനെ പരിശീലിപ്പിച്ചിട്ടുമുണ്ട്.

ഇന്റർ മിലാനും ലൗട്ടാരോയും തകർക്കുന്നു!! ലീഗിൽ ഒന്നാമത് തന്നെ

സീരി എയിൽ ഇന്റർ മിലാൻ അവരുടെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ എവേ മത്സരത്തിൽ മോൻസയെ നേരിട്ട ഇന്റർ മിലാൻ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വലിയ വിജയം തന്നെ നേടി. ഇന്റർ മിലാന് മുന്നിൽ പിടിച്ച് നിൽക്കാൻ മോൻസക്ക് ആയില്ല. ആദ്യ 14 മിനുട്ടിൽ തന്നെ ഇന്റർ മിലാൻ 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഇന്റർ മിലാനായി ആദ്യം ഒരു പെനാൾട്ടിയിലൂടെ ഹകൻ ചാഹനൊഗ്ലു ആണ് വല കുലുക്കിയത്.

14ആം മിനുട്ടിൽ ലൗട്ടാരോയിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. 30ആം മിനുട്ടിൽ പെസ്സിനയിലൂടെ ഒരു ഗോൾ മോൻസ മടക്കി. സ്കോർ 2-1. പക്ഷെ 60ആം മിനുട്ടിൽ ചാഹനൊഗ്ലു വീണ്ടും ഇന്ററിനായി വല കുലുക്കി. സ്കോർ 3-1. മറുവശത്ത് പെസ്സിന വീണ്ടും മോൻസക്ക് ആയി ഗോൾ നേടി. സ്കോർ 3-2.

84ആം മിനുട്ടിൽ ലൗട്ടാരോയുടെ പെനാൾട്ടി സ്കോർ 4-2 എന്നാക്കി. 88ആം മിനുട്ടിൽ തുറാം കൂടെ ഗോൾ നേടിയതോടെ ഇന്റർ വിജയം പൂർത്തിയാക്കി‌. ഈ വിജയത്തോടെ ഇന്റർ മിലാൻ 51 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. രണ്ടാമതുള്ള യുവന്റസുമായി 5 പോയിന്റിന്റെ ലീഡ് ഇന്ററിന് ഉണ്ട്. ലൗട്ടാരോ ഈ മത്സരത്തിലെ ഗോളുകളിലൂടെ 18 ഗോളിൽ എത്തി.

നാടകീയമായ ഫിനിഷ്, ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി

സീരി എയിൽ ഇന്റർ മിലാൻ അവരുടെ ആധിപത്യം തുടരുന്നു. ഇന്ന് വെറോണയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. നാടകീയമായ അവസാന നിമിഷങ്ങൾക്ക് ശേഷമാണ് ഇന്റർ മിലാൻ വിജയം നേടിയത്‌. മത്സരത്തിന്റെ തുടക്കത്തിൽ 13ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിലൂടെ ഇന്റർ മിലാൻ ലീഡ് എടുത്തു. ലൗട്ടാരോയുടെ ലീഗിലെ 16സം ഗോളായിരുന്നു ഇത്.

ഈ ഗോളിന് രണ്ടാം പകുതിയിൽ 74ആം മിനുട്ടിൽ തോമസ് ഹെൻറിയിലൂടെ വെറോണ മറുപടി നൽകി‌. 90ആം മിനുട്ട് വരെ ഈ സമനില തുടർന്നു. അവസാനം ഫ്രറ്റെസിയുടെ ഗോളിൽ ഇന്റർ മിലാൻ ലീഡെടുത്തു. അതു കഴിഞ്ഞ് ഇഞ്ച്വറി ടൈമിൽ വെരോണക്ക് സമനില നേടാൻ ഒരു പെനാൾട്ടിയിലൂടെ അവസരം കിട്ടി. പക്ഷെ അത് ലക്ഷ്യത്തിൽ എത്തിക്കാൻ തോമസ് ഹെൻറിക്ക് ആയില്ല. ഇതോടെ ഇന്റർ വിജയം ഉറപ്പിച്ചു.

19 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി ഇന്റർ ഇപ്പോൾ ലീഗിൽ ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള യുവന്റസിനെക്കാൾ 5 പോയിന്റ് ലീഡ് ഇന്ററിനുണ്ട്.

ഒസിമൻ നാപോളിയിൽ കരാർ പുതുക്കും, 130 മില്യൺ റിലീസ് ക്ലോസ്

ഒസിമെൻ നാപോളിയിൽ കരാർ പുതുക്കും എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. സ്‌ട്രൈക്കറുടെ നിലവിലെ കരാർ അടുത്ത സീസണിന്റെ അവസാനത്തോടെ അവസാനിക്കാൻ ഇരിക്കെ ആണ് പുതിയ കരാർ ഒപ്പുവെക്കുന്നു. 2026-ലേക്ക് നീട്ടുന്ന കരാർ ആകും ഒസിമൻ ഒപ്പുവെക്കുക. കൂടാതെ 130 മില്യന്റെ ഒരു റിലീസ് ക്ലോസ് ഉൾപ്പെടുത്താനും നാപോളി തീരുമാനിച്ചു.

ഈ സീസണിൽ 11 സീരി എ ഗെയിമുകളിൽ നിന്ന് ഒസിമെൻ ആറ് ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ പല ടീമുകളും ഒസിമനായി രംഗത്ത് വന്നു എങ്കിൽ നാപോളി വലിയ തുക ചോദിച്ചത് കൊണ്ട് ട്രാൻസ്ഫറുകൾ നടന്നിരുന്നില്ല. ഈ ജനുവരിയിൽ ടീമുകൾ ഒസിമനായി രംഗത്ത് വരാൻ സാധ്യത കാണുന്നു.

ലില്ലെയിൽ നിന്ന് 2020ൽ ആണ് ഒസിമെൻ നാപ്പോളിയിൽ എത്തിയത്. അന്ന് €70 മില്യണോളം താരത്തിനായി നാപോളി ചിലവഴിച്ചിരുന്നു.

അവസാന മിനുട്ടിലെ ഗോളിൽ റോമക്ക് വിജയം

സീരി എയിൽ റോമ തിരികെ ഫോമിലേക്ക് എത്തുന്നു. ഇന്ന് അവർ തുടർച്ചയായ നാലാം വിജയം നേടി. ഇന്ന് ലീഗിൽ മോൻസയെ നേരിട്ട റോമ മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. ഇഞ്ച്വറി ടൈമിൽ ആയിരുന്നു റോമയുടെ ഗോൾ വന്നത്. എൽ ഷരാവിയാണ് വിജയ ഗോൾ നേടിയത്‌. മത്സരത്തിന്റെ അവസാനം പരിശീലകൻ ജോസെ മൗറീനോ ചുവപ്പ് കാർഡ് കാണുന്നതും കാണാൻ ആയി.

ഈ വിജയത്തോടെ റോമ ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 9 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് ആണ് റോമക്ക് ഉള്ളത്. മോൻസ 12 പോയിന്റുമായി 11ആം സ്ഥാനത്ത് നിൽക്കുന്നു.

വാതുവെപ്പ്; ഫാഗിയോലിക്ക് ഏഴ് മാസം സസ്പെൻഷൻ, കൂടുതൽ പേരുകൾ പുറത്ത്

ബെറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇറ്റാലിയൻ ഫുട്ബോളിൽ അലയടിക്കവേ, കേസിലെ ആദ്യ വിധി പുറത്ത്. കേസിൽ ആദ്യം അകപ്പെട്ട യുവന്റസ് താരം നിക്കോളോ ഫാഗിയോലിക്ക് ഏഴു മാസത്തെ സസ്പെൻഷനാണ് പ്രോസിക്യൂഷൻ വിധിച്ചിരിക്കുന്നത് എന്ന് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി. വാതുവെപ്പ് നിർത്താനുള്ള സന്നദ്ധതയാണ് വലിയ നടപടികളിൽ നിന്നും താരത്തെ രക്ഷിച്ചത്. കൂടാതെ സസ്‌പെൻഷൻ കാലാവധിക്ക് പുറമെ അഞ്ച് മാസത്തെ റീഹാബിലിറ്റെഷനും താരം വിധേയനാകും 12,500 യൂറോയുടെ പിഴയും താരത്തിന് മുകളിൽ ചുമത്തിയിട്ടുണ്ട്. മറ്റ് തരങ്ങൾക്കെതിരെയുള്ള നടപടികളും വരും വാരങ്ങളിൽ അറിയാം. എന്നാൽ നടപടികൾ കൂടുതൽ കടുക്കില്ല എന്ന് ഫാഗിയോലിക്കെതിരായ വിധിയിലൂടെ വ്യക്തമായി. വാതുവെപ്പിന്റെ പിടിയിൽ നിന്നും മുക്തി നേടാൻ വൈദ്യ സഹായം തേടാനും താരങ്ങൾ സന്നദ്ധരായിട്ടുണ്ട്.

അതേ സമയം കൂടുതൽ താരങ്ങൾ വാതുവെപ്പിൽ പെട്ടതായുള്ള വെളിപ്പെടുത്തലുകളും ഇറ്റലിയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേസിൽ ആദ്യം വെളിപ്പെടുത്തൽ നടത്തിയ ഫാബ്രിസിയോ കൊറോണ തന്നെയാണ് മറ്റു താരങ്ങളുടെ പേരുകളും പുറത്തു വിട്ടിരിക്കുന്നത്. യുവന്റസ് താരം തന്നെയായ ഫെഡറിക്കോ ഗാട്ടി, ലാസിയോ താരം നിക്കോളോ കസലെ, റോമാ താരം സ്റ്റീഫൻ എൽ ഷരാവി എന്നിവരും വാതുവെപ്പ് നടത്തുന്നുണ്ട് എന്നാണ് കൊറോണയുടെ പക്ഷം. സാനിയോളോ, ടോണാലി എന്നിവരും നേരത്തെ കേസിൽ പെട്ട് അന്വേഷണം നേരിടുകയാണ്. പുതുതായി വെളിപ്പെടുത്തിയ പേരുകൾ ഇതുവരെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. വിധി വന്ന ശേഷം യുവന്റസ് ഫാൻസിനോടും ലോകത്തെമ്പാടുമുള്ള ഫുട്ബോൾ ആരാധകരോടും മാപ്പ് തേടുന്നതായി ഫാഗിയോലി പ്രതികരിച്ചു. അതേ സമയം ഇതിനിടയിൽ മാധ്യമങ്ങളിൽ വന്ന പല വ്യാജവാർത്തകൾക്കും എതിരെ താൻ ഉടൻ സംസാരിക്കും എന്നും താരം കൂട്ടിച്ചേർത്തു.

ടോണാലിക്ക് വാതുവെപ്പ് ആസക്തി ഉണ്ടായിരുന്നതായി ഏജന്റ്, താരത്തെ ഉടൻ ചോദ്യം ചെയ്‌തേക്കും

ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചു കുലുക്കിയ വാതുവെപ്പ് വിവാദത്തിന് പിറകെ സാൻഡ്രോ ടോണാലി വാതുവെപ്പിന് അടിമപ്പെട്ടിരുന്നതായി വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ് ആയ റിസോ. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ താരം ഇതിനെതിരെ പോരാടുമെന്നും ബെറ്റിങ് വിവാദം ഇപ്പോൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങിയത് ഈ ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ താരത്തിനും മറ്റനേകം യുവാക്കൾക്കും മുന്നിൽ വഴിവെച്ചേക്കും എന്നും ഏജന്റ് അഭിപ്രായപ്പെട്ടു. അതേ സമയം നിലവിലെ സംഭവ വികസങ്ങളിൽ ടോണാലി ഞെട്ടലിൽ ആണെങ്കിലും താരം പരിശീലനം തുടരുന്നതായും അടുത്ത മത്സരത്തിൽ കളത്തിൽ ഇറങ്ങാൻ സാധിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു. പിന്തുണ നൽകുന്നതിൽ ന്യൂകാസിൽ ടീമിനോടുള്ള നന്ദിയും റിസോ അറിയിച്ചു.

അതേ സമയം അന്വേഷണ സംഘത്തിന് മുന്നിൽ എത്രയും പെട്ടെന്ന് ഹാജർ ആവനാണ് ടോണാലിയുടെ ശ്രമം എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നീണ്ട സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ നേരിട്ടേക്കും എന്നുറപ്പുള്ള താരം, എത്രയും പെട്ടെന്ന് ഈ കേസിൽ തീരുമാനം ഉണ്ടാവനാണ് ആഗ്രഹിക്കുന്നത് എന്ന് ലാ ഗസെറ്റ റിപ്പോർട്ട് ചെയ്യുന്നു. ബെറ്റിങ് ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ തെറാപ്പിസ്റ്റുകകളുടെ സഹായവും താരം തേടുന്നതായി വാർത്ത വന്നിരുന്നു. കേസിൽ അകപ്പെട്ട മറ്റൊരു താരമായ യുവന്റസിന്റെ ഫാഗിയോലിയുടെ അഭിഭാഷകരും പ്രോസിക്യൂഷനുമായി ചർച്ചകൾ നടക്കുന്നതായും സൂചനകൾ ഉണ്ട്. കേസിൽ ആദ്യം അകപ്പെട്ട താരത്തിന് ഒരു വർഷത്തോളം എങ്കിലും സസ്‌പെൻഷൻ ഉറപ്പാണെന്നിരിക്കെ ഇത് കുറക്കാനുള്ള വഴികൾ തേടുകയാണ് താരത്തിന്റെ അഭിഭാഷകർ.

റൂഡി ഗാർഷ്യയെ പുറത്താക്കിയേക്കും; പുതിയ പരിശീലകനെ തിരഞ്ഞ് നാപോളി, കോന്റെയും പരിഗണനയിൽ

ഫ്‌യോറന്റിനക്കെതിരെ കഴിഞ്ഞ ദിവസം നേരിട്ട കനത്ത തോൽവിയോടെ നാപോളി പരിശീലകൻ റൂഡി ഗർഷ്യയുടെ കസേരക്ക് ഇളക്കം തട്ടുമെന്ന സൂചനകൾ ശക്തമാവുന്നു. എട്ട് ലീഗ് മത്സരങ്ങൾ പിന്നിടുമ്പോഴേക്കും നേരിട്ട രണ്ടു തോൽവികൾ, നിലവിലെ ഇറ്റാലിയൻ ചാംപ്യന്മാരെ ചിന്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഗർഷ്യക്ക് ഇപ്പോൾ അത്ര സുഖകരമായ സാഹചര്യം അല്ല ക്ലബ്ബിൽ ഉള്ളതെന്ന് ഡേ ലോറന്റിസ് കൂടി പറഞ്ഞതോടെ സീസണിന്റെ തുടക്കത്തിൽ തന്നെ പുതിയ പരിശീലകന് വേണ്ടി നാപോളി ശ്രമിച്ചേക്കും എന്നതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഐഗോർ റ്റുഡോർ, ഗ്രഹാം പോട്ടർ, മർസെല്ലോ ഗയ്യർഡോ എന്നിവർക്കൊപ്പം ആന്റോണിയോ കോന്റെയേയും നാപോളി നോട്ടമിട്ടിട്ടുണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അപ്രതീക്ഷിത സാഹചര്യത്തിൽ സ്പലെറ്റി ടീം വിട്ടതോടെയാണ് റൂഡി ഗർഷ്യയെ നാപോളി ടീമിലേക്ക് എത്തിക്കുന്നത്. മുൻപ് റോമാ, മാഴ്സെ, ലിയോൺ, അൽ നാസർ ടീമുകളെ പരിശീപ്പിച്ചിട്ടുള്ള ഗർഷ്യക്ക് പക്ഷെ ഇറ്റലിയിൽ അത്ര നല്ല തുടക്കമല്ല ലഭിച്ചത്. എട്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ വെറും നാല് ജയം അടക്കം അഞ്ചാം സ്ഥാനത്താണ് അവർ. ഒന്നാമതുള്ള മിലാനുമായി ഏഴ് പോയിന്റ് ആണ് അകലം. ഫ്‌യോറന്റിനക്കെതിരായ തോൽവി ടീം മാനേജ്‌മെന്റിനെ ഞെട്ടിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്ന് ഗോളുകളാണ് മത്സരത്തിൽ നാപോളി വഴങ്ങിയത്. കൂടാതെ ഡ്രസിങ് റൂമിലും പ്രശ്നങ്ങൾ ഉള്ളതായി സൂചനയുണ്ട്. ഇതോടെ വരും മത്സരങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിയാതെ വന്നാൽ നാപോളി പുതിയ പരിശീലകനെ എത്തിക്കും എന്നുറപ്പാണ്. അങ്ങനെ എങ്കിൽ ടോട്ടനം വിട്ട ശേഷം മറ്റ് ചുമതലകൾ ഇന്നും ഏറ്റെടുക്കാത്ത കോന്റെയുടെ തിരിച്ചു വരവിനും നാപോളി വഴിയൊരുക്കും.

Exit mobile version