പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ലീഗിൽ എത്തിയതിന് പിന്നാലെ പോർച്ചുഗലിന്റെ സെന്റർ ബാക്ക് ബ്രൂണോ ആൽവേസും സീരി എയിൽ എത്തിയിരിക്കുകയാണ്. പാർമ ക്ലബിലേക്കാണ് ബ്രൂണോ എത്തിയിരിക്കുന്നത്. സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ താരമായിരുന്ന ബ്രൂണോയുടെ കരാർ ഈ കഴിഞ്ഞ മാസത്തോടെ അവസാനിച്ചിരുന്നു.
36കാരനായ താരം മുമ്പ് പോർട്ടോ, സെനിറ്റ്, ഫെനെർബചെ തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. സീരി എയിൽ ഈ സീസണിൽ പ്രൊമോഷൻ നേടി എത്തിയതാണ് പാർമ. പരിചയ സമ്പത്തുള്ള ബ്രൂണോയുടെ സാന്നിധ്യം ലീഗിൽ തുടരാൻ തങ്ങളെ സഹായിക്കും എന്നാണ് പാർമ കരുതുന്നത്.
ക്രിസ്റ്റിയാനോ റൊണാൾഡോയെ ടീമിൽ എത്തിച്ചതിന് പിന്നാലെ യുവന്റസിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുതിപ്പ്. റൊണാൾഡോ എന്ന ബ്രാൻഡിന്റെ മൂല്യം എത്രത്തോളം എന്നതിന്റെ ചെറിയ സൂചന മാത്രമാണ് ഇത്.
റൊണാൾഡോയുടെ യുവന്റസ് പ്രവേശനം പ്രഖ്യാപിച്ച ശേഷം ട്വിറ്ററിൽ 1.1 മില്യൺ ആളുകളുടെ വർധനയാണ് യുവന്റസിന് ഉണ്ടായത്. ഫേസ്ബുക്കിൽ ഒരൊറ്റ ദിവസം കൊണ്ട് യുവന്റസിന്റെ പേജിന് ലഭിച്ചത് 5 ലക്ഷം ലൈക്കുകളാണ്. സാധാരണ നിലയിൽ യുവന്റസന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലഭിക്കുന്നത് 4 ലക്ഷം ലൈക്കുകൾ മാത്രമായിരുന്നെങ്കിൽ റൊണാൾഡോയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത് 10 ലക്ഷത്തിൽ അധികം ലൈക്കുകൾ ആണ്.
റൊണാൾഡോ എന്ന സൂപ്പർ ബ്രാൻഡ് എത്തിയതോടെ യുവന്റസ് എന്ന ബ്രാൻഡും വളരും എന്ന് ഉറപ്പായി. എന്നും സ്പാനിഷ് ടീമുകൾ കയ്യടക്കിയ ലോക ഫുട്ബോളിലെ വമ്പന്മാർ എന്ന പദവി തന്നെയാവും യുവേയുടെ ലക്ഷ്യവും. റൊണാൾഡോയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുവന്റസിന്റെ ഓഹരിയിലും വൻ കുതിപ്പാണ് ഉണ്ടായത്.
യുവന്റസിൽ റൊണാൾഡോ എത്തിയപ്പോൾ എന്തായാലും ജേഴ്സി നമ്പർ 7 തന്നെ അണിയും എന്ന് ഉറപ്പായിരുന്നു. CR7 എന്നറിയപ്പെടുന്ന റൊണാൾഡോ ഇതിന് മുമ്പ് റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും ഏഴാം നമ്പറായിരുന്നു ധരിച്ചത്. യുവന്റസിൽ റൊണാൾഡോ ജേഴ്സി നമ്പറായ ഏഴ് എടുത്തപ്പോൾ നഷ്ടം യുവന്റസിന്റെ കൊളംബിയൻ വിങ്ങറായ കൊഡ്രാഡോയ്ക്കാണ്. ഇതിന് മുമ്പ് കൊഡ്രാഡോ ആയിരുന്നു യുവന്റസിൽ ഏഴാം നമൊഅർ ധരിച്ചിരുന്നത്.
ഈ സീസണിൽ പ്രീ സീസണായി ജേഴ്സി എത്തിയപ്പോൾ കൊഡ്രാഡോയുടെ നമ്പർ 16ആയിരുന്നു. അപ്പോൾ തന്നെ യുവന്റസ് ആരാധകർ ഏഴാം നമ്പറിൽ റൊണാൾഡോ വന്നേക്കുമെന്ന് ഊഹിച്ചിരുന്നു. ജേഴ്സി കൈമാറിയതിനെ കുറിച്ച് കൊഡ്രാഡോ തന്നെ ഇന്നലെ പ്രതികരിക്കുകയുണ്ടായി. റൊണാൾഡോയുടെ നമ്പർ ഏഴ് ജേഴ്സി പിടിച്ച് കൊണ്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം കൂടെ ഒരു കുറിപ്പും പോസ്റ്റ് ചെയ്തു. എടുക്കുന്നതിലും അനുഗ്രഹീതം നൽകുന്നതാണല്ലോ എന്നായിരുന്നു കൊഡ്രാഡോയുടെ കുറിപ്പ്.
ക്രിസ്റ്റിയാനോ റൊണാൾഡോയോടൊപ്പം യുവന്റസിന് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഇറ്റാലിയൻ ഇതിഹാസ താരം അലെസ്സാൻഡ്രോ ഡെൽ പിയറോ. ക്രിസ്റ്റിയാനോയുടെ വരവ് യുവന്റസിനും ഇറ്റാലിയൻ ഫുട്ബോളിനും ഗുണകരമാകുമെന്നും ഡെൽ പിയറോ കൂട്ടിച്ചെർത്തു.
തുടർച്ചയായ ഏഴാം ലീഗ് കിരീടം ഉയർത്തിയെങ്കിലും യുവന്റസിന് ചാമ്പ്യൻസ് ലീഗ് സമീപ കാലത്ത് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ക്രിസ്റ്റിയാനോയുടെ വരവോടെ യൂറോപ്പിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായ യുവന്റസിന് ചാമ്പ്യൻസ് ലീഗും സ്വന്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
120 മില്യൺ യൂറോയോളം നൽകിയാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ക്രിസ്റ്റിയാനോയെ ടീമിലെത്തിച്ചത്. യുവന്റസിനെ കുറിച്ചും ഇറ്റാലിയൻ ഫുട്ബോളിനെ കുറിച്ചും ഇപ്പോൾ ലോകം സംസാരിക്കുന്നത് ക്രിസ്റ്റിയാനോയുടെ വരവോടു കൂടിയാണ്, ജയം സ്വന്തമാക്കാനുള്ള ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അടങ്ങാത്ത ആവേശം യുവന്റസിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അലെസ്സാൻഡ്രോ ഡെൽ പിയറോ കൂട്ടിച്ചെർത്തു.
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റിയാനോ എന്നതിൽ ഫുട്ബോൾ ആരാധകർക്കൊന്നും എതിരഭിപ്രായമുണ്ടാകില്ല. കോടികൾ മറിയുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ സൂപ്പർ താരമെത്തുമെത്തിയത് ഫുട്ബോൾ ലോകത്തെ ഒട്ടാകെ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ ചേക്കേറാൻ ഇരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അഭ്യൂഹങ്ങൾ ഉണ്ടാകുമ്പോൾ തന്നെ സീരി എ ചാമ്പ്യന്മാരായ യുവന്റസും അവരുടെ ഇവെസ്റ്റർമാരും നേട്ടമുണ്ടാക്കിയിരുന്നു. 775 മില്യൺ ഡോളറുകൾ മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്ന യുവന്റസിന്റെ ഷെയർ മാർക്കറ്റ് വാല്യൂ 914 മില്യൺ ഡോളറുകളായി റൂമറുകൾക്കിടയിൽ തന്നെ ഉയർന്നിരുന്നു. ഒഫീഷ്യൽ അനൗൺസ്‌മെന്റ് വന്നപ്പോൾ 6 പെർസെന്റജ് ആണ് സ്റ്റോക്ക് ഉയർന്നത്.
ഇറ്റാലിയൻ വ്യവസായികളായ ആഗ്നെല്ലി ഫാമിലിയാണ് യുവന്റസിന്റെ ഭൂരിഭാഗം ഷെയറുകളും കയ്യിൽ വെച്ചിരിക്കുന്നത്. ഇറ്റലിയിലെ പ്രമുഖ ഇന്ടസ്ട്രിയലിസ്റ്റുകളായ ആഗ്നെല്ലി ഫാമിലിക്ക് ഫിയറ്റ്, ഫെറാറി, ദി എക്കണോമിസ്റ് എന്നിവയിലും നിക്ഷേപങ്ങളുണ്ട്. ഏകദേശം 120 മില്യൺ യൂറോയോളം നൽകിയാണ് യുവന്റസ് റയൽ മാഡ്രിഡ് ക്ലബുകൾ തമ്മിൽ റൊണാൾഡോക്ക് വേണ്ടി കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലേക്കുള്ള യാത്രയ്ക്ക് പിറകെ റൊണാൾഡോയുടെ ഒപ്പം കളിച്ച താരങ്ങളുടെ പ്രതികരണം വന്നു. ഒരു യഥാർത്ഥ ചാമ്പ്യനാണ് റൊണാൾഡോ എന്നും ഒപ്പം കളിച്ചതിൽ അഭിമാനം ഉണ്ടെന്നും റയൽ മാഡ്രിഡിലെ ജർമ്മൻ താരം ക്രൂസ് പറഞ്ഞു. ഒരുമിച്ച നേടിയ കിരീടങ്ങൾ മറക്കില്ല എന്നും ക്രൂസ് പറഞ്ഞു.
വെയ്ല്സ് ക്യാപ്റ്റൻ ബെയ്ലും റൊണാൾഡോയ്ക്ക് ആശംസയുമായി എത്തി. ഒരുമിച്ച് കളിച്ച 5 വർഷങ്ങൾ സന്തോഷകരമായിരുന്നു എന്നും. റൊണാൾഡോ ഒരു മികച്ച താരവും മികച്ച വ്യക്തിയുമാണെന്നും ബെയ്ല് റൊണാൾഡോയ്ക്ക് ആശംസ പറഞ്ഞ് ചെയ്ത ട്വീറ്റിൽ പറഞ്ഞു.
യുവന്റസിൽ നിന്ന് റൊണാൾഡോയെ സ്വാഗതം ചെയ്തത് മുൻ റയൽ മാഡ്രിഡ് താരമായ കദീരയാണ്. മുമ്പ് റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡിൽ കളിച്ച താരമാണ് കദീര. റയലിൽ മികച്ച സമയമായിരുന്നു ഇരുവരും ഒപ്പം കളിച്ചത്. വീണ്ടും അങ്ങനെ ഒരുമിക്കുന്നതിൽ സന്തോഷമുണ്ട് കദീര പറഞ്ഞു.
അധികം കാലമായില്ല യുവന്റസ് ആരാധകർ റൊണാൾഡോയെ കയ്യടിച്ച് കൊണ്ട് ഒരു രാത്രി യാത്രയാക്കിയിട്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ. യുവന്റസ് ആരാധകർക്ക് നല്ല ഓർമ്മ ഒന്നുമല്ല റൊണാൾഡോ അന്ന് നൽകിയത്. പക്ഷെ അന്ന് ആ റൊണാൾഡോ പ്രകടനത്തിന് മുമ്പിൽ യുവന്റസ് ആരാധകർ മൊത്തം എഴുന്നേറ്റു നിന്ന് കയ്യടിച്ചിരുന്നു. ആ കയ്യടിക്ക് നെഞ്ചിൽ തൊട്ട് തലതാഴ്ത്തി റൊണാൾഡോ നന്ദിയും പറഞ്ഞിരുന്നു.
അന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ റൊണാൾഡോ റയലിനെ 3-0തിന് വിജയിപ്പിച്ചാണ് മടങ്ങിയത്. അതിൽ ഒരു ഗോൾ ചാമ്പ്യൻസ് ലീഗ് ചരിത്രം മറക്കാത്ത ബൈസിക്കിൾ കിക്കും. റൊണാൾഡോ ഒരിക്കലും യുവന്റസിനോട് ദയ കാട്ടിയിരുന്നില്ല. കഴിഞ്ഞ സീസണ് മുന്നേയുള്ള സീസണിലും യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിപ്പിച്ചത് ഇതേ റൊണാൾഡോ ആയിരുന്നു.
ചാമ്പ്യൻസ് ലീഗിൽ മാത്രമായി 10 ഗോളുകളാണ് റൊണാൾഡോ യുവന്റസിനെതിരെ നേടിയത്. അതും വെറും ഏഴു മത്സരത്തിൽ നിന്ന്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഒരു താരവും ഒരു ടീമിനെതിരെയും ഇത്രയും ഗോൾ നേടിയിട്ടില്ല. എപ്പോഴും തങ്ങളുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ തകർത്ത് ആ റൊണാൾഡോയെ തന്നെ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ പ്രതീക്ഷ ഏൽപ്പിക്കുകയാണ് യുവന്റസ്.
ചിലപ്പോൾ അന്ന് റൊണാൾഡോയ്ക്ക് തോൽപ്പിച്ചിട്ടും കൊടുത്ത ആ കയ്യടി ആകും റൊണാൾഡോയെ ഈ ആരാധകരിലേക്ക് എത്തിച്ചത്. ഇത്രയും റയൽ മാഡ്രിഡിനായി മികച്ചു നിന്നിട്ടും സ്വന്തം ആരാധകരിൽ നിന്ന് പലപ്പോഴും റൊണാൾഡോയ്ക്ക് മോശം പ്രതികരണം ലഭിച്ചിരുന്നു. അതിലുള്ള സങ്കടം റൊണാൾഡോ തന്നെ പലപ്പോഴും പറയുകയും ചെയ്തിരുന്നു. യുവന്റസിൽ തന്റെ മികവ് തുടർന്നാൽ അന്ന് ഉയർന്നതിലും വലിയ കയ്യടി റൊണാൾഡോയ്ക്ക് ലഭിക്കുക തന്നെ ചെയ്യും.
ഈ സമ്മറിലെ ഏറ്റവും വലിയ ട്രാൻസ്ഫർ വാർത്തയായി റൊണാൾഡോ മാറിയതിനു പിന്നാലെ ഈ ട്രാൻസ്ഫറിന് കാരണം ഉൾപ്പെടെ ആരാധകർക്ക് വിശദീകരണവുമായി റൊണാൾഡോ. റൊണാൾഡോ എഴുതിയ കത്തിൽ റയൽ മാഡ്രിഡിലെ ഒമ്പത് വർഷത്തിന് ക്ലബിനോടും ആരാധകരോടും സഹതാരങ്ങളോടും നന്ദി പറയുന്നു. 9 വർഷവും മികച്ചതായിരുന്നെന്ന് പറഞ്ഞ റൊണാൾഡോ കരിയറിൽ പുതിയ ഒരു അദ്ധ്യായത്തിന് സമയം ആയെന്ന് തോന്നിയതാണ് ക്ലബ് വിടാൻ കാരണം എന്ന് പറഞ്ഞു.
ഇതാണ് ശരിയായ സമയം എന്നു തോന്നിയത് കൊണ്ടാണ് ക്ലബിനോട് ഈ കാര്യം സംസാരിച്ചത്. ആരാധകർ ഇത് മനസ്സിലാക്കണം എന്നും റൊണാൾഡോ പറഞ്ഞു. റയൽ മാഡ്രിഡ് തന്നെ മികച്ച താരമായി നിലനിർത്തുന്നതിന് സഹായിച്ചു എന്ന് പറഞ്ഞ ക്രിസ്റ്റ്യാനോ റയൽ മാഡ്രിഡ് വലിയ ക്ലബായത് കൊണ്ട് തന്നെ നിലവാരം എപ്പോഴും മികച്ചതാകേണ്ടതുണ്ടെന്നും പ്രതീക്ഷകൾ അത്രയ്ക്കാണെന്നും ഓർമ്മിപ്പിച്ചു.
മാഡ്രിഡ് സിറ്റിക്കും ഈ ക്ലബിനും എപ്പോഴും വലിയൊരു സ്ഥാനം തന്റെ ഹൃദയത്തിൽ ഉണ്ടാകും. ആദ്യ ഈ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. ഹലാ മാഡ്രിഡ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് ട്രാൻസ്ഫറുകളുടെ അഭ്യൂഹങ്ങൾ ഇത്രവരെ എത്തിയപ്പോഴും ആരും ഒന്നും ഒരു വാക്കു പോലും വിശ്വസിച്ചിരുന്നില്ല. റയൽ മാഡ്രിഡിൽ എല്ലാ സീസണും അവസാനം പുതിയ കരാർ കിട്ടാൻ വേണ്ടി ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്നേഹം കാണിച്ച് റയൽ മാഡ്രിഡിനെ ഭീഷണിപ്പെടുത്തുന്ന പോലൊരു സംഭവം മാത്രമായെ ഇന്ന് വരെ ഭൂരിഭാഗവും ഇതിനെ കണ്ടിരുന്നുള്ളൂ. എന്നാൽ റയൽ വിട്ട് റൊണാൾഡോ പോകുന്നു എന്നത് ഒരു സത്യമാവുകയാണ്.
100 മില്യൺ തുകയ്ക്ക് റയലുമായി യുവന്റസ് കരാറിൽ എത്തിയിരിക്കുകയാണ്. ഒപ്പും ഔദ്യോഗിക പ്രഖ്യാപനങ്ങളും കഴിഞ്ഞു. ഇനി വിടപറയലും സ്വാഗതം ചെയ്യലും പിറകെ. റയലിൽ എല്ലാം വിജയിച്ച റൊണാൾഡോ പുതിയ ചലഞ്ച് ആകാം ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിലും സ്പെയിനിലും തന്റെ വീരഗാഥ രചിച്ച റൊണാൾഡോ ഇറ്റലിയിലും അതാവർത്തിച്ചാൽ ഫുട്ബോൾ ലോകകത്ത് റൊണാൾഡോയുടേ സ്ഥാനം എന്തായിരിക്കുമെന്ന് പറയേണ്ടതില്ല. ഇപ്പോൾ തന്നെ ചരിത്രം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് റൊണാൾഡോ. ഇറ്റലിയിലും വിജയം ആവർത്തിച്ചാൽ മുകളിലേക്കെ റൊണാൾഡോ പോകു.
യുവന്റസിന് ഇറ്റലി കീഴടക്കി മടുത്തു. ഹിഗ്വയിനെ മുന്നിൽ നിർത്തി തന്നെ ഇറ്റലിയിൽ ഇരട്ട കിരീടങ്ങൾ നേടുന്ന യുവന്റസ് ഇപ്പോൾ റൊണാൾഡോയെ കൊണ്ടു വരുന്നത് യൂറോപ്പ് കീഴടക്കാൻ വേണ്ടിയാണ്. ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഇവരുടെ ലക്ഷ്യം. 100 മില്യൺ യുവന്റസിന് ഒരു തുകയല്ല. റൊണാൾഡോയുടെ വരവ് യുവന്റസിന് ഈ 100 മില്യണ് മുകളിൽ വരുമാനം യുവന്റസിന് നൽകും.
യുവന്റസിന് മാത്രമല്ല ഇറ്റാലിയം ഫുട്ബോളിന് മൊത്തമായി ഇത് മാറ്റം വരുത്തും. കൂടുതൽ ലോക പ്രേക്ഷകർ എത്തും എന്നതോടെ ഇറ്റാലിയൻ ഫുട്ബോളിന്റെ അവസാന കുറച്ചു വർഷങ്ങളിലെ പിറകോട്ടടിയും മാറി തുടങ്ങും. യുവന്റസിനോട് പൊരുതാൻ മറ്റു ടീമുകൾ ഇനിയും വമ്പൻ താരങ്ങളെ എത്തിക്കേണ്ടതായും വരും. ഇറ്റാലിയൻ ലീഗിന് ഗുണം എന്നതോടൊപ്പം സ്പാനിഷ് ലീഗിന് ഇത് മങ്ങലുമാകും. അവസാന കുറേ വർഷങ്ങളായി എൽ ക്ലാസികോ എന്നാൽ മെസ്സി-റൊണാൾഡോ യുദ്ധമായിരുന്നു. അതിനൊക്കെ അന്ത്യമാവുകയാണ്. ഇനി റയലിന്റെ നിരയിൽ ഒരു പുതിയ സൂപ്പർ താരം ഉദിക്കുന്നത് വരെ റയൽ-ബാഴ്സ പോര് റയൽ ബാഴ്സ പോരായിരിക്കും. താരപോരാട്ടമാകില്ല.
സീരി എ വമ്പന്മാരായ എ സി മിലാനെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് ഉടമ ശ്രമിക്കുന്നു. മുൻ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോയുടെ റഷ്യൻ ഉടമ ദമിട്രി റിബോലോവലിവ് ആണ് മിലാനെയും സ്വന്തമാക്കാൻ ശ്രമിക്കുന്നത്. യുവേഫയുടെ വിലക്കിനു പിന്നാലെ ഉടമയായ യോങ്ഹോംഗ് ലീക്ക് കടമെടുത്ത തുക തിരികെ അടക്കാൻ സാധിക്കാത്തതിന്റെ തുടർന്ന് മിലൻറെ ഭാവി അനിശ്ചിതത്വത്തിലാണ്.
ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘിച്ചതിന് ശിക്ഷയേറ്റുവാങ്ങിയിരിക്കുകയാണ് മിലാൻ. യൂറോപ്പ ലീഗ് യോഗ്യത നേടിയ മിലാൻ അയോഗ്യരാക്കപ്പെട്ടിരുന്നു. യുവേഫയുടെ സാങ്ഷൻ മിലാന്റെ സമ്മർ ട്രാൻസ്ഫർ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്. യുവേഫ ഡിസിപ്ലിനറി കമ്മറ്റി വന്നതിനു പിന്നാലെ ഓഹരി കൈമാറ്റം നടത്താനാണ് മിലാൻ മാനേജ്‌മെന്റിന്റെ ശ്രമം. യോങ്ഹോംഗ് ലീക്ക് ക്ലബ് നടത്തി കൊണ്ട് പോകാൻ സാധിക്കില്ല എന്നുറപ്പായതോടെ മിലൻറെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അമേരിക്കനായ റോക്കോ കമ്മീസോയും മിലാനു വേണ്ടി ശ്രമിക്കുന്നുണ്ട്.
റോമയിലേക്ക് എത്തിയ ഹോളണ്ടിന്റെ യുവ താരം ജസ്റ്റിൻ ക്ലുയിവേർട്ട് ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ കയ്യടി വാങ്ങുകയാണ്. അയാക്സിൽ നിന്ന് റോമയിൽ എത്തിയ 19കാരൻ റോമയിൽ തിരഞ്ഞെടുത്ത ജേഴ്സിയാണ് ഫുട്ബോൾ ആരാധകരുടെ ഹൃദയം തൊട്ടത്. 34ആം നമ്പർ ജേഴ്സിയാകും ജസ്റ്റിൻ ഇനി റോമയിൽ അണിയുക. തന്റെ സുഹൃത്തും അയാക്സിൽ ഒരുമിച്ച് കളിച്ചിരുന്ന താരവുമായിരുന്ന അബ്ദൽഹക് നൗരിയുടെ ജേഴ്സി നമ്പറാണിത്.
കഴിഞ്ഞ സീസണ് മുന്നോടിയായി പ്രീ സീസൺ മത്സരത്തിൽ തലയ്ക്ക് പരിക്കേറ്റ നൗരി തന്റെ 20ആം വയസ്സിൽ ഫുട്ബോളിൽ നിന്ന് എന്നേക്കുമായി വിരമിക്കേണ്ടി വന്നിരുന്നു. മസ്തിഷ്കത്തിൽ കാര്യമായി പരിക്കേറ്റ താരത്തിന്റെ ആരോഗ്യനില ഇപ്പോൾ ഭേദമാണ് എങ്കിലും ഇനി ഒരിക്കലും നൗരിക്ക് ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ജസ്റ്റിന്റെ ആത്മാർത്ഥ സുഹൃത്തായ നൗരിയോടുള്ള സ്നേഹത്തിനാണ് താരം 34ആം നമ്പർ ജേഴ്സി തിരഞ്ഞെടുത്തത്.
തന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനയും നൗരിക്ക് ആണ് എന്ന് ജേഴ്സി നമ്പറിനെ കുറിച്ചുള്ള പ്രതികരണത്തിൽ ക്ലുയുവേർട്ട് പറഞ്ഞു. ഡച്ച് ഇതിഹാസം പാട്രിക്ക് ക്ലുയിവേർട്ടിന്റെ മകനാണ് ജസ്റ്റിൻ.
2018-19 സീസണിൽ പുതിയ കിറ്റുമായി സീരി എ വമ്പന്മാരായ എസി മിലാൻ വരുന്നു. മിലാന്റെ ഒഫീഷ്യൽ കിറ്റ് പാർട്ണർ പ്യൂമയാണ്. അഡിഡാസുമായുള്ള 20 വർഷത്തെ പാർട്ട്ണർഷിപ്പ് മിലാൻ അവസാനിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് അഡിഡാസിന്റെ റൈവലുകളായ പ്യൂമയുമായി മിലാൻ കരാർ ഒപ്പിടുന്നത്. ബട്ടൺ ആപ്പ് കോളറുകളുള്ള കിറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.