ഇറ്റലി ഫോട്ടോ ഫിനിഷിലേക്ക്, ഇത്തവണ യുവേ കിരീടം കൈവിടുമോ ?

- Advertisement -

പ്രതിരോധ ഫുട്‌ബോളിന്റെ അറുബോറൻ ലീഗെന്ന കളിയാക്കലുകൾ ഇനി സീരി എ ക്ക് ചേരുമെന്ന് തോന്നുന്നില്ല. ല ലീഗയും, പ്രീമിയർ ലീഗും, ബുണ്ടസ് ലീഗെയും ഒക്കെ ഏകപക്ഷീയമായി ജേതാക്കളെ കണ്ടെത്തിയപ്പോൾ യൂറോപ്പിൽ കിരീട പോരാട്ടം ശേഷിക്കുന്ന ഏക ലീഗാണ് സീരി എ. 34 റൗണ്ടുകൾ അവസാനിച്ചപ്പോൾ 85 പോയിന്റുമായി യുവന്റസ് ഒന്നാമത്, 84 പോയിന്റുമായി നാപോളി തൊട്ട് പിറകിൽ. ഇന്നലെ യുവന്റസിനെ മറികടന്ന് ജയിക്കാൻ ആയതാണ് നാപോളിയുടെ സാധ്യതകൾ ശക്തമാക്കിയത്.

ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ ബാക്കിയുള്ള 2 മത്സരങ്ങൾ അല്ലേഗ്രിയുടെ ടീമിന് നിർണായകമാണ്. അടുത്ത ആഴ്ച്ച ഇന്ററിന് എതിരെയാണ് അതിൽ ആദ്യത്തേത്. പിന്നീട് 37 ആം റൗണ്ടിൽ റോമക്ക് എതിരെ. ഈ രണ്ടു മത്സരങ്ങളിൽ ഏതെങ്കിലും തോറ്റാൽ ഇത്തവണ യുവന്റസിനെ മറികടന്ന് മൗറീസിയോ സാരിയുടെ നാപോളി കിരീടം ഉയർത്തും. ഇനി വരാൻ ഇരിക്കുന്ന മത്സരങ്ങളിൽ ഫിയോരന്റീനക്ക് എതിരായ മത്സരം ഒഴിച്ച് എല്ലാം നാപോളിക്ക് അനായാസം ജയിക്കാവുന്ന മത്സരങ്ങളാണ്.

മികച്ച പാസിംഗ് ഗെയിമിലൂടെ സുന്ദര ഫുട്‌ബോൾ കളിച്ചാണ് മൗറീസിയോ സാരിയുടെ നാപോളി ഇറ്റലിയിലും യൂറോപ്പിലും ശ്രദ്ധ പിടിച്ചു പറ്റിയത്. ലീഗ് തുടക്കത്തിൽ നാപോളിയും ഇന്ററും തമ്മിലായിരുന്നു പോരാട്ടം. എന്നാൽ ആദ്യ ആഴ്ചകളിൽ പിറകോട്ട് പോയെങ്കിലും യുവന്റസ് ശക്തമായി തിരിച്ചു വന്നതോടെ പോരാട്ടം കനത്തു.  ഇതിനിടെ ഏറെ പ്രതീക്ഷ സമ്മാനിച്ച ഇന്റർ തകർന്നടിഞ്ഞതോടെ പോരാട്ടം നാപോളിയും യുവന്റസും മാത്രമായി. ഇന്റർ ആവട്ടെ നിലവിൽ വെറും 66 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ലാസിയോയും ഇടക്ക് പ്രതീക്ഷ സമ്മാനിച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും നിലവിൽ അവർ നാലാം സ്ഥാനത്താണ്.

ഈ സീസൺ അവസാനത്തോടെ നാപോളി വിടുമെന്ന സാധ്യതകൾ നില നിൽക്കേ മികച്ച പ്രകടനം നടത്തി കിരീടം ഉറപ്പാക്കി ഇറ്റലിയോട് വിട പറയാനാവും മൗറീസിയോ സാരിയുടെ ശ്രമം. ചെൽസി തങ്ങളുടെ പരിശീകനാകാൻ സാരിയെ ക്ഷണിക്കുമെന്ന് അഭ്യൂഹങ്ങൾ നില നിൽക്കേ ബയോ ഡാറ്റയിൽ സീരി യെ കിരീടം സാരിക്ക് ചേർക്കാനാവുമോ? അതോ ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനം ചെറുതായെങ്കിലും മായ്ക്കാൻ അല്ലേഗ്രിക്കും സംഘത്തിനും ആവുമോ ? ഏതായാലും നിലവിലെ സാഹചര്യത്തിൽ അവസാന റൌണ്ട് മത്സരങ്ങൾ നടക്കുന്ന മെയ് 21 വരെ കാത്തിരിക്കുക തന്നെ വേണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement