Picsart 23 04 30 18 00 10 637

ലാസിയോയെ ഇന്റർ മിലാൻ തോൽപ്പിച്ചു, ഇന്ന് ജയിച്ചാൽ നാപോളിക്ക് കിരീടം

സീരി എയിൽ കിരീടം ഇന്ന് തന്നെ നാപോളിക്ക് സ്വന്തമാക്കാം. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ലാസിയോയെ ഇന്റർ മിലാൻ പരാജയപ്പെടുത്തിയതോടെയാണ് നാപോളിക്ക് സുവർണ്ണാവസരം വന്നത്. ഇന്ന് സാൻസിരോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ലാസിയോ പരാജയപ്പെട്ടത്‌.

ഫെലിപെ ആൻഡേഴ്സൺ നേടിയ ഗോളാണ് ലാസിയോക്ക് ലീഡ് നൽകിയത്‌. എന്നാൽ രണ്ടാം പകുതിയിൽ ഇന്റർ മിലാൻ ശക്തമായി തിരിച്ചടിച്ചു. 78ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിലൂടെ സമനില കണ്ടെത്തി. അഞ്ചു മിനുട്ടിനു ശേഷം ഗോസൻസിലൂടെ ഇന്റർ ലീഡും കണ്ടെത്തി‌. 90ആം മിനുട്ടിൽ ലൗട്ടാരോയുടെ ഗോൾ കൂടെ വന്നതോടെ ഇന്റർ വിജയം ഉറപ്പിച്ചു.

ലാസിയോക്ക് ഇപ്പോൾ 32 മത്സരങ്ങളിൽ നിന്ന് 61 പോയിന്റ് ആണുള്ളത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അവർക്ക് 79 പോയിന്റ് മാത്രമെ ആവുകയുള്ളൂ. നാപോളിക്ക് ഇപ്പോൾ തന്നെ 78 പോയിന്റ് ഉണ്ട്. ഇന്ന് സലെർനിറ്റനയെ നേരിടുന്ന നാപോളി ജയിച്ചാൽ കിരീടത്തിൽ മുത്തമിടും.

ഇന്ന് ജയിച്ചതോടെ ഇന്റർ മിലാൻ 32 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി നാലാമത് എത്തി. ഇന്ററിന് പിറകിൽ ഉള്ള എ സി മിലാൻ, റോമ എന്നിവർക്കും 57 പോയിന്റ് തന്നെയാണ് ഉള്ളത്.

Exit mobile version