പത്ത് പേരായി ചുരുങ്ങിയിട്ടും ജയം നേടി എ.സി മിലാൻ, പോയിന്റ് പട്ടികയിൽ നാപോളിക്ക് ഒപ്പം

Wasim Akram

Screenshot 20220911 025446 01

ഇറ്റാലിയൻ സീരി എയിൽ പത്ത് പേരായി ചുരുങ്ങിയിട്ടും ജയം പിടിച്ചെടുത്തു എ.സി മിലാൻ. സാംപ്ഡോരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് മിലാൻ തോൽപ്പിച്ചത്. ജയത്തോടെ ലീഗിൽ ഒന്നാമതുള്ള നാപോളിക്ക് ഒപ്പമെത്തിയ മിലാൻ ഇപ്പോൾ ഗോൾ വ്യത്യാസത്തിൽ മാത്രം രണ്ടാം സ്ഥാനത്ത് ആണ്. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ മിലാൻ ഗോൾ കണ്ടത്തി. ഒലിവർ ജിറൂദ്, റാഫേൽ ലിയോ എന്നിവർ നടത്തിയ നീക്കത്തിന് ഒടുവിൽ ലിയോയുടെ പാസിൽ നിന്നു ജൂനിയർ മെസിയാസ് മിലാനായി ഗോൾ നേടുക ആയിരുന്നു.

തുടർന്ന് ഫിലിപ് ഡൂറിസിചിന്റെ ശ്രമം ബാറിൽ തട്ടി മടങ്ങിയത് സാംപ്ഡോരിയക്ക് സമനില ഗോൾ നിഷേധിച്ചു. പിന്നീട് ഷാർലെ ഡെ കേറ്റ്ലാർ മിലാനു ആയി രണ്ടാം ഗോൾ നേടിയെങ്കിലും വാർ ഇത് ഓഫ് സൈഡ് ആണ് എന്ന് കണ്ടത്തി നിഷേധിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ മിലാനു വലിയ തിരിച്ചടി നേരിട്ടു. ഒരു ഓവർ ഹെഡ് കിക്കിന്‌ ആയുള്ള സൂപ്പർ താരം റാഫേൽ ലിയോയുടെ ശ്രമം പിഴച്ചപ്പോൾ താരത്തിന്റെ ബൂട്ട് അലക്‌സ് ഫെറാരിയുടെ മുഖത്ത് ആണ് ഏറ്റത്. തുടർന്ന് താരത്തിന് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചതോടെ മിലാൻ പത്ത് പേരായി ചുരുങ്ങി.

എ.സി മിലാൻ

തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ ഈ മുൻതൂക്കം മുതലെടുത്ത സാംപ്ഡോരിയ സമനില ഗോൾ കണ്ടത്തി. മികച്ച ശക്തമായ അഗല്ലയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഫിലിപ് ഡൂറിസിച് സാംപ്ഡോരിയക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ അധികം വൈകാതെ ഗോൺസാലോ വില്ലറിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഒലിവർ ജിറൂദ് മിലാന്റെ വിജയഗോൾ നേടി. അവസാന നിമിഷങ്ങളിൽ മിലാൻ ഗോൾ കീപ്പറും പോസ്റ്റും അവരുടെ രക്ഷക്ക് എത്തി. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം അടുത്ത ആഴ്ച നാപോളിയെ നേരിടാൻ റാഫേൽ ലിയോ ഉണ്ടാവില്ല എന്നത് മിലാനു തിരിച്ചടി തന്നെയാണ്.