സീരി എ യിൽ വിവാദം കത്തുന്നു, കടുത്ത പ്രതികരണങ്ങളുമായി ലാസിയോ

സീരി എ യിൽ വിവാദം കത്തുന്നു. ഈ ആഴ്ച നടന്ന ലാസിയോ-ടോറിനൊ മത്സരമാണ് ഇറ്റാലിയൻ ഫുട്‌ബോളിൽ വൻ ചർച്ചയാവുന്ന വിവാദത്തിന് കാരണമാകുന്നത്. ലാസിയോ 3-1 ന് പരാജയപ്പെട്ട മത്സരത്തിൽ തങ്ങളുടെ ടീമിനെതിരെ മനഃപൂർവം ചില നീക്കങ്ങൾ നടന്നതായി ലാസിയോ ടീം അംഗങ്ങളും പരിശീലകരും ക്ലബ്ബ് ഡറക്ട്ടർമാരും ആരോപിച്ചാണ് വിവാദത്തിന്റെ ഉറവിടം. മത്സരത്തിൽ റഫറി ലാസിയോക്ക് പെനാൽറ്റി നിഷേധിക്കുകയും ലാസിയോ താരം ഇമ്മോബിലേക്ക് ചുവപ്പ് കാർഡ് നൽകുകയും ചെയ്തിരുന്നു. 24 വർഷങ്ങൾക്ക് ശേഷമാണ് ടോറിനോ ലാസിയോയുടെ മൈതാനത്ത് ഒരു സീരി എ മത്സരം ജയിക്കുന്നത്.

ബോക്സിൽ ടോറിനോ താരം പന്ത് കൈകൊണ്ട് തടുത്തിട്ടും റഫറി തങ്ങൾക്ക് അനുകൂലമായി പെനാൽറ്റി വിളിക്കാതിരുന്നതാണ് ലാസിയോ ടീമിനെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. ചിലർക്ക് ലാസിയോ ടോപ്പ് ഫോറിൽ എത്തിയത് ഇഷ്ടമാവുന്നുണ്ടാവില്ല എന്നാണ് ലാസിയോ മിഡ് ഫീൽഡർ ലൂയിസ് ആൽബേർട്ടോ മത്സര ശേഷം പ്രതികരിച്ചത്.  ലാസിയോ പരിശീലകൻ ഇൻസാഗിയും സമാന രീതിയിലാണ് പ്രതികരിച്ചത്. മത്സര ഫലം തീരുമാനിച്ചത്‌ റഫറിയും സംഘവുമാണെന്നാണ് ഇൻസാഗി പറഞ്ഞത്. തന്റെ ടീമിന് തുടർച്ചയായി പ്രതികൂല സാഹചര്യങ്ങളിൽ കളിക്കേണ്ടി വരുന്നത് ഇത് നാലാം മത്സരത്തിൽ ആണെന്നും ഇൻസാഗി കൂട്ടി ചേർത്തു.

ലാസിയോ ഡയറക്റ്റർ ഇഗ്ലി ടെർ കടുത്ത രീതിയിലാണ് പ്രതികരിച്ചത്‌. ലാസിയോക്ക് എതിരായ ഗൂഡാലോചനയാണോ ഇതെന്ന സംശയമാണ് അദ്ദേഹം പങ്കുവച്ചത്‌. VAR ഉണ്ടായിട്ടും തന്റെ ടീമിന് പ്രതികൂലമായ തീരുമാനങ്ങൾ വന്നത് റഫറിയുടെ പങ്കിനെ സംശയകരമാകുന്നെന്നും ലാസിയോ ഡയറക്ടർ കൂട്ടി ചേർത്തു. വരും ദിവസങ്ങളിൽ സീരി എ അധികൃതരുടെ പ്രതികരണങ്ങൾ കൂടെ വരുന്നതോടെ വിവാദം ഇനിയും നീളുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial