20230605 180327

നാപോളിയിൽ തുടരുമെന്ന സൂചന നൽകി ക്വാരത്സ്കെലിയ

വിജയകരമായ സീസണിന് ശേഷം നാപോളിയിൽ തന്നെ തുടരുമെന്ന സൂചന നൽകി ഖ്വാരത്സ്കെലിയ. താൻ നപോളിയെ സ്നേഹിക്കുന്നുണ്ടെന്നും ആരാധകർക്ക് താൻ ടീമിൽ തുടരുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. താരം നാപോളിയുമായി പുതിയ കരാറിന് വേണ്ടിയുള്ള ചർച്ചകൾ നടത്തുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. വരുമാനം വർധിപ്പിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ നാപോളി പരിഗണിക്കും. തുടർ ചർച്ചകൾ വരും ദിവസങ്ങളിൽ തന്നെ നടന്നേക്കും.

നേരത്തെ സീസണിൽ സീരി എയിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും ജോർജിയൻ താരം സ്വന്തമാക്കിയിരുന്നു. കോച്ച് സ്പലെറ്റി ടീം വിടുമെന്ന് ഉറപ്പായതോടെ താരത്തെ അടക്കം ടീമിൽ പിടിച്ചു നിർത്തേണ്ടത് നാപോളിക്ക് ആവശ്യമാണ്. ഒസിമൻ, ഖ്വാരത്സ്കെലിയ, കിം മിൻജെ തുടങ്ങിയവർക്ക് വേണ്ടി പണക്കിലുക്കവുമായി ടീമുകൾ വരുമെന്നിരിക്കെ താരങ്ങളുടെ പുതിയ കരാർ നാപോളി പെട്ടെന്ന് തന്നെ പരിഗണിച്ചേക്കും. ടീമിൽ തുടരുമെന്ന സൂചനകൾ താരവും നൽകിയതോടെ ആരാധകർക്കും അത് ആശ്വാസം നൽകും. വിക്ടർ ഒസിമന് പിറകെയും യൂറോപ്പിലെ വമ്പന്മാർ ഉണ്ടെങ്കിലും താരത്തെ വിൽക്കില്ലെന്ന് കഴിഞ്ഞ ദിവസം ടീം പ്രസിഡന്റ് പറഞ്ഞിരുന്നു.

Exit mobile version