ഇറ്റലിയിൽ ലാസിയോ കിരീടം നേടാൻ ആണ് ആഗ്രഹം എന്നു ലിവർപൂൾ പരിശീലകൻ ക്ലോപ്പ്

- Advertisement -

ഇറ്റാലിയൻ സീരി എയിൽ ലാസിയോ കിരീടം നേടാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നു വ്യക്തമാക്കി ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്. മുൻ ലിവർപൂൾ താരമായ ബ്രസീലിയൻ താരം ലൂക്കാസ് ലെയ്വയുടെ ലാസിയോ ടീമിലെ സാന്നിധ്യം ആണ് തന്റെ ഈ ആഗ്രഹത്തിന് പിറകിൽ എന്നും ക്ലോപ്പ് വ്യക്തമാക്കി. മുമ്പ് ലിവർപൂളിന്റെ അവിഭാജ്യ താരം ആയിരുന്ന ലൂക്കാസ് ഈ സീസണിൽ ലാസിയോക്ക് ആയി മികച്ച പ്രകടനം ആണ് മധ്യനിരയിൽ പുറത്ത് എടുക്കുന്നത്. കൂടാതെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ തന്റെ കീഴിൽ കളിച്ച സിറോ ഇമ്മോബൈലിന്റെ ലാസിയോ ടീമിലെ സാന്നിധ്യവും ക്ലോപ്പ് എടുത്ത് പറഞ്ഞു.

നിലവിൽ 26 ഗോളുകൾ ലീഗിൽ നേടി കഴിഞ്ഞ ഇമ്മോബൈലിന്റെ മികവിൽ ആണ് ലാസിയോയുടെ കുതിപ്പ്. യുവന്റെസ് പരിശീലകൻ മൗറൂസിയോ സാരിയും ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോന്റെയോടും ഖേദപ്രകടനം നടത്തിയ ക്ലോപ്പ് ഈ സീസണിലെ ലാസിയോയുടെ സ്വപ്നകുതിപ്പ് സീരി എ കിരീടം അർഹിക്കുന്നു എന്നു വ്യക്തമാക്കി. ഇറ്റലിയിൽ ലാസിയോ കിരീടം ഉയർത്തുന്നത് ഒരു അത്ഭുതം ആവുമെന്നും ലിവർപൂൾ പരിശീലകൻ കൂട്ടിച്ചേർത്തു. ഇന്നലെ ഇന്റർ മിലാനെ 2-1 നു തോൽപ്പിച്ച ലാസിയോ നിലവിൽ 24 മത്സരങ്ങൾക്ക് ശേഷം യുവന്റെസിന് ഒരു പോയിന്റ് മാത്രം പിറകിൽ രണ്ടാം സ്ഥാനത്ത് ആണ്. നീണ്ട 20 വർഷമായി ലീഗ് കിരീടം അന്യമായ ലാസിയോ കഴിഞ്ഞ സീസണിൽ കോപ്പ ഇറ്റാലിയ കിരീടം ഉയർത്തിയിരുന്നു. കപ്പ് നേട്ടം ഈ വർഷം ലീഗ് കിരീടം ആക്കാൻ തന്നെയാവും ലാസിയോ ശ്രമിക്കുക.

Advertisement