വിജയം തുടർന്ന് യുവന്റസ്,ജയത്തോടെ ലീഗിൽ മൂന്നാമത്

സീസണിൽ വളരെ മോശം തുടക്കം ലഭിച്ച യുവന്റസ് തിരിച്ചു വരവിന്റെ പാദയിൽ. ഇന്ന് അവസാന സ്ഥാനക്കാരായ ഹെല്ലാസ് വെറോണയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന യുവന്റസ് ലീഗിൽ മൂന്നാം സ്ഥാനത്തേക്കും കയറി. പന്ത് കൈവശം വക്കുന്നതിൽ യുവന്റസ് മുൻതൂക്കം കണ്ടെങ്കിലും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് വെറോണ ആയിരുന്നു. മത്സരത്തിൽ യുവന്റസ് അത്ര മികവ് പുറത്ത് എടുത്തില്ല.
എങ്കിലും തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ വഴങ്ങാതെ ജയിക്കാൻ യുവന്റസിന് ആയി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60 മത്തെ മിനിറ്റിൽ റാബിയോറ്റിന്റെ പാസിൽ നിന്നു മോയിസ് കീൻ ഉതിർത്ത ഷോട്ട് എതിർ താരങ്ങളുടെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. കഴിഞ്ഞ നാലു കളികളിൽ നിന്നു കീൻ നേടുന്ന മൂന്നാം ഗോൾ ആയിരുന്നു ഇത്. 89 മത്തെ മിനിറ്റിൽ കെവിൻ ലെസാഗ്നക്ക് ഗോൾ നേടാനുള്ള അവസരം നിരസിച്ചു ബോക്സിന് തൊട്ടു മുന്നിൽ നിന്നു ഫൗൾ ചെയ്ത അലക്‌സ് സാൻഡ്രോ ചുവപ്പ് കാർഡ് കണ്ടതോടെ യുവന്റസ് 10 പേരായി ചുരുങ്ങി. തുടർന്ന് ലഭിച്ച ഫ്രീകിക്ക് പക്ഷെ മുതലാക്കാൻ വെറോണക്ക് ആയില്ല. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വേറോണക്ക് ഇത് തുടർച്ചയായ ഒമ്പതാം പരാജയം ആണ്.