മനോഹരം യുവന്റസ്!! വിജയത്തോടെ യുവന്റസിലെ പിർലോ യുഗം തുടങ്ങി!!

- Advertisement -

പിർലോയുടെ പരിശീലക അരങ്ങേറ്റം യുവന്റസിന്റെ വിജയത്തോടെ തന്നെ. ഇന്ന് സീരി എയിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ യുവന്റസ് സാമ്പ്ഡോറിയയെ വളരെ അനായാസമായാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു യുവന്റസ് വിജയിച്ചത്. അവസാന സീസണുകളിൽ കണ്ട വിരസമായ യുവന്റസിനെ ആയിരുന്നില്ല ഇന്ന് കണ്ടത്. വളരെ വേഗത്തിൽ നീക്കങ്ങൾ നടക്കുന്ന ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുന്ന യുവന്റസിനെ ആണ് ഇന്ന് കണ്ടത്.

പുതിയ സൈനിംഗ് മക്കെന്നിയെയും കുലുസെവേസ്കിയെയും ഒക്കെ ആദ്യ ഇലവനിൽ എത്തിച്ച് കാര്യമായ മാറ്റത്തോടെയുള്ള ഒരു ടീമിനെ ആയിരുന്നു ഇന്ന് പിർലോ ഇറക്കിയത്. തുടക്കം മുതൽ തന്നെ മികച്ച രീതിയിൽ കളിച്ച യുവന്റസ് 13ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. സ്വീഡിഷ് താരം കുലുസെവേസ്കിയുടെ ഒരു ഇടം കാലൻ ഷോട്ടാണ് സാമൊഡോറിയയുടെ വലയിൽ എത്തിയത്. ആ ഗോളിന് ശേഷം നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും 79ആം മിനുട്ടിൽ മാത്രമെ രണ്ടാം ഗോൾ വന്നുള്ളൂ. ബൊണൂചി ആയിരുന്നു ആ ഗോൾ നേടിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ 89ആം മിനുട്ടിലാണ് വന്നത്. മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും ഗോൾ നേടാൻ റൊണാൾഡോയ്ക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. ആദ്യ പകുതിയിൽ റൊണാൾഡോയുടെ ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങുകയും ചെയ്തിരുന്നു. ബ്രസീലിയൻ താരം ആർതുർ ഇന്ന് ബെഞ്ചിൽ ഉണ്ടായിരുന്നു എങ്കിലും കളത്തിൽ ഇറങ്ങിയില്ല.

Advertisement