റൊണാൾഡോ ഇല്ലെങ്കിൽ എന്ത്, ഹിഗ്വയിന്റെ മികവിൽ അറ്റലാന്റയെ വീഴ്ത്തി യുവന്റസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിലെ ഏറ്റവും വിഷമമുള്ള എവേ മത്സരം യുവന്റസ് വിജയിച്ചു. മികച്ച ഫോമിൽ ഉള്ള അറ്റലാന്റയ്ക്ക് എതിരെ ഇറങ്ങിയ യുവന്റസ് റൊണാൾഡോ ഇല്ലാതെയാണ് ഇന്ന് വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ഹിഗ്വയിൻ ആണ് ഇന്ന് യുവന്റസിന്റെ താരമായി മാറിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ ഹിഗ്വയിന് മൂന്ന് ഗോളുകളിലും പങ്കുണ്ടായിരുന്നു.

തുടക്കത്തി ഒരു പെനാൾട്ടി നഷ്ടമാക്കിയത് അറ്റലാന്റയ്ക്ക് തിരിച്ചടിയായി. 18ആം മിനുട്ടിൽ എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ അറ്റലാന്റയുടെ ബാരോയ്ക്ക് ആയില്ല. എങ്കിലും കളിയിലെ ആദ്യ ഗോൾ അറ്റലാന്റ തന്നെ നേടി. 56ആം മിനുട്ടിൽ ഗോസൻസിലൂടെ ആയിരുന്നു ആ ഗോൾ. അതിനു ശേഷമായിരുന്നു ഹിഗ്വയിൻ മാസ്റ്റർ ക്ലാസ്. ആദ്യം 74ആം മിനുട്ടിൽ പ്യാനിചിന്റെ പാസിൽ നിന്ന് സമനില ഗോൾ. പിന്നാലെ 82ആം മിനുട്ടിൽ കൊഡ്രാഡൊയുടെ പാസിൽ നിന്ന് ലീഡ് എടുത്ത രണ്ടാം ഗോളും ഹിഗ്വയിൻ നേടി.

കളിയുടെ അവസാന നിമിഷം ഡിബാല നേടിയ ഗോളവസരം ഒരുക്കാനും ഹിഗ്വയിനായി. ഈ വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം യുവന്റസ് നിലനിർത്തി. ഇപ്പോൾ 13 മത്സരങ്ങളിൽ നിന്നായി 35 പോയന്റാണ് യുവന്റസിനുള്ളത്.