മിലാനു മുന്നിൽ യുവന്റസ് തകർന്നടിഞ്ഞു, അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു

20210510 015701
- Advertisement -

യുവന്റസിന്റെ തകർച്ച തുടരുന്നു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയും യുവന്റസിൽ നിന്ന് അകലുകയാണ്‌. ഇന്ന് മിലാൻ ആണ് യുവന്റസിന്റെ ഗ്രൗണ്ടിൽ വന്ന് യുവന്റസിന്റെ തകർത്തെറിഞ്ഞത്. പിയോളിയുടെ ടീം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോലും ഇന്ന് യുവന്റസിനെ രക്ഷിക്കാൻ ആയില്ല. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു കളിയിലെ ആദ്യ ഗോൾ പിറന്നത്.

യുവതാരം ബ്രഹിം ഡയസാണ് മിലാന് ലീഡ് നൽകിയത്. രണ്ടാം പകുതിയിലും മിലാന്റെ ആധിപത്യം തുടർന്നു. 58ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ മിലാന് അവസരം കിട്ടി എങ്കിലും കെസ്സെ എടുത്ത പെനാൾട്ടി ലക്ഷ്യം കണ്ടില്ല. പക്ഷെ ആ പെനാൾട്ടി നഷ്ടപ്പെടുത്തിയത് മിലാനെ കാര്യമായി ബാധിച്ചില്ല. 78ആം മിനുട്ടിൽ റെബികിന്റെ മനോഹരമായ ലോങ് റേഞ്ചർ യുവന്റസ് വലയിൽ പതിച്ചതോടെ മിലാൻ 2-0ന് മുന്നിൽ എത്തി. പിറകെ 82ആം മിനുട്ടിൽ ഒരു ഹെഡറിൽ നിന്ന് ടൊമോരി മിലാന്റെ മൂന്നാം ഗോളും നേടി.

ഈ വിജയം മിലാനെ 72 പോയിന്റുമായി മൂന്നാമത് എത്തിച്ചു. 69 പോയിന്റുള്ള യുവന്റസ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.

Advertisement