
ഇറ്റാലിയൻ ലീഗ് കിരീടം തുടർച്ചയായ ഏഴാം തവണയും യുവന്റസ് തന്നെ ഉയർത്തി. ഇന്ന് റോമയ്ക്കെതിരെ നേടിയ ഗോൾരഹിത സമനിലയോടെ സീസണിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് യുവന്റസ് കിരീടത്തിൽ മുത്തമിട്ടത്. 37 മത്സരങ്ങളിൽ 92 പോയന്റോടെയാണ് കിരീട നേട്ടം. 37 മത്സരങ്ങളിൽ 88 പോയന്റുള്ള നാപോളിക്ക് ഇനി അവസാന മത്സരം വിജയിച്ചാലും യുവന്റസിനൊപ്പം എത്താൻ കഴിയില്ല.
യുവന്റസിന്റെ 34ആം ലീഗ് കിരീടമാണിത്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം ഉയർത്തിയ ക്ലബും യുവന്റസ് ആയി ഈ കിരീടത്തോടെ. കഴിഞ്ഞ ആഴ്ച മിലാനെ തോൽപ്പിച്ച് കോപ ഇറ്റാലിയയും സ്വന്തമാക്കിയ യുവന്റസ് തുടർച്ചയായ നാലു സീസണിലും ഡബിളും സ്വന്തമാക്കി. അലെഗ്രി മാനേജർ ആയതിനു ശേഷമുള്ള എല്ലാ സീസണിലും യുവന്റസ് ഇരട്ട കിരീടങ്ങൾ നേടി.
സീസണിൽ ഭൂരിഭാഗവും ലീഗ് ടേബിളിൽ ഒന്നാമതായിരുന്ന നാപോളിയെ അവസാന മാസങ്ങളിലാണ് യുവന്റസ് മറികടന്നത്. 18 കിരീടങ്ങൾ വീതമുള്ള മിലാൻ ക്ലബുകൾ യുവന്റസിന് ഒരുപാട് പിറകിലാണ് ഇപ്പോൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial