Site icon Fanport

വീണ്ടും ജയിക്കാൻ ആകാതെ യുവന്റസ്!

സീരി എയിൽ വീണ്ടും യുവന്റസിന് നിരാശ. തുടർച്ചയായ മൂന്നാം മത്സരത്തിലും അവർക്ക് ജയിക്കാൻ ആയില്ല. ഇന്നലെ നടന്ന മത്സരത്തിൽ സസുവോള ആണ് യുവന്റസിനെ സമനിലയിൽ പിടിച്ചത്. തുടക്കത്തിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്നിരുന്ന യുവന്റസ് അവസാനം 3-3ന്റെ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ ആദ്യ 12 മിനുട്ടുകളിൽ തന്നെ യുവന്റസ് രണ്ട് ഗോളിന് മുന്നിൽ എത്തിയിരുന്നു.

ഡനിലോയും ഹിഗ്വയിനും ആയിരുന്നു ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ഒരുക്കിയത് പ്യാനിച് ആയിരുന്നു. ഈ ഗോളുകൾക്ക് ശേഷം ഉണർന്ന സസുവോളോ യുവന്റസിനെ ഞെട്ടിച്ചു എന്ന് തന്നെ പറയാം. 29ആം മിനുട്ടിൽ ജുറിസിചിലൂടെ അവരുടെ ആദ്യ ഗോൾ വന്നു. 51ആം മിനുട്ടിൽ ബെറാഡി സസുവോളയ്ക്ക് സമനിലയും നേടിക്കൊടുത്തു. 54ആം മിനുട്ടിൽ കപുറ്റോയിലൂടെ മൂന്നാം ഗോളും അടിച്ച് സസുവോളോ 3-2ന് മുന്നിക് എത്തി.

64ആം മിനുട്ടിൽ അലക്സ് സാൻഡ്രീയുടെ ഗോളാണ് യുവന്റസിന് സമനില നേടിക്കൊടുത്തത്. ഇന്നലെ ലാസിയോയും പോയന്റ് നഷ്ടപ്പെടുത്തിയത് യുവന്റസിന് ആശ്വാസം നൽകും. യുവന്റസിന് ഇപ്പോൾ 33 മത്സരങ്ങളിൽ നിന്ന് 77 പോയന്റാണ് ഉള്ളത്. ഇപ്പോഴും 7 പോയന്റിന്റെ ലീഡ് യുവന്റസിന് ഉണ്ട്.

Exit mobile version