റെക്കോർഡുമായി യുവന്റസും റൊണാൾഡോയും

സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് വിജയക്കുതിപ്പ് തുടരുകയാണ്. എവേ മത്സരത്തിൽ ഫിയറൊന്റീനയെയും ഏകപക്ഷീയമായി തന്നെ യുവന്റസ് പരാജയപ്പെടുത്തി‌. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഫിയോറെന്റീനയെ ഓൾഡ് ലേഡി കീഴടക്കിയത്. വിജയത്തോടൊപ്പം ഒരു റെക്കോർഡ് കൂടി യുവന്റസും സൂപ്പർ താരം റൊണാൾഡോയും ഇന്നലെ സ്വന്തമാക്കി.

പതിനാലു മത്സരങ്ങളിൽ പതിമൂന്നും ജയിച്ച യുവന്റസ് നാല്പത് പോയന്റുകളാണ് നേടിയിരിക്കുന്നത്. 1994 നു ശേഷമുള്ള യുവന്റസിന്റെ മികച്ച തുടക്കമാണിത്. സീരി എ യിലെ ഒരു ജയത്തിനു മൂന്നു പോയന്റ് എന്ന സിസ്റ്റം നിലവിൽ വന്നത് 1994 ലാണ്. ഇതേ ഫോമിൽ തുടർന്നാൽ 108 പോയിന്റുമായി സീസൺ അവസാനിപ്പിക്കാൻ ബിയാങ്കോനേരികൾക്ക് സാധിക്കും.

2013-14 സീസണിൽ 102 പോയിന്റുമായി സീസൺ അവസാനിപ്പിച്ച അന്റോണിയോ കൊണ്ടെയുടെ യുവന്റസാണ് ഇറ്റാലിയൻ ലീഗിലെ റെക്കോർഡിനുടമകൾ. ഇത് തകർക്കുവാനുള്ള അവസരമാണ് മാസിമിലിയാനോ അല്ലെഗ്രിക്ക് ലഭിക്കുന്നത്. ഈ മത്സരത്തിന് ശേഷം സീരി എ യിലെ ഗോളുകളുടെ എണ്ണം പത്തായി ഉയർത്തി ക്രിസ്റ്റിയാനോ റൊണാൾഡോ. ഇതിനു മുൻപേ അരങ്ങേറ്റ സീസണിൽ പതിനാലു മത്സരങ്ങളിൽ യുവന്റസിന് വേണ്ടി പത്ത് ഗോളുകൾ നേടിയത് 1957-58 സീസണിൽ ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ ജോൺ ചാൾസാണ്.

Exit mobile version