ഇറ്റാലിയൻ ഫുട്‌ബോളിൽ ഇന്ററിന്റെ തിരിച്ചുവരവ്

- Advertisement -

ഇറ്റലിയിലെ ഏറ്റവും സ്ഥിരതയില്ലാതിരുന്ന ഫുട്‌ബോൾ ടീമിൽ നിന്ന് ഇന്റർ മിലാൻ വീണ്ടും പഴയ പ്രതാപത്തിലേക്ക്‌ മടങ്ങിയെത്തുന്നു. സീരി എ യിൽ ഒന്നാം സ്ഥാനത്, ഏറ്റവും ഗോളുകൾ നേടിയ താരം, ലീഗിലെ ഏറ്റവും മികച്ച പ്രതിരോധം അങ്ങനെ 2017-2018 സീരി എ യിൽ മികച്ച ഫോമിലാണ് ഇന്റർ മിലാൻ. മിലാനിൽ വൈരികളായ എ സി മിലാൻ പണം ഏറെ എറിഞ്ഞിട്ടും കഷ്ടപ്പെടുന്നു എന്നത് കൂടെ കണക്കിലെടുക്കുമ്പോൾ ഇന്റർ ആരാധകരുടെ സന്തോഷത്തിന് മധുരമേറുന്നു.

കഴിഞ്ഞ സീസണിൽ 7 ആം സ്ഥാനത് ഫിനിഷ് ചെയ്ത ടീമിന്റെ നാടകീയമായ തിരിച്ചു വരവായിരുന്നു ഈ സീസണിലെ പ്രകടനം. അതും ഏതാണ്ട് അതേ കളിക്കാരെ വച്ചാണ് ഈ നേട്ടം എന്നത് കണക്കിലെടുക്കുമ്പോൾ ഇന്ററിൽ പരിശീലകൻ ലൂസിയാനോ സ്പല്ലെറ്റിയുടെ തന്ത്രങ്ങൾക്ക് ഉള്ള പങ്ക് വ്യക്തമാക്കുന്നു. 4-2-3-1 ഫോർമേഷനിൽ ടീമിനെ അണിനിരത്തിയ സ്പല്ലെറ്റി തന്റെ ഫുൾ ബാക്ക്‌സിന് വിങ്ങേർമാരുടെ സഹായം കൂടെ നൽകിയതോടെ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധമായി ഇന്ററിന്റെ പ്രതിരോധം മാറി. 16 മത്സരങ്ങൾ പിന്നിട്ടപ്പോൾ കേവലം പത്ത് ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയത്. ഒരു മത്സരം പോലും തോറ്റിട്ടും ഇല്ല.

അവസാന സീസണിൽ കളിച്ച പ്രതിരോധത്തിലെ 3 പേരെ സ്പല്ലെറ്റി നില നിർത്തിയെങ്കിലും 22 കാരൻ സ്ലോവാക്യൻ ഡിഫൻഡർ സ്‌ക്രിനിയറിന്റെ വരവാണ് ശ്രദ്ധേയമായത്‌. മിലാന്റെ സെൻട്രൽ ഡിഫെൻസിന് താരത്തിന്റെ വരവ് പുതിയ ഊർജമാണ് സമ്മാനിച്ചത്. പ്രതിരോധത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരം ലീഗിലെ പ്രമുഖ സ്‌ട്രൈകർമാരായ ഹിഗ്വെയ്ൻ, മെർട്ടൻസ്, ബെലോട്ടി എന്നിവർക്കെതിരെയെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.  ക്യാപ്റ്റൻ മൗറോ ഇക്കാർഡിയുടെ മിന്നും ഫോമും ഇന്ററിന്റെ കുതിപ്പിന് ഊർജം പകർന്നു. ലീഗിൽ ഇന്റർ ഇതുവരെ നേടിയ 33 ഗോളിൽ 16 ഉം നേടിയത് ഈ ആർജന്റീൻകാരനാണ്. വിങ്ങർ കന്ദ്രേവയും പെരിസിച്ചുമായുള്ള ഇക്കാർഡിയുടെ മികച്ച പങ്കാളിത്തവും ഇന്ററിന് സഹായകരമായി. ലീഗിൽ 7 അസിസ്റ്റുമായി കന്ദ്രേവയാണ് മുന്നിൽ.

ഇതുവരെ കാര്യങ്ങൾ മികച്ച രീതിയിൽ പോകുന്നുണ്ടെങ്കിലും യുവന്റസ് ഫോം വീണ്ടെടുത്തതും, നാപോളിയുടെ മികച്ച ഫോമും ഇന്ററിന് കിരീട പോരാട്ടത്തിൽ കനത്ത വെല്ലുവിളിയാവും എന്ന് ഉറപ്പാണ്. നിലവിൽ ആദ്യ മൂന്ന് സ്ഥാനക്കാരായ ഇന്റർ, നാപോളി, യുവന്റസ് എന്നിവർ തമ്മിലുള്ള ദൂരം കേവലം ഒരു പോയിന്റ് മാത്രമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement