സീരി എയിൽ ഇന്റർ മിലാൻ Vട എ.എസ് റോമ തീപാറും പോരാട്ടം.

- Advertisement -

സീരി എ കിരീടത്തിലും ആദ്യ നാലിനും നിർണ്ണായകമായ പോരാട്ടമാവും ഇന്നത്തെ ഇന്റർ, റോമ പോരാട്ടം. ലീഗിൽ യുവന്റെസിന് 10 പോയിന്റ് പിറകിലായ റോമയെ സംബന്ധിച്ച് ഇന്ന് ജയിച്ചെ മതിയാവൂ. ലീഗിലും യൂറോപ്പ ലീഗിലും വമ്പൻ ജയവുമായി മികച്ച ഫോമിലാണ് റോമ. ചെക്കോ ഗോളടിച്ച് കൂട്ടുമ്പോൾ നൈഗാളൻ, സലാഹ് തുടങ്ങിയ താരങ്ങളും ഉജ്ജ്വല ഫോമിലാണ്. മറുവശത്ത് ആദ്യ നാലിലേക്ക് തിരിച്ചെത്താൻ ഇന്ററിന് ഇന്ന് ജയം അത്യാവശ്യമാണ്. സമീപകാലത്തെ മികച്ച ഫോം തുടരാൻ ശ്രമിക്കുന്ന ഇന്ററിന് പെരിസിച്ച്, ക്യാപ്റ്റൻ ഇക്ക്വാർഡി എന്നിവരുടെ പ്രകടനങ്ങളാവും നിർണ്ണായകമാവുക. തിങ്കളാഴ്ച്ച പുലർച്ചെ 1.15 നാണ് ഈ മത്സരം നടക്കുക.

ലീഗിൽ ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ഉഡിനേസിയാണ് ലാസിയോയുടെ എതിരാളികൾ. ലീഗിൽ ആദ്യ നാല് ലക്ഷ്യമിടുന്ന എ.സി മിലാന്റെ  എതിരാളികൾ സസോളയും. ലീഗിൽ ലാസിയോ ആറാമതും എ.സി മിലാൻ ഏഴാം സ്ഥാനത്തുമാണിപ്പോൾ. ചൊവ്വാഴ്ച്ച പുലർച്ചെയാണ് തുല്യ ശക്തികളായ ഫിയോറെന്റീനോ ടോറിനോ പോരാട്ടം.

സീരി എയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എമ്പോളിയെ 2-0 ത്തിനു മറികടന്ന യുവൻ്റെസ് കിരീടസാധ്യത വർദ്ധിപ്പിച്ചു. ലീഗിൽ 10 പോയിൻ്റ് ലീഡ് സ്വന്തമാക്കിയ അവർ തന്നെ ലീഗിൽ കിരീടമുയർത്താനാണ് സാധ്യത. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റക്കെതിരെ നാപ്പോളി ഞെട്ടിക്കുന്ന പരാജയം ഏറ്റ് വാങ്ങി. സ്വന്തം മൈതാനത്ത് 10 പേരായി ചുരുങ്ങിയ അറ്റ്ലാന്റക്കെതിരെ 2-0 ത്തിനാണ് നാപ്പോളി തോറ്റത്. ഇതോടെ നാപ്പോളിയുടെ കിരീട സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. ജയത്തോടെ ഇന്റർ മിലാനെ മറികടന്ന് ആദ്യ നാലിലെത്താൻ അറ്റ്ലാന്റക്കായി.

Advertisement