ജയം കണ്ട് ഇൻ്റർ, സീരി എയിൽ പ്രമുഖർ ഇറങ്ങുന്നു.

ഒറ്റ നോട്ടത്തിൽ യുവൻ്റെസ് വീണ്ടുമൊരു കിരീടത്തിലേക്ക് പോകുമെന്ന് തോന്നുമെങ്കിലും യുവെക്ക് കിരീട നേട്ടം അത്ര എളുപ്പമാവില്ല ഇത്തവണ. റോമ, നാപ്പോളി ടീമുകൾ അതിനാൽ തന്നെയാണ് കിരീടം സ്വപ്നം കാണുന്നത്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ അവസാന നിമിഷം നേടിയ ഗോളിൽ ചിയേവോ കരുത്തരായ ലാസിയോയെ ഒറ്റ ഗോളിന് അട്ടിമറിച്ചു. ലീഗിൽ അഞ്ചാമതുള്ള ലാസിയോക്ക് അപ്രതീക്ഷിതമായിരുന്നു ഈ ഫലം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ പെസ്കാരയെ 3-0 ത്തിനു തകർത്ത ഇൻ്റർ മിലാൻ ഇതോടെ ലീഗിൽ നാലാം സ്ഥാനതെത്തി. ഫോമിലേക്ക് തിരിച്ചെത്തിയ ഇൻ്റർ പ്രധാനമായും ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെയാണ് ലക്ഷ്യം വക്കുന്നത്.

ലീഗിൽ ഒന്നാമതുള്ള യുവൻ്റെസ് ദുർബലരായ സുസോളയെയാണ് ഇന്ന് നേരിടുക. ഹിഗ്വയിൻ, ഡൈബാല തുടങ്ങിയവർ കൂടി ഫോമിലെത്തിയതിനാൽ വമ്പൻ ജയമാവും യുവെ ലക്ഷ്യമിടുക. ഇന്ന് 7.30 തിനാണ് ഈ മത്സരം നടക്കുക. ഇതേ സമയം തന്നെ നടക്കുന്ന മത്സരത്തിൽ സന്തോറിയയാണ് ലീഗിൽ രണ്ടാമതുള്ള റോമയുടെ എതിരാളികൾ. ഏദൻ ചെക്കോയുടെ മികവിൽ ജയം സ്വന്തമാക്കാനാവും യുവെയെക്കാൾ വെറും 1 പോയിൻ്റ് പിറകിലുള്ള റോമ ശ്രമം. ഇതേ സമയം തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ആദ്യ നാലു ലക്ഷ്യമിടുന്ന എ.സി മിലാൻ ഉഡിനേസെയെ നേരിടും. കഴിഞ്ഞ 2 മത്സരങ്ങളിൽ ജയിക്കാനാവാത്ത മിലാനെ സംബന്ധിച്ച് പ്രധാനമാണ് ഈ മത്സരം.

ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്ക് നടക്കുന്ന മത്സരത്തിൽ തുല്യശക്തികളായ ടോറിനോയും അറ്റ്ലാന്റയും നേർക്ക് നേർ വരും. സീസണിൽ മികവ് പുലർത്തുന്ന അറ്റ്ലാന്റ ആറാമതും, ടോറിനോ ഒമ്പതാം സ്ഥാനത്തുമാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 1.15 നാണ് നാപ്പോളി പലേർമോ പോരാട്ടം. കിരീടം തന്നെ ലക്ഷ്യമിടുന്ന നാപ്പോളി ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന പലേർമോക്കെതിരെ വമ്പൻ ജയമാവും നാപ്പോളി ലക്ഷ്യമിടുക. മിലിക് തിരിച്ച് വരവിനൊരുങ്ങുന്നതും മെർട്ടൻസിൻ്റെ ഫോമും അവർക്ക് ആത്മവിശ്വാസം പകരുന്നു.

Previous articleവീണ്ടും സമനില, അത്ലെറ്റിക്കോ മാഡ്രിഡിന്റെ കിരീടസ്വപ്നങ്ങൾക്ക് മങ്ങൽ
Next articleലാ ലീഗയിൽ പ്രമുഖർ ഇറങ്ങുന്നു