Local Sports News in Malayalam

സ്പെലേറ്റിയുടെ ഇന്റർ റോമക്കെതിരെ, സീരി എയിൽ സൂപ്പർ പോരാട്ടം

സീരി എയെ ചൂടു ‌പിടിപ്പിക്കുന്ന ആദ്യ സൂപ്പർ പോരാട്ടത്തിനാവും നാളെ പുലർച്ചെ ഇന്ത്യൻ സമയം 12.15 ന് നടക്കുന്ന എ.എസ് റോമ, ഇന്റർ മിലാൻ പോരാട്ടത്തിലൂടെ തുടക്കമാവുക. റോമ, ഇന്റർ പോരാട്ടമെന്നതിനെക്കാൾ മുൻ കോച്ച് ലൂസിയാനോ സ്പെലേറ്റിയും റോമയും തമ്മിലുള്ള പോരാട്ടമായാണ് മത്സരത്തെ പലരും വിലയിരുത്തുന്നത്. കഴിഞ്ഞ സീസണുകളിൽ റോമയെ സീരി എയിലെ മികച്ച ശക്തിയായി തിരിച്ച് കൊണ്ട് വന്നതിൽ പ്രധാനപങ്ക് വഹിച്ചെങ്കിലും സ്പെലേറ്റിയെ പക്ഷെ റോമയിൽ കാത്തിരിക്കുക ആരാധകരുടെ അധിക്ഷേപങ്ങളാണെന്നുറപ്പാണ്. കഴിഞ്ഞ 2 സീസണുകളായി ഇതിഹാസ താരം ഫ്രാൻസിസ്കോ ടോട്ടിയും സ്പെലേറ്റിയും തമ്മിൽ നിലനിന്നിരുന്ന കലഹം റോമ ആരാധകർക്കിടയിൽ സ്പെലേറ്റിക്ക് വില്ലൻ പരിവേശം നൽകിയിരുന്നു. കഴിഞ്ഞ സീസൺ അവസാനം സ്പെലേറ്റി റോമ വിടാനുള്ള പ്രധാന കാരണങ്ങളിലൊന്നും ടോട്ടി വിഷയത്തിൽ റോമ ആരാധകരുടെ ഈ അതൃപ്തി തന്നെയായിരുന്നു. അതിനാൽ തന്നെ ഇന്റർ മിലാനെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വരാനൊരുങ്ങുന്ന സ്പെലേറ്റിയെ കാത്തിരിക്കുക റോമ ആരാധകരുടെ കൂക്കി വിളികൾ തന്നെയാവും.

ക്യാപ്റ്റൻ ടോട്ടി, മുഹമ്മദ് സലാഹ്, ഷെസ്നി തുടങ്ങിയവരുടെ അഭാവത്തിൽ പുതിയ കോച്ച് യുസേബിയോ ഫ്രാൻസിസിനു താഴെ ഇറങ്ങുന്ന റോമ കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് അത്ര ശക്തമല്ല. എങ്കിലും കഴിഞ്ഞ സീസണിൽ തിളങ്ങിയ അറ്റ്ലാന്റക്കെതിരെ ജയത്തോടെ തുടങ്ങാനായത് അവർക്ക് ആശ്വാസം പകരുന്നുണ്ട്. ഗോളോടെ റോമ അരങ്ങേറ്റം ഗംഭീരമാക്കിയ കോറലോവ്, ക്യാപ്റ്റൻ ഡി റോസി, നൈഗോൾഡൻ, ഏഡൻ ചെക്കോ എന്നിവരടങ്ങിയ റോമ പക്ഷെ എഴുതി തള്ളാവുന്ന ടീമല്ല. എ.സി മിലാനെപ്പോലെ കാശ് വാരി എറിഞ്ഞില്ലെങ്കിലും മികച്ച താരങ്ങളെ നിലനിർത്താനായതും സ്പെലേറ്റിയെ ടീമിലെത്തിക്കാനായതുമാണ് ഇന്ററിന്റെ എറ്റവും വലിയ നേട്ടങ്ങൾ. ക്യാപ്റ്റൻ മാർക്കോ ഇക്വാർഡി, പെരിസിച്ച്, ജോ മാരിയോ എന്നിവരടങ്ങിയ ടീം എന്തിനും പോന്നവരാണ്. അതിനുള്ള തെളിവായിരുന്നു കഴിഞ്ഞ കളിയിൽ കരുത്തരായ ഫിയോറെന്റീനയെ ഇന്റർ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തത്. സ്പെലേറ്റിയുടെ ഇന്റർ റോമയിൽ എത്തുമ്പോൾ മത്സരം തീപാറും എന്നുറപ്പാണ്.

ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ യുവന്റെ സിന്റെ എതിരാളികൾ ജെനോവയാണ്. ആദ്യ മത്സരം ആധികാരികമായി ജയിച്ച് തുടങ്ങിയ അലഗ്ഗിരിയും സംഘവും ജെനോവക്കെതിരെയും വമ്പൻ ജയമാവും ലക്ഷ്യമിടുക. ഡിബാല, ഹിഗ്വയിൻ തുടങ്ങിയവരടങ്ങിയ മുന്നേറ്റവും മെറ്റ്യൂഡി, ഡഗ്ലസ് കോസ്റ്റ എന്നീ പുതുമുഖങ്ങളും കൂടി ചേർന്ന മധ്യനിരയും എന്നത്തേയും പോലെ അതിശക്തമാണ്. ബെന്യൂച്ചിയെ നഷ്ടമായെങ്കിലും ചെല്ലിനി നയിക്കുന്ന യുവന്റെസ് പ്രതിരോധം പാറ പോലെ ശക്തമാണ്. ഗോൾ വലക്ക് കീഴിൽ ഇതിഹാസ താരം ബുഫണെ തഴഞ്ഞ് ഷെൻസിയെ ഗ്ലൗ ഏൽപ്പിക്കാൻ അല്ലഗ്ഗിരി ഇന്ന് തയ്യാറാവുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയ ജെനോവക്ക് യുവന്റെസിനെ അട്ടിമറിക്കുക ബാലികേലാമലയാവും. ലീഗിൽ മറ്റൊരു മത്സരത്തിൽ പുതുമുഗങ്ങളായ ബെനെവെന്റേയാണ് ബൊളോഗ്നയുടെ എതിരാളികൾ. കരുത്തരായ ടോറിനോയെ തളച്ച ആത്മവിശ്വാസവുമായിറങ്ങുന്ന ബൊളോഗ്ന ലീഗിലെ ആദ്യ ജയമാവും ഇന്ന് ലക്ഷ്യമിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 തിനാണ് ഇരു മത്സരങ്ങളും നടക്കുക. സോണി നെറ്റ് വർക്കിൽ സീരി എ മത്സരങ്ങൾ തൽസമയം കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like