മിലാൻ ഡെർബിയിൽ ആവേശ തിരമാല!! ഇന്റർ മിലാന്റെ ക്ലാസിക് തിരിച്ചുവരവ്

- Advertisement -

മിലാൻ ഡെർബിയിൽ ഇന്നലെ ആവേശ തിരമാല തന്നെയടിച്ചു എന്ന് പറയാം. ഇറ്റാലിയൻ ലീഗിൽ നടന്ന പോരാട്ടത്തിൽ ഇന്റർ മിലാൻ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-2ന്റെ വിജയം സ്വന്തമാക്കി. ഇന്റർ മിലാന് ലീഗിന്റെ തലപ്പത്തേക്ക് തിരികെയെത്താനും ഈ വിജയം കൊണ്ടായി. ആദ്യ പകുതിയിൽ ഇബ്രാഹിമോവിചിന്റെ മികവിൽ രണ്ട് ഗോളിന് മുന്നിൽ എത്താൻ മിലാന് ആയിരുന്നു.

40ആം മിനുട്ടിൽ ഇബ്രയുടെ പാസിൽ നിന്ന് റെബിചിലൂടെ മിലാൻ ആദ്യം ലീഡിൽ എത്തി. പിന്നാലെ ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഇബ്രാഹിമോവിചിന്റെ ഗോളിലൂടെ മിലാൻ 2 ഗോളുകൾക്ക് മുന്നിൽ എത്തി. എന്നാൽ രണ്ടാം പകുതിയിൽ ഇന്റർ മത്സരത്തിലേക്ക് തിരികെ വന്നു. 51ആം മിനുട്ടിൽ ബ്രൊസോവിചിലൂടെ ഇന്ററിന്റെ ആദ്യ ഗോൾ വന്നു. 54ആം മിനുട്ടിൽ വെസിനോയിലൂടെ ഇന്റർ സമനിലയും നേടി.

70ആം മിനുട്ടിൽ ഡെ വ്രിജിയിലൂടെ ആണ് ആദ്യമായി ഇന്റർ ലീഡിൽ എത്തിയത്. പിന്നാലെ ലുകാകുവിന്റെ ഗോളിൽ 4-2ന്റെ വിജയവും ഇന്റർ മിലാൻ ഉറപ്പിച്ചു. ജയത്തോടെ ഇന്റർ മിലാന് യുവന്റസിനൊപ്പം 54 പോയന്റായി.

Advertisement