റോമാ സാമ്രാജ്യം കീഴടക്കി ഇക്കാർഡി

ഇന്ന് അർജന്റീനക്കാരുടെ ദിവസമാണെന്ന് കരുതണം. ആദ്യം മെസ്സിയുടെ ഡബിൾ ബാഴ്സക്കു വേണ്ടി, പിന്നെ യുവന്റസിന് ഡിബാലയുടെ ഹാട്രിക്ക്, അവസാനം റോമ ഇന്റർമിലാൻ സൂപ്പർ പോരാട്ടത്തിൽ ഡബിളുമായി മറ്റൊരു അർജന്റീനക്കാരൻ. ഇക്കാർഡിയാണ് ഇന്ററിനു വേണ്ടി റോമൻ തട്ടകത്തിൽ ചെന്ന് ഇരട്ടഗോളുകളുമായി റോമയെ തകർത്തത്.
ജെക്കോയുടെ ഗോളിലൂടെ തുടക്കത്തിൽ ലീഡെടുത്തു എങ്കിലും റോമ നിരവധി അവസരങ്ങളാണ് ആദ്യ പകുതിയിലുടനീളം തുലച്ച് കളഞ്ഞത്. അതിന്റെ വില രണ്ടാം പകുതിയിൽ നൽകേണ്ടിയും വന്നു റോമയ്ക്ക്. രണ്ടാം പകുതിയിൽ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയ ഇന്റർ ഇക്കാർഡിയിലൂടെ 67ാം മിനുട്ടിൽ ഒപ്പം എത്തി. ഇന്റർ വിങ്ങർ ഇവാൻ പെരിസിചിന്റെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ പെരിസിച് തന്നെയായിരുന്നു ഇന്ററിനെ പിന്നീടങ്ങോട്ട് നയിച്ചത്. ഇക്കാർഡിയുടെ രണ്ടാം ഗോളിന് വഴി ഒരുക്കിയതും പെരിസിച് തന്നെ. 77ാം മിനുട്ടിലായിരുന്നു ഇന്ററിനു ലീഡ് നേടികൊടുത്ത ഇക്കാർഡി ഗോൾ പിറന്നത്.
87ാം മിനുട്ടിൽ ഇടതു വിങ്ങിലൂടെ ഡ്രിബിൾ ചെയ്തു കയറിയ പെരിസിച്ചിന്റെ പാസിൽ നിന്ന് വെസിനോയുടെ ഫിനിഷിലൂടെ ഇന്റർ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു. ഇന്ററിന്റെ അവസാന മത്സരത്തിലും ഇക്കാർഡി ഇരട്ട ഗോളുകൾ നേടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial