വീണ്ടും വിജയം, ഇറ്റാലിയൻ ലീഗ് കിരീടം ഇന്ററിന് ഒരു പോയിന്റ് മാത്രം അകലെ

ഇറ്റലിയിലെ ലീഗ് കിരീടത്തിൽ ഇന്റർ മിലാൻ ഒരു കൈവെച്ചു എന്ന് പറയാം. ഇന്ന് ക്രോട്ടോണിനെ തോൽപ്പിച്ചതോടെ ഇന്റർ മിലാൻ കിരീടത്തിന് ഒരു പോയിന്റ് മാത്രം അകലെ എത്തിയിരിക്കുകയാണ്. നാളെ അറ്റലാന്റ വിജയിക്കാതെ ഇരുന്നാൽ ഇന്റർ മിലാന് ലീഗ് കിരീടം സ്വന്തമാക്കാം. ഇന്ന് എവേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം.

രണ്ടാം പകുതിയിൽ ആയിരുന്നു രണ്ടു ഗോളുകളും പിറന്നത്. 69ആം മിനുട്ടിൽ എറിക്സൺ ആണ് ലീഡ് നൽകിയത്. ലുകാകുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു എറിക്സൺ ഗോൾ അടിച്ചത്. 90ആം മിനുട്ടിൽ ഹകിമി ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ ഇന്റർ മിലാന് 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. 68 പോയിന്റുമായി നിൽക്കുന്ന അറ്റലാന്റയ്ക്ക് മാത്രമേ ഇനി ഇന്റർ മിലാനൊപ്പം എത്താൻ ആവുകയുള്ളൂ. നാളെ സസുവോളയെ ആണ് അറ്റലാന്റ നേരിടേണ്ടത്.