ഇഞ്ച്വറി ടൈമിൽ പെനാൾട്ടി കളഞ്ഞ് ഡിബാല, യുവന്റസിന് തോൽവി

- Advertisement -

 

95 മിനുട്ട് വരെ‌ 2-1ന് യുവന്റസിന്റെ തട്ടകത്തിൽ ലാസിയോ ലീഡ് ചെയ്ത മത്സരത്തിൽ അവസാന നിമിഷമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 96ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ ലാസിയോ താരം പാട്രിക്ക് ഫൗൾ ചെയ്യുന്നു. റഫറി പെനാൾട്ടി ആദ്യം വിളിച്ചില്ലാ എങ്കിലും വീഡിയോ റീപ്ലേയുടെ സഹായത്തോടെ യുവന്റസിന് അനുകൂലമായി പെനാൾട്ടി വിധിച്ചു.

പെനാൾട്ടി എടുക്കാൻ യുവന്റസിന്റെ പത്താം നമ്പർ ഡിബാല. ലാസിയോ നിരാശയിലും യുവന്റസ് ആരാധകർ ആശ്വാസത്തിലും നിന്നിരുന്ന നിമിഷം. പക്ഷെ ഡിബാലയ്ക്ക് പിഴച്ചു. ലാസിയോ കീപ്പർ സ്റ്റകോഷ പെനാൾട്ടി തടഞ്ഞ് കൊണ്ട് ലാസിയോയ്ക്ക് ശ്വാസം തിരികെ നൽകി. രണ്ട് വർഷത്തിനു ശേഷമാണ് ഇറ്റാലിയൻ ലീഗിൽ സ്വന്തം തട്ടകത്തിൽ യുവന്റസ് പരാജയപ്പെടുന്നത്.

ആദ്യ പകുതിയിൽ ഡഗ്ലസ് കോസ്റ്റയുടെ ഗോളിൽ ലീഡെടുത്ത ഇറ്റാലിയൻ ചാമ്പ്യന്മാരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇമ്മൊബിലെ ഇരട്ടഗോളുകളാണ് പിറകിലാക്കിയത്. നേരത്തെ സീസൺ തുടക്കത്തിൽ ഇറ്റാലിയൻ സൂപ്പർ കപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ഇമ്മൊബിലെ ഇരട്ട ഗോളുകൾ ലാസിയോയെ വിജയിപ്പിച്ചിരുന്നു.

ജയത്തോടെ ലാസിയോയും ടേബിളിൽ യുവന്റസിനൊപ്പം എത്തി. ഒരേ പോയന്റ് ആണെങ്കിലും മെച്ചപ്പെട്ട ഗോൾ ശരാശരിയുള്ള യുവന്റസ് രണ്ടാമതും ലാസിയോ മൂന്നാമതുമാണ്. നാപോളിയാണ് ലീഗിൽ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement