പരിക്ക് മാറി ഗോഡിൻ തിരികെ എത്തുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റനും ഇതിഹാസവുമായ സെന്റർ ബാക്ക് ഡിയേഗോ ഗോഡിന്റെ ഇറ്റലിയിലെ അരങ്ങേറ്റം ഈ ആഴ്ച നടക്കും. ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ എത്തിയ താരം പരിക്കിന്റെ പിടിയിലായതോടെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാൻ ആയിരുന്നില്ല. പ്രീസീസൺ സമയത്തായിരുന്നു ഗോഡിന് പരികേറ്റത്. ഗോഡിൻ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

താരം ഉഡിനെസെയ്ക്ക് എതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയേക്കും. അന്റോണിയോ കോണ്ടെ ഇന്റർ മിലാൻ ഡിഫൻസിനെ നയിക്കാൻ ആണ് ഗോഡിനെ ടീമിൽ എത്തിച്ചത്. ഇറ്റലിയിൽ ഏറ്റവും കൂടുതൽ ശംബളം വാങ്ങുന്ന താരങ്ങളിൽ ഒരാളായാണ് ഗോഡിൻ ഇന്ററിൽ എത്തിയത്. 33കാരനായ ഗോഡിൻ 2010 മുതൽ അത്ലറ്റിക്കോ മാഡ്രിഡിൽ ആയിരുന്നു കളിച്ചത്. 300ൽ അധികം മത്സരങ്ങൾ അത്ലറ്റിക്കോ ജേഴ്സിയിൽ കളിച്ച താരമാണ് ഗോഡിൻ. അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കിരീടം, രണ്ട് യൂറോപ്പ ലീഗ് കിരീടം ഒരു കോപ ഡെൽ റേ എന്നിവയും ഗോഡിൻ നേടിയിട്ടുണ്ട്. ഒപ്പം രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡ് എത്തിയപ്പോഴും ഗോഡിൻ ടീമിലെ പ്രധാന താരമായി ഉണ്ടായിരുന്നു. ഇന്റർ മിലാനെ ലീഗ് കിരീടത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഗോഡിനെ ക്ലബ് ഇറ്റലിയിൽ എത്തിച്ചിരിക്കുന്നത്. ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ.