primus mobile
primus mobile

ഗോളടി നിർത്താൻ കഴിയാതെ ഡിബാല, യുവന്റസിന് നാലു ഗോൾ ജയം

ഇറ്റാലിയൻ ലീഗിൽ ഗോൾ മഴ പെയ്യിച്ച് ഡിബാലയും സഖ്യവും മുന്നേറുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ടൊറീനോയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് യുവന്റസ് തകർത്തത്. ഇരട്ട ഗോളുമായി അർജന്റീനൻ താരം ഡിബാല വീണ്ടും യുവന്റസിനായി തിളങ്ങി. രണ്ട് അസിസ്റ്റും ഒരു ഗോളുനായി പിജാനിച്ചും ഇന്ന് യുവന്റസിനായി മികച്ചു നിന്നു.

പിജാനിച്ചിന്റെ പാസിൽ നിന്ന് ഡിബാലയിലൂടെ പതിനാറാം മിനുട്ടിൽ തന്നെ യുവന്റസ് മുന്നിലെത്തിയിരുന്നു. 24ആം മിനുട്ടിൽ ടൊറീനോ താരം ബസെല്ലി ഹൈ ബൂട്ട് ചാലഞ്ചിന് ചുവപ്പു കണ്ടതോടെ യുവന്റസിന് കാര്യങ്ങൾ എളുപ്പമായി. 49ആം മിനുട്ടിൽ പിജാനിചും 57ആം മിനുട്ടിൽ അലക്സ് സാൻഡ്രോയും യുവന്റസിനായി ലക്ഷ്യം കണ്ടു. കളിയുടെ അവസാന നിമിഷങ്ങളിലായിരുന്നു ഡിബാലയുടെ രണ്ടാം ഗോൾ.

ഇന്നത്തെ ഇരട്ട ഗോളുകളോടെ ലീഗിൽ ആറു മത്സരങ്ങളിൽ നിന്നായി 10 ഗോളുകളായി ഡിബാലയുടെ പേരിൽ. ഇറ്റാലിയൻ ലീഗിൽ 21ആം നൂറ്റാണ്ടിലെ ഒരു താരത്തിന്റെ ഏറ്റവും മികച്ച തുടക്കമാണ് ഇത്. ഇന്നത്തെ ജയത്തോടെ ആറിൽ ആറും വിജയിച്ച് 18 പോയന്റ് ആയെങ്കിലും യുവന്റസ് അല്ല ലീഗിൽ ഒന്നാമത് ഉള്ളത്. മികച്ച ഗോൾ ഡിഫറൻസുമായി നാപൊളിയാണ് ലീഗിൽ ഇപ്പോൾ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave a Comment