“ബാഴ്സലോണ വലിയ ടീം തന്നെ പക്ഷെ തനിക്ക് യുവന്റസിൽ തുടരാൻ ആണ് താല്പര്യം” – ഡിബാല

ബാഴ്സലോണയിലേക്കോ മറ്റു ക്ലബുകളിലേക്കോ പോകാൻ താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല എന്ന് ഡിബാല. മെസ്സിക്ക് ഒപ്പം ക്ലബിലും കളിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ഡിബാലയുടെ മറുപടി. ബാഴ്സലോണ വലിയ ക്ലബാണ്‌. മെസ്സി ഉള്ളത് കൊണ്ട് അവർ വലിയ ക്ലബ് എന്നതിനും മുകളിൽ പോകുന്നു. അവിടെ കളിക്കുന്നത് നല്ല അനുഭവമായിരിക്കും. എന്നാൽ തനിക്ക് യുവന്റസിനോടാണ് പ്രിയം. ഡിബാല പറഞ്ഞു.

യുവന്റസും വലിയ ക്ലബാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ബുഫണെയും പോലുള്ള ഇതിഹാസങ്ങൾ യുവന്റസ് ക്ലബിന്റെ മൂല്യം കൂട്ടുന്നുണ്ട് എന്നും ഡിബാല പറഞ്ഞു. ക്ലബ് വിട്ട് പോകാൻ പല ഓഫറുകളും തനിക്ക് വന്നിരുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം തന്നെ സമീപിച്ചിരുന്നു എന്നും ഡിബാല പറഞ്ഞു. യുവന്റസിൽ തന്നെ തുടരണമെന്നും പുതിയ കരാർ സമീപ ഭാവിയിൽ തന്നെ ഒപ്പുവെക്കും എന്നും അർജന്റീന താരം കൂട്ടിച്ചേർത്തു.