ഡഗ്ലസ് കോസ്റ്റ യുവന്റസിൽ

ബയേൺ മ്യൂണിക്കിന്റെ വിങ്ങർ ഡഗ്ലസ് കോസ്റ്റ സീരി എ വമ്പന്മാരായ യുവന്റസിൽ. 2 വർഷത്തേക്ക് ലോണിലാണ് കോസ്റ്റ ഇറ്റലിയിലേക്ക് പറക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ബ്രസീലിയൻ സൂപ്പർ സ്റ്റാർ 5 മില്ല്യൺ യൂറോയ്ക്ക് ആണ് യുവന്റസിലേക്ക് പോകുന്നത്. ബവേറിയന്മാരുടെ അക്രമണനിരയിൽ പ്രധാനിയായിരുന്ന കോസ്റ്റ ടൂറിനിൽ ഇന്ന് മെഡിക്കൽ കഴിഞ്ഞിരിക്കുകയാണ്. 2015ൽ ആണ് ബുണ്ടസ് ലീഗയിലേക്ക് ബ്രസീലിയൻ താരമെത്തുന്നത്. ഇറ്റാലിയൻ ചാമ്പ്യന്മാരുടെ അടുത്തേക്ക് കോസ്റ്റ പോകുന്നത് റയലിൽ നിന്നും ഹാമിഷ് റോഡ്രിഗസ് എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണെന്നുള്ളത് ശ്രദ്ധേയമാണ്.

5 വർഷം ഉക്രെയിൻ ടോപ്പ് ലീഗിലെ ഷക്തർ ഡോനെട്സ്കിൽ തുടർന്ന കോസ്റ്റ 2015ൽ ആണ് ബയേൺ മ്യൂണിക്കിൽ എത്തുന്നത്. ബവേറിയന്മാർക്ക് വേണ്ടി 50 മൽസരം കളിച്ച കോസ്റ്റ 8 ഗോളുകൾ നേടി. 26 കാരനായ വിങ്ങറുടെ കരാറിൽ 35 മില്ല്യൺ യൂറോയ്ക്ക് ഡീൽ പെർമനന്റ് ആക്കാനുള്ള ഉപാധിയുമുണ്ട്. കഴിഞ്ഞ സീസണിൽ ബയേണിനു വേണ്ടി 23 ലീഗ് മൽസരം കളിച്ച് നാലുവട്ടം സ്കോർ ചെയ്യാനും കോസ്റ്റയ്ക്ക് സാധിച്ചിരുന്നു. ഗോളടിക്കാനും ഗോളടിപ്പിക്കാനുമുള്ള താരത്തിന്റെ കഴിവാണ് കോസ്റ്റയെ ആൻസലോട്ടിക്ക് പ്രിയങ്കരനാക്കിയത്. ഇതേ ക്രിയേറ്റീവിറ്റിയാണ് മാസിമില്ലിയാനോ അല്ലെഗ്രിക്ക് വേണ്ടതും. ഇത്തവണ കൈവിട്ട് പോയ ചാമ്പ്യൻസ് ലീഗ് തിരികെപ്പിടിക്കാനാകും യുവന്റസ് ശ്രമിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകവരത്തി ലീഗിൽ വമ്പൻ ജയവുമായി റിഥം, അബൂഷാബിനു റെക്കോഡ്
Next articleസെമി സാധ്യത വര്‍ദ്ധിപ്പിച്ച് ദക്ഷിണാഫ്രിക്ക,ശ്രീലങ്കയ്ക്കെതിരെ 8 വിക്കറ്റ് വിജയം