ഡൈബലക്കു ഇരട്ട ഗോൾ, യുവന്റസിന് ജയം

- Advertisement -

കോപ്പ ഇറ്റാലിയ ആദ്യ പാദ മത്സരത്തിൽ നാപോളിക്കെതിരെ യുവന്റസിന് 3- 1 ന്റെ വിജയം.  ആദ്യ പകുതിയിൽ ഒരു ഗോളിന്  പിറകിൽ നിന്നതിനു ശേഷമാണു 3 ഗോൾ തിരിച്ചടിച്ചു യുവന്റസ് മത്സരം വിജയിച്ചത്. യുവന്റസിന് വേണ്ടി അർജന്റീന താരം  ഡൈബല രണ്ടു ഗോൾ നേടി. പെനാൽറ്റിയിലൂടെ ആയിരുന്നു ഡൈബലയുടെ രണ്ടു ഗോളുകളും.

കളിയുടെ 36 മിനുട്ടിൽ ജോസെ കാജിഹൂൻ നാപ്പോളിക്കു അപ്രതീക്ഷിത ലീഡ് നൽകി. മികച്ച ഒരു ടീം ഗോളിലൂടെ ആദ്യമായി യുവന്റസ് മൈതാനത്തു ലീഡ് നേടാൻ നാപ്പോളിക്കായി. എന്നാൽ രണ്ടാം പകുതിയിൽ ക്യൂഡാർഡോയെ ഇറക്കി ആക്രമണം ശക്തമാക്കിയ യുവന്റസ് 47 മിനുറ്റിൽ തന്നെ സമനില നേടി. ഡൈബലയെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽറ്റി  ഡൈബല തന്നെ ഗോളാക്കി മാറ്റുകയായിരുന്നു. 64 മിനുറ്റിൽ ക്യൂഡാർഡോയുടെ കോർണർ കിക്ക്‌ കൈ പിടിയിൽ ഒതുക്കുന്നതിൽ വീഴ്ച്ച വരുത്തിയ നാപ്പോളി ഗോൾ കീപ്പർ റെയ്‌ന യുവന്റസിന് രണ്ടാം ഗോളിലേക്കുള്ള വഴി തുറന്നു കൊടുത്തു.  തുറന്ന പോസ്റ്റിലേക്ക് ആസാധ്യമായ ആംഗിളിൽ നിന്ന്  ഹിഗ്വയിൻ  ഗോളാക്കി മാറ്റുകയായിരുന്നു.

യുവന്റസിന്റെ മൂന്നാമത്തെ ഗോൾ വിവാദങ്ങളുടേതായി. നാപ്പോളി താരം റൗൾ ആൽബിയോളിനെ യുവന്റസ് പെനാൽറ്റി ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിനു നാപ്പോളി താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല. തുടർന്ന് യുവന്റസ് നടത്തിയ കൌണ്ടർ അറ്റാക്കിങ് അവർക്കു അനുകൂലമായ രണ്ടാമത്തെ പെനാൽറ്റിയിൽ അവസാനിക്കുകയായിരുന്നു. നാപ്പോളി ഗോൾ കീപ്പർ പെപ് റെയ്ന ക്യൂഡാർഡോയെ ഫൗൾ ചെയ്തതിനു ആണ് റഫറി യുവന്റസിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. എന്നാൽ പെപ് റെയ്ന പന്ത് കിട്ടിയതിനു ശേഷമാണു ക്യൂഡാർഡോയെ ഫൗൾ ചെയ്തത് എന്ന് നാപ്പോളി താരങ്ങൾ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. പെനാൽറ്റി കിക്ക്‌ എടുത്ത ഡൈബല യുവന്റസിന് രണ്ടു ഗോളിന്റെ ലീഡ് നേടി കൊടുത്തു.

രണ്ടാം പാദം അടുത്ത ചൊവ്വാഴ്‌ച നാപ്പോളിയുടെ മൈതാനത്തു നടക്കും.

 

Advertisement