ഇമ്മൊബിലിന്റെ ഗോളടി ലാസിയോയിൽ തുടരും

ഈ സീസണിൽ സെരി എയിൽ ഗോളടിച്ചുകൂട്ടിയ സിറോ ഇമ്മൊബിലിന് ലാസിയോയിൽ പുതിയ കരാർ. ഇമ്മൊബിലിന് അഞ്ച് വർഷത്തെ പുതിയ കരാറാണ് സെരി എ ക്ലബ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം 30കാരനായ ഇമ്മൊബിലെ 2025 വരെ ലാസിയോയിൽ തുടരും. തന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ പൂർത്തിയാക്കിയ ഇമ്മൊബിലിനെ സ്വന്തമാക്കാൻ യൂറോപ്പിൽ നിന്നുള്ള നിരവധി ക്ലബുകൾ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ തന്റെ 35 ആം വയസ്സ് വരെ ലാസിയോയിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. 2019-20 സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 9 അസിസ്റ്റുകളുമായി യൂറോപ്യൻ ഗോൾഡൻ ഷു ഇമ്മൊബിലെ സ്വന്തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ സീസണിൽ ഒരു സീസണിൽ കൂടുതൽ ഗോളുകൾ നേടിയ ഹിഗ്വയിന്റെ റെക്കോർഡും ഇമ്മൊബിലെ സ്വന്തമാക്കിയിരുന്നു.