35 മത്തെ ജന്മദിനം ഇരട്ടഗോളുകൾ നേടി ആഘോഷിച്ചു ബൊനൂച്ചി, ജയവുമായി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ അവസാന സ്ഥാനക്കാരായ വെനസിയയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചു നാലാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു യുവന്റസ്. തന്റെ 35 മത്തെ ജന്മദിനത്തിൽ ഇരട്ടഗോളുകൾ നേടിയ പ്രതിരോധനിര താരം ലിയണാർഡോ ബൊനൂച്ചിയുടെ മികവിൽ ആണ് യുവന്റസ് ജയം കണ്ടത്. യുവന്റസിനു എതിരെ നന്നായി പൊരുതി നിൽക്കുന്ന വെനസിയയെ ആണ് മത്സരത്തിൽ കാണാൻ ആയത്.

മത്സരത്തിൽ ഏഴാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരം ഡി ലിറ്റ് മറിച്ച് നൽകിയപ്പോൾ പോസ്റ്റിലേക്ക് എത്തിക്കേണ്ട ജോലിയെ ബൊനൂച്ചിക്ക് ഉണ്ടായിരുന്നുള്ളു. രണ്ടാം പകുതിയിൽ പക്ഷെ അവസാന സ്ഥാനക്കാർ ഗോൾ തിരിച്ചടിച്ചു. പെരറ്റ്സിന്റെ പാസിൽ നിന്നും മികച്ച ഒരു ഹാഫ് വോളിയിലൂടെ മാറ്റിയ അരാമു ആണ് അവർക്ക് സമനില സമ്മാനിച്ചത്. എന്നാൽ 5 മിനിറ്റിനുള്ളിൽ യുവന്റസ് ഗോൾ തിരിച്ചടിച്ചു. ഇത്തവണ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ബൊനൂച്ചി തന്റെ രണ്ടാം ഗോൾ നേടി ടീമിന് ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ മൂന്നാമതുള്ള നാപോളിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ നാലാമതാണ് യുവന്റസ്.