അലെഗ്രിയുടെ അവസാന മത്സരത്തിൽ തോറ്റ് യുവന്റസ്

യുവന്റസിന്റെ സീസണ് നിരാശയോടെ അവസാനം. ഇന്മ് സീരി എയിലെ അവസാന മത്സരത്തിൽ സാമ്പ്ഡോറിയയോട് യുവന്റസ് പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെട്ടത്. പരിശീലകൻ അലെഗ്രിയുടെ അവസാന മത്സരമായിരുന്നു ഇത്. അഞ്ച് വർഷമായി യുവന്റസിനെ പരിശീലിപ്പിക്കുന്ന അലെഗ്രി ഈ സീസണോടെ യുവന്റ്സുമായി പിരിയുകയാണ്.

റൊണാൾഡോയ്ക്ക് വിശ്രമം നൽകികൊണ്ട് ഇറങ്ങിയ യുവന്റസ് കളിയുടെ അവസാന മിനുറ്റുകളിൽ വഴങ്ങിയ ഗോളുകൾക്കാണ് പരാജയപ്പെട്ടത്. 84ആം മിനുട്ടിലും 90ആം മിനുട്ടിലും ആയിരുന്നു സാമ്പ്ഡോറിയയുടെ ഗോളുകൾ. നേരത്തെ തന്നെ ലീഗ് കിരീടം ഉറപ്പിച്ചതിനാൽ ഈ പരാജയം യുവന്റസിനെ ബാധിക്കുകയില്ല. 38 മത്സരത്തിൽ നിന്ന് 90 പോയിന്റുമായാണ് യുവന്റസ് ലീഗ് അവസാനിപ്പിച്ചത്. രണ്ടാമതുള്ള നാപോളി 79 പോയിന്റുമായും സീസൺ അവസാനിപ്പിച്ചു.